സഭ ഈ ആത്മാവിനെ ഏത് കവാടത്തിൽ നിർത്തും ?

ലീൻ ബി ജെസ്‌മസ്
കോട്ടയം അതിക്കരയിൽ അയ്ക്കരക്കുന്നേൽ വീട്ടിൽ എം.തോമസ് എന്ന കത്തോലിക്കാ മതവിശ്വാസിയുടെ ആത്മാവ് ഇപ്പോൾ മരണാനന്തര ലോകത്തെ കവാടങ്ങൾക്കൊന്നിനു മുമ്പിൽ എത്തിയിട്ടുണ്ടാകും. സഭയുടെ വിശ്വാസപ്രകാരം സ്വർഗ്ഗത്തിലോ നരകത്തിലോ അതുമല്ലെങ്കിൽ ഇവയുടെ രണ്ടിനുമിടയിലെ ശുദ്ധീകരണ സ്ഥലമെന്ന പാപ പരിഹാരവാസകേന്ദ്രത്തിലോ ആണ് ആത്മാവെത്തിച്ചേരേണ്ടത്.
സത്യവിശ്വാസിയും നീതിമാനുമായ ആത്മാവാണ് സ്വർഗ്ഗത്തിലെത്തുക എന്നാൽ, സഭയിൽ നിന്നോ സമൂഹത്തിൽ നിന്നോ നീതിലഭിക്കാത്ത ഒരാത്മാവിനെ മരണാനന്തരം എവിടെ പാർപ്പിക്കുമെന്ന് കത്തോലിക്കാ സഭയുടെ വിശുദ്ധ ലിഖിതങ്ങളിലെവിടെയും രേഖപ്പെടുത്തി വെച്ചിട്ടില്ല.
പത്തൊമ്പതാം വയസ്സിൽ കത്തോലിക്കാ സഭ കൊന്ന് കിണറ്റിൽ തള്ളിയ അഭയ എന്ന കന്യാസ്ത്രീയുടെ പിതാവാണ് തോമസ് – ഇരുപത്തിനാലു
കൊല്ലത്തിലധികമായി മകളുടെ ആത്മാവിന് നീതി ലഭിക്കുവാൻ വേണ്ടി വൃഥാ കാത്തിരിക്കേണ്ടി വന്ന ഈ അച്ഛൻ – കേസിലെ പ്രതികളായ തോമസ് കോട്ടൂർ, ജോസ് പുതൃക്കയിൽ, സെഫി എന്നീ വിശുദ്ധ വേഷധാരികൾക്ക് അവരുടെ സ്വന്തം സ്വർഗ്ഗങ്ങളിൽ വിഹരിക്കുവാൻ നമ്മുടെ നിയമ സംവിധാനങ്ങൾ അനുമതി നൽകിയിരിക്കുന്നു.
സിസ്റ്റർ അഭയ കൊലക്കേസ് കാൽനൂറ്റാണ്ട് പൂർത്തിയാക്കുമ്പോൾ നമ്മുടെ നീതിന്യായ വ്യവസ്ഥ ഒരു പൊൻകിരീടമെടുത്ത് സ്വയം തലയിലണിയുകയാണ്. മതമാഫിയകൾക്ക് മുന്നിൽ മുട്ടിടിക്കുന്ന നിയമപാലകരും ന്യായാധിപരുമടങ്ങുന്ന ഒരു സമൂഹത്തിൽ കിണറ്റിലും പുഴയിലും അതുമല്ലെങ്കിൽ സന്യാസിനി മഠങ്ങളിലെ സെപ്റ്റിക് ടാങ്കിലും ഗതികിട്ടാതെ മുങ്ങിക്കിടക്കുവാനാണ് ചില ആത്മാക്കളുടെ ദുർവിധി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here