ഇന്ന് ലോക വന ദിനം.

ജിതിരാജ്
കൊടും ചൂടും വരള്‍ച്ചയും ! സര്‍വ്വരും പഴിക്കാറുണ്ട് സൂര്യനെ. എന്നാല്‍ പഴിക്കേണ്ടത് നമ്മെ തന്നെ അല്ലേ…
ഈ കാലാവസ്ഥാ മാറ്റത്തിന്റെ ഒരു കാരണം ചോര്‍ന്നുപോയിക്കൊണ്ടിരിക്കുന്ന വനസമ്പത്താണ്. ഇത് പെട്ടന്ന് സംഭവിച്ചതല്ല,
കാലങ്ങളായുള്ള വനനശീകരണവും വന ചൂഷണവും വരുത്തിവെച്ചതാണ്.
ഈ കാലാവസ്ഥാ മാറ്റം ജലത്തിന്റെ ഒഴുക്കിലും ജല വിഭവങ്ങളുടെ ലഭ്യതയിലും വനം വഹിക്കുന്ന പങ്കില്‍ മാറ്റം വരുത്തുന്നുണ്ട്. ലോകത്തിന്റെ മൂന്നിലൊരു ഭാഗമായ നഗരങ്ങളിലേക്ക് ശുദ്ധ ജലം ലഭ്യമാക്കുന്നതും സംരക്ഷിക്കപ്പെട്ട വനമേഖലകളില്‍ നിന്നാണ്.
ലോകത്തില്‍, 10 ല്‍ 8 പേരാണ് ജലക്ഷാമം നേരിടുന്നത്. പരസ്പര പൂരകങ്ങളായ ജലത്തിന്റെയും വനത്തിന്റെയും സംരക്ഷണം ലക്ഷ്യംവെച്ചുള്ളതാണ് ഈ വര്‍ഷത്തെ വനദിന ആഘോഷങ്ങള്‍. മാര്‍ച്ച് 21 ന് വനദിനം, 22 ന് ജലദിനം. ‘വനവും ജലവും ജീവനും ഉപജീവനവും നിലനിര്‍ത്തുക’ എന്നതാണ് ഈ ആഘോഷത്തിന്റെ മുദ്രാവാക്യം. ശുദ്ധ ജല ലഭ്യതയിലെ മരങ്ങളുടേയും വനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം.
ഭൂമിയുടെ മൂന്നില്‍ ഒരു ഭാഗം വനമാണ്. ജൈവ വൈവിധ്യത്തിന്റെ കലവറയായ ഈ ഭൂഭാഗമാണ് ഭൂമിയെ മനുഷ്യവാസ യോഗ്യമാക്കുന്നതിലെ മുഖ്യ ഘടകം. മണ്ണിനെ ജൈവ സമ്പുഷ്ടവും ഭൂമിയെ ജല സമ്പന്നവുമാക്കുന്നതില്‍ വനത്തിന്റെ പങ്ക് ഇന്നത്തെ വരണ്ടുണങ്ങിയ മണ്ണ് തന്നെ കാണിച്ചു തരുന്നുണ്ട്.
ഭൗമോപരിതലത്തിലെ 80% ജീവി വര്‍ഗ്ഗങ്ങളുടെയും സസ്യങ്ങളുടേയും ആവാസ കേന്ദ്രമാണ് വനം. അനേകം മനുഷ്യ ഗോത്രങ്ങളും ജീവനും ഉപജീവനത്തിനുമായി കാടിനെ ആശ്രയിക്കുന്നു. ഒരോ വര്‍ഷവും 13 മില്യണ്‍ ഹെക്ടര്‍ വനങ്ങളാണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. വന നശീകരണമാണ് 12 മുതല്‍ 20 ശതമാനം വരെ ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളലിനും അതുവഴി കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നത്. ഇതോടെ നശിക്കുന്നത് വനം മാത്രമല്ല ജലസംഭരണികള്‍ കൂടിയാണ്. വനം നശിക്കുന്നതോടെ ഭൂഗര്‍ഭ ജല സംഭണരവും നിലക്കും.
സംരക്ഷിക്കാം വനവും അതുവഴി ജലവും.
ഇത് നിങ്ങള്‍ക്കറിയാമോ
- നീര്‍ത്തടങ്ങളില്‍ നിന്നും ചതുപ്പില്‍നിന്നും 75 % ശതമാനത്തോളം ശുദ്ധജലം ലഭിക്കുന്നു.
- ലോകത്തിന്റെ മൂന്നിലൊരു ഭാഗമായ നഗരങ്ങളിലേക്ക് ശുദ്ധ ജലം ലഭ്യമാക്കുന്നത് സംരക്ഷിക്കപ്പെട്ട വനമേഖലകളില്‍ നിന്നാണ്.
- ലോകത്തിന്റെ മൊത്തം ജനസംഖ്യയുടെ 80% അഥവാ 10 ല്‍ 8 പേര്‍ ജലക്ഷാമം നേരിടുന്നു.
- മെച്ചപ്പെട്ട ജലവിനിയോഗം സാമ്പത്തിക നേട്ടങ്ങള്‍ക്ക് കാരണമാകുന്നു.
- ജലത്തിന്റെ ഒഴുക്കിലും ജല വിഭവങ്ങളുടെ ലഭ്യതയിലും വനത്തിന്റെ പങ്കില്‍ കാലാവസ്ഥാ വ്യതിയാനം മാറ്റം വരുത്തുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here