ഞങ്ങളും മനുഷ്യരല്ലേ??

ഭിന്നലിംഗക്കാരോട് സമൂഹം വേർതിരിവ് കാണിക്കുന്നതും അവരെ ആക്രമിക്കുന്നതും പുതിയ സംഭവമല്ല.എന്നാൽ,നീതി നൽകാൻ കൂടെനിൽക്കേണ്ടവർ തന്നെ നീതി ലംഘിക്കുമ്പോൾ ഈ മൂന്നാംലിംഗ സമൂഹം ആശങ്കയിലാണ്. കൊച്ചിയിൽ പോലീസ് സ്‌റ്റേഷനിൽ ട്രാൻസ്‌ജെൻഡേഴ്‌സ് മർദ്ദനത്തിനിരയായ സംഭവം വിരൽചൂണ്ടുന്നത് നിരവധി ചോദ്യങ്ങളിലേക്കാണ്. താനടക്കമുള്ള ട്രാൻസ്‌ജെൻഡർ സമൂഹം നേരിടേണ്ടിവരുന്ന വിവേചനത്തെക്കുറിച്ച് ശ്രീ എസ് നായർ പറയുന്നു.
(കടപ്പാട് ഓൺമലയാളം.കോം)
“ഞാന്‍ ശ്രീ എസ് നായര്‍ ,ഇന്നെനിക്ക് 26 വയസ്സ് . ഇതെന്‍റെമാത്രം വാക്കുകളോ അനുഭവങ്ങളോ അല്ല, മറിച്ച് എന്നെപോലുള്ളവര്‍ക്ക് കൂടി വേണ്ടിയാണ് ഞാന്‍ സംസാരിച്ചു തുടങ്ങുന്നത്. പിറന്നുവീണ വീട്ടില്‍ നിന്നുംകേട്ടുതുടങ്ങിയതാണ് കളിയാക്കലുകളും അടക്കംപറച്ചിലുകളും. നീണ്ട ഇരുപത്തിയാറുവര്‍ഷത്തെ അനുഭവങ്ങളാണ് ഇന്നെനിക്ക് ജീവിക്കാനുള്ള പ്രചോദനമാകുന്നതും.
എന്നിലെ സ്ത്രൈണത ആദ്യം തിരിച്ചറിഞ്ഞത് ഞാന്‍ തന്നെയാണ് .വീട്ടുകാരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും ആരും കാര്യമാക്കിയെടുത്തില്ല,എന്നാല്‍ എല്ലാവരും കളിയാക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ എന്‍റെ പ്രശ്നങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിച്ചു, പക്ഷെ എനിക്കൊരിക്കലും അത് സാധ്യമായിരുന്നുമില്ല.. ഒരു താങ്ങായി നിലകൊള്ളുമെന്ന് കരുതിയ വീട്ടുകാരില്‍നിന്നുപോലും പലതരം പ്രശ്നങ്ങള്‍ അഭിമുഗീകരിക്കേണ്ടിവന്നിട്ടുണ്ട് .ഒരുപാട് കഷ്ട്ടപെട്ടാണ് ഞാന്‍ ബിരുദാനന്തര ബിരുദം വരെ പഠിച്ചത്. സ്കൂളിലും കോളേജിലും എല്ലാവരില്‍നിന്നും അകന്നുമാറി നടക്കാനായിരുന്നു എന്‍റെ വിധി. എന്നിലെ സ്ത്രൈണത പുറംലോകം അറിഞ്ഞു തുടങ്ങിയ നാള്‍മുതല്‍ ആരോക്കെയോചേര്‍ന്ന്‍ എന്‍റെ സ്വാതന്ത്ര്യത്തെ തളച്ചിടാന്‍ ശ്രമിക്കുകയായിരുന്നു. കുത്തിനോവിക്കാന്‍ പലരും പലതരത്തിലും ശ്രമങ്ങള്‍ നടത്തിയിട്ടും എന്‍റെ ഇച്ചാശക്ത്തി ഒന്നുമാത്രമാണ് ഇന്നിങ്ങനെ തുറന്നുസംസാരിക്കാന്‍ എന്നെ പ്രാപ്തയാക്കുന്നത്. പഠനത്തിനുശേഷം ഒരു ജോലി തേടി അലഞ്ഞപോഴെല്ലാം സ്വന്തംകാലില്‍ നില്‍ക്കാനാകുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു . പക്ഷെ ജോലി തരുമെന്നു ഉറപ്പുനല്‍കിയ സ്ഥാപനങ്ങള്‍ എന്നിലെ സ്ത്രീയെ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല .എല്ലാവരെയും പോലെ ആഗ്രഹങ്ങള്‍ എനിക്കുമുണ്ടായിരുന്നു , സമപ്രായകാര്‍ക്കിടയില്‍ കളിച്ചുനടക്കാനും ചുറ്റുപാടുകള്‍ ആസ്വദിക്കാനും സ്വതന്ത്രമായി ഇറങ്ങിനടക്കാനും ഞാനും ഒരുപാട് കൊതിച്ചിരുന്നു . പക്ഷെ ..
