ആ പ്രതിയും പിടിയിലായി

ചെന്നൈയിൽ ഇൻഫോസിസ് ജീവനക്കാരി സ്വാതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാംകുമാർ പോലീസ് പിടിയിലായി. തിരുനെൽവേലിക്കടുത്ത് വച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്.എട്ടു സംഘങ്ങളായി തിരിഞ്ഞ് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാംകുമാർ വലയിലായത്.
പോലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ കഴുത്തുമുറിച്ച് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചു.സാരമായ പരിക്കുകളോടെ ഇപ്പോൾ തിരുനെൽവേലിയിലെ ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്.എഞ്ചിനിയറിംഗ് ബിരുദധാരിയായ രാംകുമാർ കൊല്ലപ്പെട്ട സ്വാതിയുടെ വീടിന് അടുത്തുള്ള തെരുവിൽത്തന്നെയാണ് മൂന്ന് വർഷത്തോളമായി വാടകയ്ക്ക് താമസിച്ചിരുന്നത്.
കൊലപാതകം നടക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ് തന്നെ പ്രതി സ്വാതിയെ പിന്തുടരുന്നതായി പോലീസ് കണ്ടെത്തി. സിസി ടിവി ദൃശ്യങ്ങൾ കണ്ട് രാംകുമാർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയും സെക്യൂരിറ്റിജീവനക്കാരനുമാണ് ഇയാളെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നുങ്കപ്പാക്കം റെയിൽവേസ്റ്റേഷനിൽ വച്ച് സ്വാതി കൊല്ലപ്പെട്ടത്.പ്ലാറ്റ്ഫോമിലെത്തി സ്വാതിയുമായി തർക്കത്തിലേർപ്പെട്ട രാംകുമാർ പെട്ടന്ന് സ്വാതിയെ ആക്രമിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here