മിശ്രവിവാഹം ചെയ്തു; ബാങ്ക് ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

മിശ്രവിവാഹം ചെയ്തു എന്ന കാരണത്താൽ ദമ്പതികളായ ബാങ്ക് ജീവനക്കാരെ ബാങ്കിൽ നിന്ന് പുറത്താക്കിയെന്ന് ആരോപണം.ബംഗളൂരു ചാംരാജ്പതിലെ ഹോട്ടൽ ആന്റ് ഇൻഡസ്ട്രിയലിസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.കാരണം കാണിക്കാതെയാണ് രാകേഷ്-ഉന്നതി ദമ്പതിമാരെ ഏഴ് മാസം മുമ്പ് ജോലിയിൽ നിന്ന് പുറത്താക്കിയത്.സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ ഇരുവരോടും ചർച്ച നടത്താമെന്ന നിലപാടിലാണ് ഇപ്പോൾ ബാങ്ക് അധികൃതർ.
ബാങ്കിലെ സെക്കന്റ് ഡിവിഷൻ ക്ലർക്കുമാരായിരുന്ന ഇവർ കഴിഞ്ഞവർഷം നവംബറിലാണ് വിവാഹിതരായത്. ഉന്നതി ബ്രാഹ്മണയുവതിയും രാകേഷ് മോഗവീര ജാതിക്കാരനുമാണ്. രാകേഷ് 9 വർഷമായി ഇവിടെ ജോലിചെയ്യുന്നു,ഉന്നതി 3 വർഷമായി ബാങ്കിൽ ജോലിക്ക് കയറിയിട്ട്.ഒന്നരവർഷത്തെ പ്രണയ്തതിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
പ്രണയം അറിഞ്ഞിട്ടും ഉന്നതിയുടെ വിവാഹം മറ്റൊരാളുമായി നടത്താൻ വീട്ടുകാർ ഒരുങ്ങിയതോടെയാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്.വിവാഹശേഷം കുടുംബത്തിന്റെ എതിർപ്പ് രൂക്ഷമായതോടെ പേലീസ് സംരക്ഷണം വരെ തേടേണ്ടി വന്നു ഇവർക്ക്.ബാങ്ക് മുൻ ചെയർമാൻ പുന്ദവിക ഹലമ്പിയുടെ അനന്തിരവളാണ് ഉന്നതി. ഇദ്ദേഹം ഏപ്രിലിൽ അന്തരിച്ചു.എന്നാൽ,ബാങ്കിന്റെ യശ്ശസിന് കളങ്കം വരുത്തിയ തങ്ങളെ ബാങ്കിൽ പ്രവേശിപ്പിക്കില്ലെന്ന് അമ്മാവൻ നേരത്തെ പറഞ്ഞിരുന്നതായി ഉന്നതി പറയുന്നു.
ജീവിതച്ചെലവ് കണ്ടെത്താൻ ഡ്രൈവറായി ജോലി ചെയ്യുകയാണ് രാകേഷ് ഇപ്പോൾ.ബാങ്ക് ജോലിയിൽ തിരികെ പ്രവേശിക്കാനാവുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് രാകേഷും ഉന്നതിയും.തിങ്കളാഴ്ച ഇരുവരെയും ബാങ്ക് ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here