ഈ പേരിന് ഒരു കഥ പറയാനുണ്ട്!!

മഹദ് വ്യക്തികളുടെ പേരു കൊണ്ട് ശ്രദ്ധേയമാവുന്ന ചില ദേശങ്ങളുണ്ട്. ആ വ്യക്തിയുടെ മരണശേഷം ആദരസൂചകമായാവും അത്തരമൊരു പേരുമാറ്റം ദേശങ്ങൾക്കു സംഭവിക്കുക. എന്നാൽ,ജീവിച്ചിരിക്കുന്ന വ്യക്തിയോടുള്ള ബഹുമാനാർഥം നാടിനു തന്നെ അദ്ദേഹത്തിന്റെ പേരു ലഭിക്കുന്നത് അത്ര പരിചിതമായ കാര്യമല്ല.യൗവ്വനത്തിൽ തന്നെ അങ്ങനെയൊരു നാടിന്റെ പേരായി മാറിയിരിക്കുകയാണ് വിഷ്ണു എം നായർ എന്ന ഐഎഎസുകാരൻ.തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ വാഗായിക്കുളം എന്ന ഗ്രാമമാണ് ഈ മലയാളി സിവിൽസർവ്വീസ് ഉദ്യോഗസ്ഥനോടുള്ള സ്‌നേഹമായി മാറിയത്.
മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്ന വാഗായിക്കുളം കുടിവെള്ളമോ കറന്റോ ലഭിക്കാത്ത പിന്നോക്ക പ്രദേശമായിരുന്നു. ജനപ്രതിനിധികൾക്ക് നിരവധി തവണ നിവേദനങ്ങൾ നല്കിയിട്ടും അവഗണന മാത്രമായിരുന്നു ഫലം. വാഗായിക്കുളം ഉൾപ്പെടുന്ന ചേരൻമഹാദേവി സബ് കലക്ടറായി എത്തുന്നതോടെയാണ് കഥ മാറുന്നത്. തന്റെ അധികാരപരിധിയിലുള്ള പ്രദേശങ്ങൾ കാണാനിറങ്ങിയ വിഷ്ണു വാഗായിക്കുളത്തെത്തിയതോടെ ഈ പ്രദേശത്തിന്റെ തലവര തന്നെ മാറി.
ഗ്രാമീണരുടെ ദുരിതജീവിതം നേരിട്ടറിഞ്ഞ വിഷ്ണു വൈദ്യുതി റവന്യൂ ഗ്രാമവികസനകുപ്പുകളുടെ യോഗം വിളിച്ചു ചേർത്തു.ഗ്രാമത്തിലെ ചില വസ്തുതർക്കങ്ങളെത്തുടർന്ന് ഇവിടേക്ക് വൈദ്യുതിയും വെള്ളവും എത്തിക്കാൻ മാർഗമില്ലെന്ന മുടന്തൻ ന്യായത്തിനു മുന്നിൽ മുട്ടുമടക്കാൻ വിഷ്ണു തയ്യാറായില്ല.ഗ്രാമത്തിലാകെ റീസർവ്വേ നടത്തുകയും ഇവിടെ വെള്ളവും വെളിച്ചവും എത്തിക്കാൻ ഏർപ്പാടുകൾ ചെയ്യുകയും ചെയ്തു.ദശാബ്ദങ്ങളായി ഇരുട്ടിൽ കഴിഞ്ഞിരുന്ന ഗ്രാമത്തിന് പുതുവെളിച്ചമായി വിഷ്ണുവിന്റെ നടപടി.
ഇവിടേക്ക് ആരു വന്നാലും ഗ്രാമവാസികൾക്ക് പറയാനുള്ളത് വിഷ്ണുവിനെക്കുറിച്ചു മാത്രം. തങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ച വിഷ്ണുവിനോട് എങ്ങനെ നന്ദി പറയണമെന്ന് അവർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.വിഷ്ണുവിന്റെ കടുത്ത എതിർപ്പിനെ അവഗണിച്ചും അവർ സ്വന്തം ഗ്രാമത്തിന് വിഷ്ണുവിന്റെ പേര് നല്കി. വാഗായിക്കുളം എന്ന പേര് ഒഴിവാക്കി വിഷ്ണുനഗർ എന്നാക്കി.2011ലാണ് കൊച്ചി സ്വദേശി വിഷ്ണു മുപ്പത്തിനാലാം റാങ്കോടെ സിവിൽ സർവ്വീസ് പ്രവേശനം നേടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here