ഉത്തർ പ്രദേശിൽ സംഘർഷം; പോലീസ് സൂപ്രണ്ട് ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

ഉത്തർപ്രദേശിൽ പോലീസും കയ്യേറ്റക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് സൂപ്രണ്ട് ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു. സംഘർഷത്തിൽ 40 പേർക്ക് പരിക്കേറ്റു. മഥുരയിലെ ജവഹർ ബാഗിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. വ്യാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഥുര എസ് പി മുകുൾ ദ്വിവേദി ആശുപത്രിയിൽവെച്ച് തന്നെ മരിച്ചു. കയ്യേറ്റക്കാരെ നേരിടാൻ കൂടുതൽ പോലീസ് സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാധവ് അന്വേഷണത്തിന് ഉത്തരവിട്ടു.
ജവഹർ ബാഗിലെ 260 ഏക്കർ കയ്യേറിയ സ്വാധീൻ ഭാരത് ആന്ദോളൻ പ്രവർത്തകരെ ഒഴിപ്പിക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. ഡൽഹിയിൽനിന്ന് 150 കിലേമീറ്റർ അകലെയാണ് സംഭവം. കയ്യേറ്റമൊഴിപ്പിക്കാനെത്തിയ പൊലീസിനുനേരെ 3,000ൽ അധികം വരുന്ന സ്വാധീൻ ഭാരത് ആന്ദോളൻ പ്രവർത്തകർ കല്ലെറിയുകയും വെടിയുതിർക്കുകയുമായിരുന്നെന്ന് പൊലീസ് ഐ ജി എച്ച് ആർ ശർമ പറഞ്ഞു.
രണ്ട് വർഷം മുമ്പ് കയ്യേറ്റം ഒഴിപ്പിക്കാൻ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവുണ്ട്. അക്രമത്തിൽ പങ്കുള്ളതായി സംശയിക്കുന്ന 200 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച പോലീസുകാരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപവീതം ധനസഹായം നൽകുമെന്ന് യു പി മുഖ്യമന്ത്രി അഖിലേഷ് യാധവ് പ്രഖ്യാപിച്ചു.
ഇന്ത്യൻ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും തിരഞ്ഞെടുപ്പ് റദ്ദാക്കുക, ഇപ്പോഴത്തെ രൂപക്ക് പകരം ‘ആസാദ് ഹിന്ദ് ഫൗജ്’ കറൻസി ഉപയോഗിക്കുക, ഒരു രൂപയ്ക്ക് 60 ലീറ്റർ ഡീസലും 40 ലീറ്റർ പെട്രോളും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് രണ്ടു വർഷം മുൻപ് സ്വാധീൻ ഭാരത് ആന്ദോളൻ പ്രവർത്തകർ ഭൂമി കയ്യേറി കുടിൽ കെട്ടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here