നഴ്സിനെ മാനസികമായി പീഡിപ്പിച്ചെന്ന പരാതി; മെഡിക്കല്‍ കോളേജിലെ ഡോക്ടറെ സ്ഥലം മാറ്റി

തിരുവനന്തപുരം: നഴ്സിനെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കോട്ടയം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗം മേധാവി ഡോ ജോണ്‍ എസ് കുര്യനെ സ്ഥലം മാറ്റി. ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജില്‍ ജീവനക്കാര്‍ സമരം നടത്തിയിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അടിയന്തര അന്വേഷണത്തിന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റം. ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ശരീരത്തില്‍ ട്രേ വെച്ചു എന്നാരോപിച്ച് ഡോക്ടര്‍ നഴ്സിനെ മാനസികമായി പീഡിപ്പിച്ചതായി ആരോപണമുയര്‍ന്നത്.
കഴിഞ്ഞ തിങ്കളാഴ്ച സര്‍ജറി വിഭാഗം ഐ.സി.യു.വില്‍ വെച്ചായിരുന്നു നടപടിക്ക് ആസ്പദമായ സംഭവമുണ്ടായത്. നഴ്സ് രോഗിയുടെ ശരീരത്തില്‍ ട്രേ വെച്ചെന്നായിരുന്നു ആരോപണം. തുടര്‍ന്ന് നഴ്സിനെ രോഗി കിടന്നതുപോലെ കിടത്തിയ ശേഷം ട്രേ കാലില്‍ വെച്ച് റൌണ്ട്സ് കഴിയുന്നതുവരെ അതേ സ്ഥിതിയില്‍ തുടരാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
Read Also: മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഖം തിരിച്ച് ചൈന
ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ മുതല്‍ നേഴ്സുമാരും ജീവനക്കാരും സമരം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഡോക്ടര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നുകാട്ടി നഴ്സ് ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഡോക്ടര്‍ക്കെതിരെ ഉണ്ടായില്ലെന്ന് നഴ്സ് ആരോപിച്ചു. തുടര്‍ന്നാണ് നഴ്സുമാരുടെ നേതൃത്വത്തില്‍ ഡോക്ടര്‍ക്കെതിരെ പ്രതിഷേധം നടത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ആരോഗ്യ മന്ത്രി കെ കെ ശൈലജ അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയുമായിരുന്നു.
മൂന്ന് മണിക്കൂറോളം ചര്‍ച്ച നടത്തിയശേഷമാണ് ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായാണ് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. അതേ സമയം മൂന്ന് കിലോയോളം ഭാരമുള്ള ട്രേ രോഗിയുടെ ശരീരത്തില്‍ വെച്ചതിനാണ് നഴ്സിനെതിരെ ശിക്ഷാനടപടിയെടുത്തതെന്ന് ഡോക്ടര്‍ പറഞ്ഞു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാനും ഡോക്ടര്‍ സന്നദ്ധത അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here