ബാല നീതി നിയമ ഭേദഗതി ബില്‍ സഭ പാസാക്കി. കുറ്റകൃത്യങ്ങളുടെ ഗൗരവം അനുസരിച്ച് 7 വര്‍ഷംവരെ ശിക്ഷ.

16 നും 18 നും ഇടയില്‍ പ്രായമുള്ള, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കൗമാരക്കാരെ മുതിര്‍ന്നവരെപ്പോലെ പരിഗണിക്കാനും 7 വര്‍ഷംവരെ തടവുശിക്ഷ വിധിക്കാനും വ്യവസ്ഥ ചെയ്യുന്ന ബാല നീതി നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. ലോക്‌സഭ ഇത് നേരത്തെ പാസാക്കിയിരുന്നു. ഇനി രാഷ്ട്രപതി ഒപ്പിടുന്നതോടെ ബില്‍ പാസാകും.
സി.പി.എം. അംഗങ്ങള്‍ ഇറങ്ങിപ്പോയതിന് ശേഷം ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. ബില്‍ രാജ്യസഭയുടെ സെലക്ട് സമിതിക്ക് വിടണമെന്ന് ചര്‍ച്ചയില്‍ സി.പി.എം., എന്‍.സി.പി., ഡി.എം.കെ. അംഗങ്ങള്‍ ആവശ്യപ്പെട്ടു. സി.പി.എം. ഈ ആവശ്യം ആവര്‍ത്തിച്ചുന്നയിച്ചിട്ടും നിരസിച്ചതോടെ സി.പി.എം. അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. ബി.ജെ.പി., ശിവസേന അംഗങ്ങള്‍ മാത്രമാണ് കേന്ദ്ര വനിത – ശിശുക്ഷേമ മന്ത്രി അവതരിപ്പിച്ച ബില്ലിനെ പൂര്‍ണ്ണമായി അനുകൂലിച്ചത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ബാലനീതി നിയമം ഭേദഗതി ചെയ്ത് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഡല്‍ഹി കൂട്ട ബലാത്സംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളിയെ ബാലനീതി നിയമ പ്രകാരം 3 വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ശിക്ഷാകാലാവധിക്കുശേഷം ഇയാള്‍ പുറത്തിറങ്ങുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയും നിലവിലുള്ള നിയമം ഇയാളെ മോചിപ്പിക്കുന്നതിനെ തടയാന്‍ അപര്യാപ്തമാണെന്ന് കോടതി പറയുകയും ചെയ്തതോടെ നിയമ ഭേദഗതി ബില്‍ എത്രയും പെട്ടന്ന് പാസാക്കാന്‍ പാര്‍ലമെന്റ് തീരുമാനിച്ചു. ബില്ലിന് മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കില്ല.
ബില്ലിലെ പ്രധാന വ്യവസ്ഥകള്‍.
- പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ജീവപര്യന്തം, വധശിക്ഷ എന്നിവയില്‍നിന്ന് സംരക്ഷണം ഉറപ്പ് വരുത്തുന്നു.
- വിദഗ്ധ സമിതി കുറ്റത്തിന്റെ ഗൗരവം പരിശോധിക്കും. കുട്ടി കുറ്റം ചെയ്തത് കുട്ടിത്തംകൊണ്ടോ അതോ മുതിര്‍ന്നവര്‍ക്ക് തുല്യമായ മാനസികാവസ്ഥയിലോ എന്ന് പരിശോധിക്കും.
- മുതിര്‍ന്നവരുടെ ജയിലിലേക്ക് പോകണമെന്ന് കോടതി വിധിച്ചാലും കുട്ടികള്‍ക്ക് അപ്പീല്‍ നല്‍കാം.
- ജയിലിലേക്കയച്ചാലും 21 വയസ്സ് വരെ പ്രത്യേക പരിപാലന കേന്ദ്രത്തില്‍, ശേഷം വിലയിരുത്തല്‍.
- എല്ലാ ജില്ലകളിലും ബാലനീതി ബോര്‍ഡുകളും ശിശുക്ഷേമ സമിതികളും ഉണ്ടാകണം. ശിശുക്ഷേമ സമിതിയില്‍ ചെയര്‍പേഴ്‌സണും നാല് അംഗങ്ങളും ഉണ്ടാകണം.
- സമിതിയില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന.
- അനാഥാലയങ്ങള്‍ ശിശുക്ഷേമ സമിതിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിയ്ക്കണം.
- കുട്ടികളെ ഉപേക്ഷിക്കുന്നതും അവഗണിക്കുന്നതും മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റം.
- കുട്ടികളെക്കൊണ്ട് ജോലി എടുപ്പിക്കല്‍ ബാല ഭിക്ഷാടനം എന്നിവ 5 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം.
- കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കിയാല്‍ 7 വര്‍ഷംവരെ തടവ്. കുട്ടികളെ വില്‍ക്കുന്നതിന് 5 വര്‍ഷം വരെ തടവ്.
- വിവാഹം കഴിക്കാത്തവര്‍ക്കും വിവാഹമോചനം നേടിയവര്‍ക്കും ദത്തെടുക്കാം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here