Advertisement

കുവൈത്തിൽ ആരോഗ്യ സേവനങ്ങൾക്ക് വിദേശികൾ നൽകേണ്ട ഇൻഷുറൻസ് തുക വർദ്ധിപ്പിക്കാൻ നീക്കം

June 3, 2016
0 minutes Read

കുവൈത്തിൽ വിദേശികൾക്ക് സർക്കാർ ഏർപ്പെടുത്തിയ ആരോഗ്യ സേവനങ്ങൾക്കായി നൽകേണ്ട ഇൻഷുറൻസ് തുക വർദ്ധിപ്പിക്കാൻ നീക്കം. തുക 15 ശതമാനം മുതൽ 20 ശതമാനം വരെ വർദ്ധിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം.

സന്ദർശ വിസയിൽ രാജ്യത്ത് എത്തുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിനുള്ളനടപടികൾ ഈ വർഷം തന്നെ ആരംഭിക്കുമെന്നും ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അൽസഹ്ലവി.

പാർലമെന്റിലെ ബജറ്റ് ആൻഡ് ഓഡിറ്റ് സമിതിയുടെ യോഗത്തിൽ പങ്കെടുത്തശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശികൾക്ക് നൽകുന്ന പൊതു ആരോഗ്യ ഇൻഷുറൻസ് എന്ന സംവിധാനം തന്ന നിർത്തലാക്കാനുള്ള ആലോചനയിലാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ആദ്യപടി എന്ന നിലക്കാണ് നിരക്ക് വർദ്ധനവ് നടപ്പിലാക്കുന്നത്.

രാജ്യത്തെ പൊതു ആരോഗ്യ സംവിധാനത്തെ ദോഷകരമായി ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വിദേശികൾക്കുള്ള പൊതുആരോഗ്യ ഇൻഷുറൻസ് നിർത്തലാക്കാൻ സുപ്രീം കൗൺസിൽ ഫോർ പ്‌ളാനിങ് ആൻഡ് ഡെവലപ്‌മെൻറ് നിയോഗിച്ച പൊതുനയ സമിതി സർക്കാറിനോട് ശുപാർശ ചെയ്തിരുന്നു. പൊതുആരോഗ്യ ഇൻഷുറൻസ് പോലുള്ള സംവിധാനങ്ങൾ രാജ്യത്തെ സ്വദേശികളും വിദേശികളും തമ്മിലുള്ള അന്തരം വർധിപ്പിക്കുന്നതായാണ് സർക്കാർ വിലയിരുത്തൽ. ഒപ്പം സ്വദേശികൾക്ക് ലഭിക്കുന്ന സേവനങ്ങളിൽ കുറവുവരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

പൊതുആരോഗ്യ ഇൻഷുറൻസ് നിർത്തലാക്കുന്നതോടെ, സ്വകാര്യ ഇൻഷുറൻസ് കമ്പനികളുമായും സ്വകാര്യ ആശുപത്രികളുമായും സഹകരിച്ച് ഇൻഷുറൻസ് സംവിധാനം പുനക്രമീകരിക്കാനാണ് സർക്കാർ നീക്കം. ഇതിനുവേണ്ടി സർക്കാർ ഷെയർഹോൾഡിങ് കമ്പനി രൂപീകരിച്ചിട്ടുണ്ട്. കമ്പനിയുടെ കീഴിൽ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി മൂന്നു വൻ ആശുപത്രികൾ നിർമിക്കാനും ഇതുവഴി രാജ്യത്തെ വിദേശികൾക്ക് മുഴുവൻ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്താനുമാണ് സർക്കാർ ശ്രമം.

ഇൻഷുറൻസ് സംവിധാനം സ്വകാര്യമേഖലയിലേക്ക് മാറുന്നതോടെ വിദേശികൾ അടക്കേണ്ട തുകയിൽ വൻ വർധന വന്നേക്കാം. 2019 ഓടെ ഈ സംവിധാനം നടപ്പാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. ഖാലിദ് അൽസഹ്ലവി വ്യക്തമാക്കി. സന്ദർശക വിസയിലത്തെുന്നവർക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്താൻ സർക്കാർ ഏറെക്കാലമായി ആലോചിച്ചുവരുകയാണ്.

ഏെതുതരത്തിലുള്ള സന്ദർശക വിസയിലത്തെുന്നവർക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്. സന്ദർശക വിസയിലത്തെുന്നവരിൽനിന്ന് ആരോഗ്യ ഇൻഷുറൻസ് ഈടാക്കുന്നതിന് രണ്ടു മാർഗങ്ങൾ മന്ത്രാലയം പരിഗണിക്കുന്നുണ്ട്. ഇൻഷുറൻസ് തുക വിമാന ടിക്കറ്റ് തുകയുമായി ബന്ധിപ്പിക്കുന്നതുവഴി സന്ദർശക വിസയിൽ വരുന്നവർ വിമാനടിക്കറ്റ് എടുക്കുമ്പോൾതന്നെ ആരോഗ്യ ഇൻഷുറൻസ് തുക കൂടി ഈടാക്കുക എന്നതാണ് ഒന്ന്. മറ്റൊന്ന് കുവൈത്തിലേക്ക് എത്താനുള്ള പ്രവേശ കവാടങ്ങളിൽ തുക അടക്കുന്നതിനുള്ള പ്രത്യേക സംവിധാനം തയ്യാറാക്കുക എന്നതാണ്.

മഡിക്കൽ ടൂറിസം വ്യാപകമായതോടെ സന്ദർശക വിസയിലത്തെുന്നവർ കുവൈത്തിലെ ആരോഗ്യസേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതായി പരാതി ഉയർന്നിരുന്നു. സൗജന്യ ചികിത്സ ഉപയോഗപ്പെടുത്താൻ വിദേശികൾ ബന്ധുക്കളെ സന്ദർശക വിസയിൽ കൊണ്ടുവരുന്നുവെന്നാണ് ആരോപണം ഉയർന്നിരുന്നത്. ഇക്കാരണത്താലാണ് സർക്കാർ ഇൻഷുറൻസ് ഏർപ്പെടുത്താൻ നീക്കം തുടങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top