ഏകദേശം ഇരുപതിനായിരത്തോളം ട്രാന്‍സ് ജെണ്ടര്‍ ഗണത്തില്‍പെടുന്ന വ്യക്ത്തികള്‍ കേരളത്തിലുണ്ട്. ഈ കൂട്ടത്തില്‍ ചുരുങ്ങിയ കണക്കനുസരിച്ച് മൂവായിരത്തോളം വ്യക്ത്തികള്‍ മാത്രമേ ഒഴുക്കിനെതിരെ നീന്തി കയറിയിട്ടുള്ളു എന്നത് മറ്റൊരു സത്യം. ശേഷിക്കുന്നവര്‍ക്കിനിയും സമൂഹം തങ്ങളെഅംഗീകരിക്കാത്ത അവസ്ഥ തരണം ചെയ്തു മുന്നോട്ടുവരാന്‍ സാധിച്ചിട്ടില്ല. സാംസ്കാരികമായി ഏറെ മുന്‍പന്തിയിലുള്ള കേരളത്തില്‍ ഞാനുള്‍പ്പെടുന്ന മൂന്നാം വര്‍ഗം മാറ്റി നിര്‍ത്തപ്പെടുന്നത് എന്തുകൊണ്ട് ?ഇനിയും ആരും ഈ വിഷയം ചര്‍ച്ചചെയ്തു തുടങ്ങിയിട്ടില്ല എന്നത് ഖേദകരം
തന്നെ. തമിഴ് നാട് , കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ കിട്ടുന്ന അംഗീകാരം അല്ലെങ്കില്‍ സമൂഹത്തില്‍ കിട്ടുന്ന സ്ഥാനം എന്തുകൊണ്ട് കേരളത്തില്‍ നിഷേധിക്കുന്നു ? സമ്പൂര്‍ണ സാക്ഷരത,വേറിട്ടുനില്‍ക്കുന്ന സംസ്ക്കാരമെന്നൊക്കെ വിളിച്ച്കൂവുന്നവര്‍ ഞങ്ങളെ കണ്ടിട്ടും കാണാതെപോകുന്നതെന്തേ ? ചോദ്യങ്ങള്‍ ഒരുപാടുണ്ട് പക്ഷെ അതിനെല്ലാമുള്ള ഉത്തരങ്ങള്‍ ആരോടു ചോദിക്കണം എന്നുമാത്രം ഇനിയും മനസിലായിട്ടില്ല. പോകുന്നിടത്തെല്ലാം പലതരം ചൂഷണങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ചോദിക്കാനും പറയാനും ആരുമില്ലാത്തവരായി ജീവിക്കേണ്ടിവരുന്ന അവസ്ഥ ഭീകരമാണ്.
