തലപോകും കളിയ്ക്കുമ്പോൾ സൂക്ഷിക്കണം; മാധ്യമപ്രവർത്തകനെതിരെ ആർ.എസ്.എസ് വധഭീഷണി

പാലക്കാട്ട് ആർ.എസ്.എസുകാരുടെ ആക്രമണത്തിന് ഇരയായ മാധ്യമപ്രവർത്തകൻ ശ്രീജിത് ശ്രീകുമാരന് ആർ.എസ്.എസ് പ്രവർത്തകരുടെ വധഭീഷണി. ഇനി മര്യാദയ്ക്ക് പണിയെടുക്കാൻ സമ്മതിക്കില്ലെന്നും ഉടൻ തട്ടിക്കളയുമെന്നുമുള്ള തരത്തിലുള്ള ഭീഷണി സന്ദേശങ്ങളാണ് ഫോൺ വഴി ശ്രീജിതിന് ലഭിക്കുന്നത്.സോഷ്യൽ മീഡിയയിലൂടെയും ശ്രീജിതിന്റെ ഫോട്ടോ വച്ച് വ്യാപക പ്രചരണമാണ് ഇവർ നടത്തുന്നത്.
ജന്മഭൂമി പത്രത്തിന്റെ ഫേസ്ബുക്ക് പേജിൽ വായനക്കാരുടെ കമന്റുകളായി ശ്രീജിതിനെ കൈകാര്യം ചെയ്യാൻ ആഹ്വാനങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.തല പോകും,കളിയ്ക്കുമ്പോൾ സൂക്ഷിക്കണം,ഇവന്റെ നാക്ക് പിഴുതെടുക്കണം,ഇനി ഒരു പകൽ കാണിക്കരുത്,ഈ നാടിനു വേണ്ടി നമ്മുടെ സംസ്‌കാരത്തെ നിലനിർത്താൻ,ഹിന്ദു ധർമ്മത്തെ നിലനിർത്താൻ സ്വന്തം നാടും വീട്ടുകാരെയും വിട്ട് സംഘം എന്ന മഹാപ്രസ്ഥാന്തതിനു വേണ്ടി ജീവിതം മാറ്റിവച്ച ഞങ്ങളുടെ പ്രചാരകന്മാരെ തൊട്ടുകളിച്ചാൽ നീ ഒന്നും ഇനി ഒരു പകൽ കാണില്ല എന്നിങ്ങനെ പോകുന്നു ഫേസ്ബുക്ക് പോസ്റ്റുകൾ.
തുടർച്ചയായ വധഭീഷണിയ്ക്ക് എതിര േെപാലീസ് കമ്മീഷണർക്ക് പരാതി നല്കാനാണ് പാലക്കാട് പ്രസ്‌ക്ലബ്ബിന്റെ തീരുമാനം.പത്രപ്രവർത്തകരുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും നേതൃത്വത്തിൽ വെള്ളിയാഴ്ച ഫാസിസ്റ്റ് വിരുദ്ധ സംഗമം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ചെർപ്പുളശ്ശേരി നെല്ലായ ഭാഗത്ത് സിപിഎം പ്രവർത്തകരുടെ വീടും ബൈക്കുകളും കത്തിച്ച കേസിൽ അറസ്റ്റിലായ ആറ് ആർ.എസ്.എസ് പ്രവർത്തകരെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കുമ്പോഴായിരുന്നു മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണം നടന്നത്.ദൃശ്യങ്ങൾ പകർത്തുകയായിരുന്ന മാധ്യമപ്രവർത്തകരെ രണ്ട് ബൈക്കുകളിലായി എത്തിയ ആർഎസ്എസ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.ആക്രമണത്തിൽ റിപ്പോർട്ടർ ചാനൽ റിപ്പോർട്ടറായ ശ്രീജിതിനു പുറമേ ഏഷ്യാനെറ്റ് റിപ്പോർട്ടർ ശ്യാം കുമാർ പ്രാദേശിക ചാനൽ റിപ്പോർട്ടർ അനൂപ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.രണ്ട് പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്.പ്രതികളിൽ ഒരാളെ ഇനിയും പിടികൂടാനായിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here