ഇന്ത്യയുടെ ഷെക്കോവ് – ആർ കെ നാരായൺ

മാൽഗുഡി എന്ന ഫിക്ഷണൽ ഗ്രാമത്തെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ പ്രിയപ്പെട്ട ഗ്രാമമാക്കിയ എഴുത്തുകാരൻ. മുൽക് രാജ് ആനന്ദിനും, രാജാ റാവോയ്ക്കും പിന്നാലെ, ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് ജനങ്ങളുടെ ശ്രദ്ധയാകർഷിച്ചത് ആർ കെ നാരായണിന്റെ മാൽഗുടി ഡേയ്സാണ്.
1906 ഒക്ടോബർ 10 ന് ജനിച്ച രസിപുരം കൃഷ്ണസ്വാമി അയ്യർ നാരായണസ്വാമി എന്ന ആർ കെ നാരായണിന്റെ ആദ്യ പുസ്തകം 1935 ൽ പ്രസിദ്ധീകരിച്ച ‘സ്വാമി ആന്റ് ഫ്രണ്ട്സ്’ ആണ്. ‘എ ഹോഴ്സ് ആന്റ് ടൂ ഗോട്ട്സ്’ വരെ എത്തി നിൽക്കുന്ന, നോൺ ഫിക്ഷൻ, ഫിക്ഷനും ഉൾപെടെ, 40 ഓളം രചനകളാണ് അദ്ദേഹം സാഹിത്യ ലോകത്തിന് സംഭാവന ചെയ്തത്. അദ്ദേഹത്തിന്റെ ‘മർട്ടയേഴ്സ് കോർണർ’ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ കഥയായിരുന്നു.
ജീവിതത്തെ പകർത്തുന്നതിൽ അദ്ദേഹം പുലർത്തുന്ന യാഥാർത്യ ബോധമാണ് ആർ കെ രചനകളെ വേറിട്ട് നിർത്തുന്നത്്. ബ്രിട്ടീഷുകാർ അവശേഷിപ്പിച്ച സാംസ്കാരിക ജീവിത രീതികൾ ഒരു ശരാശരി ഇന്ത്യൻ ഗ്രാമത്തെ എങ്ങനെ ബാധിക്കും എന്നതിന്റെ നേർ വിവരണങ്ങൾ കൂടിയാണ് മാൽഗുഡി ഡേയ്സ് ഉൾപ്പെടെയുള്ള രചനകൾ. അത് കൊണ്ട് തന്നെ പോസ്റ്റ് കഒളോണിയൽ റൈറ്റർ എന്ന വിശേഷണത്തിലാണ് അദ്ദേഹം അറിയപ്പെട്ടത്. നിത്യജീവിതത്തിൽ വന്നു ചേരാവുന്ന സംഭവ വികാസങ്ങളിലൂടെയായിരുന്നു ആർ കെ നാരായാണൻ കഥകളുടെ സഞ്ചാരം. സ്വാഭാവിക നർമ്മം ഏറെയുള്ള ഈ കഥകൾ എല്ലാ പ്രായത്തിലുള്ളവരുടെയും പുസ്തക ശേഖരത്തിൽ ഇടം പിടിച്ചു.
ഇന്ത്യയുടെ ഷെക്കോവ് എന്ന് നിരൂപകർ വാഴ്ത്തുന്ന അദ്ദേഹത്തിന്റെ മാൽഗുഡി ഡേയ്സ് ആണ് ഏറെ പ്രശസ്തം. മാൽഗുഡി എന്ന കഥ അദ്ദേഹം എഴുതുമ്പോൾ ആദ്യം മനസ്സിലുണ്ടായിരുന്നത് റെയിൽവേ സ്റ്റേഷനായിരുന്നു. മാൽഗുഡി എന്ന ഗ്രാമത്തിന് വിശ്വാസ്യതയേകാൻ അദ്ദേഹം തന്നെ അതിനൊരു ചരിത്രവും സൃഷ്ടിക്കുകയായിരുന്നു.
സാഹിത്യ അക്കാദമി അവാർഡ്, പത്മ ഭൂഷൻ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നിരവധി തവണ നൊബേൽ പുരസ്കാരത്തിന് ഇന്ത്യയിൽ നിന്നും നാമ നിർദേശം ചെയ്യപ്പെട്ടിട്ടുള്ള എഴുത്തുകാരൻ കൂടിയാണ് അദ്ദേഹം. പ്രശസ്ത കാർട്ടൂണിസ്റ്റ് ആർ കെ ലക്ഷമൺ അദ്ദേഹത്തിന്റെ സഹോദരനാണ്. 2001 മെയ് 13 ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here