Advertisement

‘മലപ്ര’ത്തെ മന്ത്രിമാർ വോട്ടുതേടുന്നു

May 15, 2016
0 minutes Read

മലപ്പുറം മന്ത്രിമാർക്ക് വാർത്തയ്ക്ക് പഞ്ഞമില്ല, വോട്ടിനും. 5 പേരാണ് മലപ്പുറത്തുനിന്ന് യുഡിഎഫ് മന്ത്രിസഭയിലുള്ളത്. ലീഗിന്റെ കുഞ്ഞാലിക്കുട്ടി മുതൽ മഞ്ഞളാംകുഴി അലി വരെയും കോൺഗ്രസിന്റെ എ പി അനിൽകുമാറും ആര്യാടൻ മുഹമ്മദും അടക്കം മലപ്പുറത്ത് നിന്ന് മത്സരിച്ച് മന്ത്രിസഭയിലെത്തി. ഇവരിൽ നാല് പേർ ഇത്തവണയും മലപ്പുറത്തുനിന്നുതന്നെയാണ് മത്സരിക്കുന്നത്. എന്നാൽ കഴിഞ്ഞ തവണ മലപ്പുറത്തെ നിലമ്പൂരിൽ നിന്ന് മത്സരിച്ച ആര്യാടൻ ഇത്തവണ മത്സരരംഗത്തുനിന്ന് വിട്ട് നിൽക്കുകയാണ്. പകരം നിലമ്പൂരിൽ നിന്ന് ജനവിധി തേടുന്നത് മകൻ ആര്യാടൻ ഷൗക്കത്താണ്.

ലീഗിന്റെ ഉരുക്കുകോട്ടയായ വേങ്ങരയിൽനിന്നാണ് വ്യവസായ വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ മത്സരം. 2011 ൽ 38237 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇടത് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസമുണ്ട് ഇത്തവണ കുഞ്ഞാലിക്കുട്ടിയ്ക്ക്. 63.53 ശതമാനം വോട്ടാണ് അന്ന് കുഞ്ഞാലിക്കുട്ടി സ്വന്തമാക്കിയത്. മലപ്പുറം ജില്ലയിൽ ഏറ്റവും ഭൂരിപക്ഷം നേടി വിജയിച്ചതും കുഞ്ഞാലിക്കുട്ടിയായിരുന്നു.

ഇത്തവണ ഇടത് സ്ഥാനാർത്ഥിയായ അഡ്വ. പി.പി. ബഷീറാണ് വേങ്ങരയിൽ ലീഗിന്റെ പ്രധാന എതിരാളി. 2006 ൽ കുറ്റിപ്പുറം മണ്ഡലത്തിൽ തോറ്റതൊഴിച്ചാൽ പരാജയങ്ങൾ അതികം രുചിച്ചിട്ടില്ലാത്ത കുഞ്ഞാലിക്കുട്ടിയ്ക്ക് ശക്തമായ വെല്ലുവിളിയാകാൻ പി.പി.ബഷീറിന് കഴിയുന്നുണ്ടോ എന്ന് സംശയം. 2006 ൽ കുറ്റിപ്പുറം മണ്ഡലത്തിൽനിന്ന് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി കെടി ജലീലിനോടാണ് കുഞ്ഞാലിക്കുട്ടി പരാജയപ്പെട്ടത്.

പെരിന്തൽമണ്ണ നിയോജക മണ്ഡലം സ്ഥാനാർത്ഥിയായ മഞ്ഞളാംകുഴി അലിയുടെ നാലാം അങ്കമാണ് ഇത്. പെരിന്തൽമണ്ണ മണ്ഡത്തിലെ സിറ്റിങ് എംഎൽഎ കൂടിയാണ് നഗര വികസന ന്യൂനപക്ഷ ക്ഷേമ മന്ത്രി, അലി. ഇടതുസ്ഥാനാർത്ഥി വി. ശശികുമാറാണ് പ്രധാന എതിരാളി. 2011 ലെ തെരഞ്ഞെടുപ്പിലും ശശികുമാർ തന്നെയായിരുന്നു അലിക്കെതിരെ മത്സരിച്ചത്. അന്ന് 9589 വോട്ടുകൾക്കാണ് അലി ജയിച്ചുകയറിയത്. 2001, 2006 തെരഞ്ഞെടുപ്പുകളിൽ ഇടതുസ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന അലി 2011 ലെ തെരഞ്ഞെടുപ്പിൽ പാർട്ടി വിട്ട് ലീഗിൽ ചേരുകയായിരുന്നു.