കണ്ണില്‍ വെള്ളം നിറഞ്ഞ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, ബസ്സില്‍ യാത്ര ചെയ്യുമ്പോഴുണ്ടായ ഒരു അനുഭവം ഇങ്ങനെയാണ് ..’മൂന്നുപേര്‍ക്കിരിക്കാവുന്ന സീറ്റാണ് , ഞാന്‍ മാത്രമേ ബസ്സ് പുറപ്പെടുമ്പോള്‍ സീറ്റില്‍ ഉണ്ടായിരുന്നുള്ളു . അല്‍പ്പം കഴിഞ്ഞു ബസ്സില്‍ കയറിയ രണ്ടുപേര്‍ക്ക് ഇരിക്കാന്‍ എന്‍റെ സീറ്റില്‍ മാത്രമേ സ്ഥലം ഉണ്ടായിരുന്നുള്ളൂ ,പക്ഷെ ഇരിക്കാനായി അടുത്തേക്ക് വന്ന അവര്‍ എന്നെ കണ്ടതും ഒരുതരം അറപ്പോടെ നോക്കിയ ശേഷം ഇരിക്കാതെ മാറിപോവുകയാണ് ഉണ്ടായത്. ഞാനോ എന്‍റെ ഗണത്തില്‍ പെട്ടവരോ ശൂന്യാകാശത്തുനിന്നും താഴേക്കു വീണതോ, ഭൂമിയില്‍ പൊട്ടി മുളച്ചുണ്ടായവരോ അല്ല, സ്ത്രീ പുരുഷ ബന്ധത്തില്‍ സ്ത്രീ ഗര്‍ഭം ധരിച്ചുണ്ടായ ജീവനുകള്‍ തന്നെയാണ് ഞങ്ങളും . സ്ത്രൈണത ഒരിക്കലും ഉണ്ടാക്കിയെടുക്കുന്നതല്ല , മറിച്ചു ജന്മനാതന്നെ പുരുഷ ശരീരവും സ്ത്രീയുടെ മാനസിക ചിന്താ വ്യതിയാനങ്ങളുമായി ഉടലെടുക്കുന്ന ജീവനുകളില്‍ സ്ത്രൈണത കാണപ്പെടുന്നു . തിരിച്ചും സംഭവിക്കാറുണ്ട്. ജന്മനാ വികലാംഗരും ബുദ്ധിസ്ഥിരതയില്ലാത്തവരും നമുക്കിടയില്‍ പിറന്നുവീഴുന്നു എന്നാല്‍ അതെല്ലാം അംഗീകരിക്കാന്‍ മനസ്സ് പാകപെടുത്തുന്നവരെന്തുകൊണ്ട് ഞാനടക്കമുള്ള ട്രാന്‍സ് ജെണ്ടര്‍ / മൂന്നാം വര്‍ഗത്തില്‍പ്പെട്ടവരെ വിഴുപ്പുകെട്ടുകളായി മാത്രം കണക്കാക്കുന്നു ? മുഖത്തു ഛായം പൂശി , സ്ത്രീകളെപ്പോലെ വസ്ത്രം ധരിച്ച് സമൂഹത്തിനു ചിരിക്കാനുള്ള കോലങ്ങലായി ഞങ്ങളെ കാണുന്നവരോട് പറയാനുള്ളത് – ഞങ്ങള്‍ വേഷം കെട്ടുകയല്ല, ഞങ്ങള്‍ ലൈംഗികത തേടി ഇറങ്ങിയവരല്ല , നിങ്ങളെപോലെതന്നെ ചോരയും മാംസവുമുള്ള മനുഷ്യരാണ് ഞങ്ങളും. പുറംലോകം കാണുമ്പോള്‍ ആട്ടി ഓടിക്കുകയും , അവസരം നോക്കി ചൂടുപറ്റാന്‍ വരികയും ചെയ്യുന്ന പകല്‍ മാന്യന്മാരും ഒട്ടനവധിയാണ് , അത്തരം അനുഭവങ്ങളും .
