പരവൂര്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രഖ്യാപിച്ച ധനസഹായ വിതരണം പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എ. ഷൈനാമോള്‍.
പരവൂര്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രഖ്യാപിച്ച ധനസഹായ വിതരണം പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എ. ഷൈനാമോള്‍. മരിച്ചവരില്‍ ജില്ലയില്‍പ്പെട്ട 50 പേരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ വീതം നല്‍കി കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ആറു ലക്ഷവും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും നാലു ലക്ഷം രൂപയും ചേര്‍ത്ത് പത്ത് ലക്ഷം രൂപയാണ് മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കുന്നത്.
എഴുപത്തൊന്ന് പേരാണ് ജില്ലയില്‍ ആകെ മരിച്ചത്. ഇതില്‍ ബാക്കി 20 പേര്‍ക്ക് ആറു ലക്ഷം രൂപ വീതം വിതരണം ചെയ്തിട്ടുണ്ട്. ഒരു കേസില്‍ അവകാശത്തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ യഥാര്‍ത്ഥ അവകാശികളെ നിശ്ചയിച്ചു രണ്ടു ദിവസത്തിനുള്ളില്‍ തുക കൈമാറും. ഇവര്‍ക്ക് അടിയന്തര ധനസഹായമായ 10000 രൂപ നല്‍കി.
സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ നിന്നും ജില്ലയ്ക്ക് അനുവദിച്ച രണ്ടു കോടിയില്‍ നാലു ലക്ഷം രൂപ വീതം അന്‍പത് പേര്‍ക്ക് വിതരണം ചെയ്തു. ബാക്കി തുകക്ക് വേണ്ടി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ ബാക്കിയുള്ള ഇരുപത്തൊന്ന് പേര്‍ക്കും നാലു ലക്ഷം രൂപ വീതം വിതരണം ചെയ്യുമെന്ന് കളക്ടര്‍ അറിയിച്ചു.
അപകടത്തില്‍ അംഗഭംഗം വന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്‍കാനുള്ള തുക കൊല്ലം തഹസീല്‍ദാര്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ തുക വിതരണം ചെയ്യുന്നതിനുള്ള നടപടി ക്രമവും പൂര്‍ത്തിയായിക്കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here