തിരൂരങ്ങാടി മണ്ഡലത്തിൽ നിന്ന് മത്സരിച്ച വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബാണ് മലപ്പുറത്തുനിന്നുള്ള മറ്റൊരു മന്ത്രി. സിറ്റിങ്ങ് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹവും ജനവിധി തേടുന്നത്. 2011 ൽ മികച്ച വിജയം നേടിയാണ് അബ്ദുറബ്ബ് മന്ത്രിസഭയിലെത്തിയത്. 30208 വോട്ടുകൾക്കാണ് അന്ന് സിപിഐ സ്ഥാനാർത്ഥി കെ കെ അബ്ദുസമദിനെ പരാജയപ്പെടുത്തിയത്.

ഇത്തവണ എൽഡിഎഫ് അബ്ദുറബ്ബിനെതിരെ മത്സരത്തിനിറക്കിയിരിക്കുന്നത് ഇടത് സ്വതന്ത്രൻ നിയാസ് പുളിക്കലത്തിനെയാണ്. കെഎസ്‌യു പ്രവർത്തകനായിരുന്ന നിയാസ് മുലസ്ലീം സർവ്വീസ് സൊസൈറ്റി ജില്ലാ പ്രസിഡന്റുമാണ്. മുസ്ലീം ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ മുസ്ലീം സംഘടനയിൽപെട്ട കെഎസ് യു പ്രവർത്തകനായിരുന്ന ഒരാളെ തന്നെയാണ് ഇടത് പരീക്ഷണത്തിന് ഇറക്കിയിരിക്കുന്നത്. മുസ്ലീം ലീഗിന്റെ സ്ഥിരം കോട്ടയാണ് തിരൂരങ്ങാടി. 2006 ൽ ലീഗിന്റെ കുട്ടി അഹമ്മദ് കുട്ടിയായിരുന്നു വിജയി.

ടൂറിസം മന്ത്രിയായ എപി അനിൽകുമാർ യുഡിഎഫ് സ്ഥാനാർത്ഥിയായി വണ്ടൂരിൽ മത്സരിക്കുന്നു. നാലാം അങ്കത്തിനിറങ്ങുന്ന അനിൽകുമാറിന് കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും നേടിയ ഭുരിപക്ഷം ആത്മവിശ്വാസം കൂട്ടുന്നു. കന്നി അങ്കത്തിനിറങ്ങുന്ന സിപിഎമ്മിന്റെ കെ. നിഷാന്താണ് അനിർ കുമാറിന്റെ എതിർ സ്ഥാനാർത്ഥി. സരിതയുടെ ഫോൺവിളി പട്ടികയിൽ പെട്ടതൊഴിച്ചാൽ അനിൽകുമാറിനെതിരെ മറ്റ് ആരോപണങ്ങളൊന്നും നിലവിലില്ല.

മലപ്പുറത്തെ നാല് മന്ത്രിമാരും അതത് സിറ്റിങ്ങ് സീറ്റുകളിൽ ജനവിധി തോടുമ്പോൾ ഭരണ നേട്ടങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാൽ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫിനെ പ്രതിസന്ധിയിലാക്കാൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. മോഡി തരംഗം ലീഗ് കോട്ടയിലും ആഞ്ഞടിച്ചിട്ടുണ്ടെന്ന് എൻഡിഎയും വിശ്വസിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top