ദിനംപ്രതി ജനിച്ചു വീഴുന്ന പെണ്‍കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലാതാകുന്ന , ജിഷമാരും സൌമ്യമാരും മലയാളിയുടെ ചര്‍ച്ചകളില്‍ ഇടം നേടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന്‍റെ മുറവിളിയായി സ്ത്രീ ശാക്ത്തീകരണമെന്നപ്രയോഗം നിലകൊള്ളുമ്പോള്‍ പോലും സ്ത്രീത്വങ്ങള്‍ ഹനിക്കപ്പെട്ടുകൊണ്ടെയിരിക്കുന്നു. അങ്ങിനെയെങ്കില്‍ സമൂഹം ഭ്രഷ്ട്‌കല്പ്പിച്ച ഞങ്ങള്‍ എത്രമാത്രം സുരക്ഷിതരാണ് ? ഞങ്ങളുടെ പ്രശ്നങ്ങള്‍ എത്രത്തോളം രൂക്ഷമായിരിക്കും? മലയാളി എന്നും പുറംപൂച്ചുകളുടെ വിൽപ്പനക്കാരനാണ്. ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെക്കാളുമേറെ വിദ്യാഭ്യാസപരമായും സാംസ്കാരികമായും മേല്‍ത്തട്ടില്‍ ജീവിക്കുന്ന മലയാളിയുടെ ഇടയില്‍ ജനിച്ചുവീണവരാണ് ഞാനടക്കമുള്ള മൂന്നാംവര്‍ഗത്തില്‍പ്പെട്ടവര്‍. കേരളം പോലെയുള്ള , ഇത്രയും സമാധാനം നിറഞ്ഞ നാട്ടില്‍ ജീവിക്കാന്‍ പറ്റാതെ അന്യ സംസ്ഥാനങ്ങളിലേക്ക് ഓടി പോകേണ്ടിവരുന്ന ദുരവസ്ഥയിലാണ് വ്യക്തിപരമായി എനിക്ക് അമര്‍ഷം തോന്നുന്നത് . അന്യ സംസ്ഥാനക്കാരന്‍ കാണിക്കുന്ന മനസ്സിന്‍റെ വിശാലത മലയാളിയില്‍ കാണാത്തതിന്‍റെ ഉദാഹരണമാണ് മൂന്നാം വര്‍ഗത്തില്‍ പെട്ടവരെ ലൈംഗിക ഉത്പന്നമായി മാത്രം കാണുന്നത് .
ഭരണകൂടങ്ങള്‍ മാറി മാറി വന്നിട്ടും, നിയമങ്ങള്‍ പലതും നിലവില്‍ വന്നിട്ടും ഞങ്ങളുടെ ദുരിതം മാത്രം ചര്‍ച്ചചെയ്യാതെ പോകുന്നത് എന്തുകൊണ്ട് ? സംവരണ പട്ടികയില്‍ ഇടംനേടാന്‍ ഇനിയും എത്ര നാള്‍ കാത്തിരിക്കെണ്ടിവരും , ശാരീരികമായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ആശുപത്രികള്‍ എന്ന് സജ്ജമാകും ?? കേരളക്കരയില്‍ കാണാത്ത ഒരു പ്രതിഭാസമാണ് ട്രാന്‍സ് ജെണ്ടരെന്നു മലയാളി പറഞ്ഞുപഠിക്കാന്‍ തുടങ്ങിയിട്ട് നാളൊരുപാടായി, പക്ഷെ കണ്ണുതുറന്നൊന്നു നോക്കാന്‍ മലയാളി തയ്യാറായാല്‍ കാണാതെപോയ ഞങ്ങളുടെ ദുരിതജീവിതം കാണാനായേക്കും . ഓരോ ശ്വാസത്തിലും
മലയാളത്തനിമയും സാംസ്കാരികവളര്‍ച്ചയും എടുത്തുപറഞ്ഞ് ഊറ്റം കൊള്ളുന്ന മലയാളിയോട് ആദ്യാവസാനം എനിക്ക് പറയാനുള്ളത് … ആണായോ
പെണ്ണായോ മൂന്നാംവര്‍ഗത്തില്‍പ്പെട്ടവരായോ അല്ല , കേവലം നിങ്ങളില്‍ ഒരാളായി – ഒരു മനുഷ്യ ജീവിയായി ഇനിയെങ്കിലും ഞങ്ങളെ കാണാന്‍ ശീലിക്കുക . കാരണം നിങ്ങള്‍ ഊറ്റം കൊള്ളുന്ന സംസ്കാരത്തിന്‍റെയും പൈതൃകത്തിന്‍റെയും അവകാശികളുടെ കൂട്ടത്തില്‍ ഞങ്ങളുംപെടും”
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here