Advertisement

പെട്രോ കെമിക്കല്‍ വ്യവസായങ്ങള്‍ കൊച്ചിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി

January 27, 2019
0 minutes Read

ബിപിസിഎല്ലിലെ ഐആര്‍ഇപി പദ്ധതി കൊച്ചിയുടെ വ്യവസായ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതാണെന്നും പെട്രോ കെമിക്കല്‍ വ്യവസായങ്ങള്‍ കൂടുതലായി കൊച്ചിയിലേക്കെത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൊച്ചി റിഫൈനറിയില്‍ ബിപിസിഎല്ലിന്റെ ഐ.ആര്‍.ഇ.പി. പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രണ്ടു വര്‍ഷത്തിനിടെ രാജ്യത്തെ ആറു കോടിയോളം വരുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് പാചകവാതക കണക്ഷന്‍ നല്‍കാനായതായി മോദി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ഗവര്‍ണര്‍ പി.സദാശിവം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പൊതുമേഖലയെ ശക്തിപ്പെടുത്താന്‍ സംസ്ഥാനം മുന്‍കയ്യെടുത്തെന്നും പദ്ധതികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നികുതി ഇളവടക്കം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉച്ചയ്ക്ക് 2 മണിയോടെ കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ എത്തിയ മോദി തുടര്‍ന്ന് ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗമാണ് കൊച്ചി റിഫൈനറിയിലെത്തിയത്.

ഉദ്ഘാടന ചടങ്ങ് നേരത്തെ തീരുമാനിച്ചതിലും 10 മിനുട്ട് വൈകിയാണ് തുടങ്ങിയത്. റിഫൈനറിയിലെ ചടങ്ങിനു ശേഷം പ്രധാനമന്ത്രി ഹെലിക്കോപ്റ്ററില്‍ തൃശ്ശൂരിലേക്കു തിരിച്ചു. തൃശ്ശൂരില്‍ തേക്കിന്‍കാട് മൈതാനത്തെ യുവമോര്‍ച്ച പരിപാടിയില്‍ പങ്കെടുത്ത ശേഷം കൊച്ചിയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി തുടര്‍ന്ന് ദില്ലിക്ക് തിരിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top