മന്ത്രി വാക്ക് പാലിച്ചു; സാംകുട്ടിക്ക് നീതിയായി

വെള്ളറട വില്ലേജ് ഓഫീസിന് തീയിട്ടതിലൂടെ വാർത്തകളിൽ ഇടം നേടിയ സാംകുട്ടിക്ക് ഒടുവിൽ നീതി കിട്ടി. വസ്തു പോക്കുവരവ് ചെയ്തു കൊടുക്കാനുള്ള റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ നിർദേശം താലൂക്ക് അധികൃതർ ശിരസാവഹിച്ചതോടെ സാംകുട്ടിക്ക് സർട്ടിഫിക്കറ്റ് ലഭിച്ചു.
32 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സാംകുട്ടിക്ക് നീതി ലഭിക്കുന്നത്. അച്ഛൻ യോഹന്നാൻ 1969ൽ ഭാഗാധാരമായി നല്കിയ 18 സെന്റ് സ്ഥലത്തിന്റെ പോക്കുവരവിനാണ് സാംകുട്ടി ഇക്കാലമത്രയും വില്ലേജ് ഒഫീസ് കയറിയിറങ്ങിയത്. കാലങ്ങളോളം അധികൃതരുടെ പിറകെ നടന്നിട്ടും ഇത് നടപ്പാകാതെ വന്നതോടെ ഏപ്രിൽ 28ന് വെള്ളറട വില്ലേജ് ഓഫീസിൽ ജീവനക്കാരെ പൂട്ടിയശേഷം തറയിൽ പെട്രോളൊഴിച്ച് തീയിടുകയായിരുന്നു. പതിനൊന്നു പേർക്ക് സംഭവത്തിൽ പൊള്ളലേറ്റു,സാംകുട്ടി ജയിലിലുമായി.
സാംകുട്ടിയ്ക്കു നേരെയുണ്ടായ നീതി നിഷേധവും സാങ്കേതികമായി അധികാരികൾ ഇക്കാര്യത്തിൽ വരുത്തിയ തെറ്റുകളും പൊതുജനശ്രദ്ധയിലേക്ക് കൊണ്ടുവവന്നത് ട്വൻറി ഫോർ ന്യൂസും ഫ്‌ളവേഴ്‌സ് ടി വി യും ആയിരുന്നു. വിഷയം വിശദമായി ആദ്യം ചർച്ചയായത് ശ്രീകണ്ഠൻ നായർ ഷോയിൽ ആയിരുന്നു. അതിലൂടെയാണ് അധികാരികൾ വരുത്തിയ തെറ്റ് നിയമ വിദഗ്ധരുടെ ശ്രദ്ധയിൽ പെട്ടതും. പിന്നീട് ഇക്കാര്യത്തിൽ നിരവധി റിപ്പോർട്ടുകൾ നൽകി ട്വൻറി ഫോർ ന്യൂസും വിഷയത്തെ സജീവമാക്കി. തുടർന്നാണ് സാംകുട്ടിക്കു നിയമസഹായം ലഭിച്ചതും. കഴിഞ്ഞ വാരത്തിൽ സാംകുട്ടിയ്ക്കുണ്ടായ നീതി നിഷേധം ‘ശേഷം’ എന്ന പരിപാടിയിലൂടെ വിശദമായി പ്രതിപാദിച്ചിരുന്നു. മാധ്യമ വാർത്തകൾ സാംകുട്ടിയ്ക്കു നീതിയുടെ വാതിലുകൾ തുറക്കുകയായിരുന്നു.
വില്ലേജ് ഓഫീസിന് തീയിട്ട് മൂന്നാംദിവസം ജയിലിലായ സാംകുട്ടി ഇപ്പോൾ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.ഇടതുസർക്കാർ ചുമതലയേറ്റയുടൻ പരിഗണിച്ചവയിലൊന്നായിരുന്നു സാകുട്ടിയുടെ കാര്യം. ആദ്യം സമർപ്പിച്ച അപേക്ഷയോടൊപ്പം നല്കിയ റീസർവ്വേ നമ്പർ തെറ്റിയതാണ് പോക്കുവരവ് വൈകാൻ കാരണമെന്നാണ് മന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച വിവരം.ഈ തെറ്റ് രേഖകളിൽ തിരുത്തി പോക്കുവരവ് നല്കാൻ മന്ത്രി താലൂക്ക് അധികൃതർക്ക് നിർദേശം നല്കുകയായിരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here