ഇത് വേണമായിരുന്നോ നേതാക്കളെ???

ദിവസങ്ങൾക്കു മുമ്പാണ് പഠിപ്പുമുടക്കിന്റെ പേരും പറഞ്ഞ് ഒരുപറ്റം കെ.എസ്.യു പ്രവർത്തകർ കിളിമാനൂർ പള്ളിക്കൽ സ്‌കൂളിലെത്തി അധ്യാപകനെയും പിടിഎ ഭാരവാഹികളെയും മർദ്ദിച്ചത്. സമരത്തിന്റെ പേരിൽ അധ്യയനം മുടക്കാൻ പറ്റില്ലെന്ന് പറഞ്ഞതിന് അധ്യാപകന് സ്വന്തം പല്ല് നഷ്ടമായി. കൈ ഒടിഞ്ഞു,തലയ്ക്കും സാരമായ പരിക്കേറ്റു. നാലു വാഹനങ്ങളിലായി ആയുധസമേതം എത്തിയ കെ.എസ്.യുക്കാരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവിടെ ‘ശുഭാന്ത്യം’ എന്ന് എഴുതിക്കാണിക്കേണ്ടതാണ്.എന്നാൽ,കഥ പിന്നെയും സംഭവബഹുലമായി നീളുമ്പോൾ ബാക്കി പറയാതിരിക്കുന്നതെങ്ങനെ!!
ആറ്റിങ്ങൽ സബ്ജയിലിലേക്ക് ഇപ്പോൾ ഖദർധാരികളുടെ ഒഴുക്കാണ്. ജയിലിൽ കഴിയുന്ന കെ.എസ്.യു പ്രവർത്തകരുടെ ക്ഷേമം അന്വേഷിക്കലാണ് ലക്ഷ്യം.പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല,മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരൊക്കെ എത്തിയിരുന്നു.മഹത്തായ എന്തോ കാര്യം ചെയ്ത് നാട്ടുകാർക്ക് വേണ്ടി ജയിലിൽ പോയ വീരന്മാരെ കാണാനല്ല ഈ പടപ്പുറപ്പാട് എന്നറിയുക. അധ്യാപകനെ കയ്യേറ്റം ചെയ്ത് കൈ തല്ലിയൊടിക്കുകയും പല്ല് കൊഴിക്കുകയും ചെയ്ത ടീംസാണ് അകത്തുകിടക്കുന്നത്. അതും,നോമ്പ് അനുഷ്ഠിച്ച് പള്ളിയിൽ പോയി നിസ്‌കരിച്ചു മടങ്ങുകയായിരുന്ന അവസരത്തിൽ.
മാരകായുധങ്ങൾ സൂക്ഷിച്ച വാഹനങ്ങളടക്കം പോലീസ് അറസ്റ്റ് ചെയ്തിട്ടും പ്രതിപക്ഷനേതാവ് പറയുന്നത് ഈ 17 കെ.എസ്.യു പ്രവർത്തകരും നിരപരാധികളാണെന്നാണ്. പോലീസ് കള്ളക്കേസിൽ കുടുക്കിയതാണു പോലും. ഇവരുടെ വീടുകൾക്ക് നേരെ ഭീഷണിയുണ്ട്. സാധാരണക്കാർക്ക് സമാധാനമായി ജീവിക്കാൻ വയ്യാത്ത അവസ്ഥയാണ് നാട്ടിലുള്ളത് എന്നും ചെന്നിത്തല അദ്ദേഹം വാർത്താസമ്മേളനം വിളിച്ചുകൂട്ടി പറഞ്ഞു.അന്യായമായിട്ടാണ് കെ.എസ്.യു പ്രവർത്തകരെ ജയിലിൽ പാർപ്പിച്ചിരിക്കുന്നതെന്നാണ് ടിയാന്റെ വാദം. ഇതാണോ തുല്ല്യനീതി എന്നും ചോദിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here