Advertisement

മുഖ്യമന്ത്രിയുടെ പിഴവ് കേസ് ; സാംകുട്ടിക്ക് സൗജന്യ നിയമ സഹായം

May 10, 2016
1 minute Read

മുഖ്യമന്ത്രിയുടെ ഓഫീസിനു സംഭവിച്ച പിഴവിനെ തുടർന്ന് വെള്ളറട വില്ലേജ് ഓഫീസ് തീയിടുന്ന അവസ്ഥ ഉണ്ടായ കേസ്സിൽ ജയിലിൽ കഴിയുന്ന സാംകുട്ടിക്ക് സൗജന്യ നിയമ സഹായം നൽകുന്നു. ട്വന്റിഫോർ ന്യൂസ്സിന്റെയും ഫ്‌ളവേഴ്‌സ് ടി.വി. യുടെയും ഇടപെടലിനെ തുടർന്നാണ് സാംകുട്ടിക്ക് സൗജന്യ നിയമ സഹായം ലഭ്യമായത്. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ എം. ആർ. രാജേന്ദ്രൻ നായർ നേതൃത്വം നല്കുന്ന ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്‌മെൻറ് ആണ് സാംകുട്ടിയ്ക്കും കുടുംബത്തിനും സംഘടനാ പിന്തുണയും, സൗജന്യ നിയമ സഹായവും വാഗ്ദാനം ചെയ്തിരിക്കുന്നത്.

”വെള്ളറട വില്ലേജ് ഓഫീസിനു തീയിട്ടു എന്ന കുറ്റത്തിനു ജയിലിൽ കഴിയുന്ന സാം കുട്ടിയുടെ ഭാര്യയും മകനും ഫ്ളവേഴ്സ് ടി വി യിലെ ശ്രീകണ്ഠൻ നായർ ഷോയുടെ ഷൂട്ടിംഗിനിടെ ബന്ധപ്പെട്ട രേഖകൾ എന്നെ കാണിച്ചു. 1991 വരെ സാംകുട്ടിയുടെ പേരിൽ കരം തീരുവ ഉണ്ടായിരുന്ന ഭൂമി പിന്നീട് റീ സർവ്വേയിൽ സർക്കാർ ഭൂമിയായി കാണിച്ച കൈത്തെറ്റാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം എന്നു മനസ്സിലാക്കുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു പകരം കഴിഞ്ഞ അഞ്ചു വർഷക്കാലമായി വില്ലേജ് ഓഫീസു മുതൽ മുഖ്യമന്ത്രിയുടെ ഓഫീസു വരെ കയറി ഇറങ്ങിയ സാംകുട്ടിയുടെ പ്രശ്‌നമെന്താണ് എന്നു മനസ്സിലാക്കാൻ ഉദ്യോഗസ്ഥന്മാർക്കോ , മന്ത്രി സമിതിക്കൊ കഴിഞ്ഞില്ല.” രേഖകൾ പരിശോധിക്കുകയായിരുന്നു അഡ്വ. എം.ആർ. രാജേന്ദ്രൻ നായർ.


”കരമടയ്ക്കാൻ അപേക്ഷ കൊടുത്ത സാംകുട്ടിയെ കാരുണ്യപൂർവ്വം ഭൂരഹിതരുടെ പട്ടികയിൽ ഉൾപ്പെടുത്തി അവഹേളിക്കുക കൂടി ചെയ്തു മുഖ്യന്റെ ജനസമ്പർക്കത്തിൽ. ഇരുട്ടിൽ തപ്പുന്നവർക്കു വെളിച്ചമുണ്ടാക്കാൻ തീ കത്തിച്ചു കാണിക്കുക മാത്രമേ സാംകുട്ടിയ്ക്കു പോംവഴിയുണ്ടായിരുന്നുള്ളൂ!” എന്നാൽ നിയമത്തിന്റെ വലക്കണ്ണികൾ ഭേദിക്കാൻ സാംകുട്ടിയ്ക്കു എളുപ്പമല്ലന്ന് കൂടി അദ്ദേഹം നിരീക്ഷിക്കുന്നു.

” സാംകുട്ടി ചെയ്തത് ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണ്. ശിക്ഷിക്കട്ടെ! നിയമം കയ്യിലെടുക്കാൻ പാടില്ല. പ്രത്യേകിച്ച് പാവപ്പെട്ടവൻ. 120B കൂടി ചേർത്ത് കുടുംബാംഗങ്ങളെ മുഴുവൻ ജയിലിലാക്കിയാൽ ഏറെ നന്നായിരിക്കും. ഒപ്പം തെറ്റായ ഭരണനിർവഹണ നടപടിയിലൂടെ സാംകുട്ടിയ്ക്കും കുടുംബത്തിനും വന്ന എല്ലാ കഷ്ട നഷ്ടങ്ങൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരും സർക്കാരും കോടതിയിൽ സമാധാനം പറയേണ്ടി വരും ! മുഖ്യമന്ത്രിയും മറ്റും ജനകീയ കോടതിയിൽ സമാധാനം പറയട്ടെ.” ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്‌മെൻറ് ഉടൻ തന്നെ സാംകുട്ടിയുടെ കേസ് ഏറ്റെടുത്തു കഴിഞ്ഞു.

നിയമ നടപടികളുടെ ആദ്യ ഘട്ടത്തിൽ സാംകുട്ടിയ്ക്കു വേണ്ടി ജാമ്യാപേക്ഷ നല്കി. നാളെ കേസ് ബെഞ്ചിൽ എത്തിയേക്കും. മജിസ്ട്രെട്റ്റ് കോടതിയിൽ നിന്നും ജാമ്യം ലഭിക്കാത്ത പക്ഷം മേൽകോടതികളിൽ അപേക്ഷ നല്കാനുള്ള സജ്ജീകരണങ്ങൾ ചെയ്തു കഴിഞ്ഞതായി അഡ്വ. എം.ആർ. രാജേന്ദ്രൻ നായർ ട്വന്റിഫോർ ന്യൂസ്സിനോട് പറഞ്ഞു. അതിനു ശേഷം സാംകുട്ടിയുടെ വസ്തു സംബന്ധമായ പരാതി നല്കും. കൃത്യ നിർവഹണത്തിൽ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥരെ ആകെ നിയമത്തിനു മുന്നിൽ എത്തിക്കുമെന്ന് അഡ്വ. എം.ആർ. രാജേന്ദ്രൻ നായർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top