”പ്രതിസന്ധിയിലായ ഇന്ത്യക്കാരിൽ നാട്ടിൽ പോകാനാഗ്രഹിക്കുന്നവർക്ക് സൗജന്യ വിമാനം ഒരുക്കും”

സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന ഇന്ത്യാക്കാർ കഴിയുന്ന ജിദ്ദയിലെ അഞ്ച് ക്യാമ്പുകളിലൊന്ന് കേന്ദ്ര വിദേശകാരൃ സഹമന്ത്രി വി.കെ സിംഗ് കഴിഞ്ഞ ദിവസം സന്ദർശിച്ചു. ജിദ്ദയിലെ ഹദ്ദ ടൗണിൽനിന്ന് നാല് കിലോമീറ്റർ അകലെയുള്ള സൗദി ഓജർ കമ്പനിയുടെ കീഴിലുള്ള സുമൈസി ക്യാമ്പാണ് വി.കെ സിംഗ് സന്ദർശിച്ചത്.
ഏഴുനൂറോളം ഇന്ത്യക്കാരടക്കം വിവിധ രാജ്യക്കാരായ 2500 തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പാണിത്. ഇതിൽ നൂറോളം പേർ മലയാളികളാണ്. തൊഴിലാളികൾക്ക് ഏറെ ആശ്വാസം നൽകുന്നതായിരുന്നു മന്ത്രിയുടെ സന്ദർശനം.
വൈകുന്നേരം അറര മണിയോടടുത്തായിരുന്നു വി.കെ സിംഗ് ക്യാമ്പിലെത്തിയത്. കമ്പനി ഗേറ്റിനടുത്തെത്തിയ മന്ത്രിയെ മുദ്രാവാകൃം വിളിച്ചാണ് തൊഴിലാളികൾ സ്വികരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സൗദി അധികൃതരുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ തൊഴിലാളികളെ അറിയിച്ച മന്ത്രി, തൊഴിലാളികളുടെ ചോദ്യങ്ങൾക്കും അശങ്കകൾക്കും മറുപടി നൽകി.
കിട്ടാനുള്ള ശമ്പകളകുടിശികയും മറ്റ് ആനുകൂല്ല്യങ്ങളും കമ്പനി അധികൃതരിൽനിന്നും ലഭ്യമാക്കാൻ സൗദിയിലെ ഉന്നത അധികൃതരുമായി ചർച്ച നടത്തിയതായി മന്ത്രി തൊഴിലാളികളെ അറിയിച്ചു. ലഭിക്കാനുള്ള ശമ്പള കുടിശികയ്ക്കായി തൊഴിൽ കോടതിയിൽ പരാതി സമർപ്പിക്കാനുള്ള അവസരമൊരുക്കും.
നാട്ടിലേക്ക് തിരികെ പോകാനാഗ്രഹിക്കുന്ന തൊഴിലാളികൾക്ക് അതിനുള്ള അവസരമൊരുക്കും. മറ്റൊരു കമ്പനിയിലേക്ക് ജോലി മാറാൻ ആഗ്രഹിക്കുന്ന തൊഴിലാളികൾക്ക് അതിനുള്ള അവസരവുമൊരുക്കും. തൊഴിലാളികൾ നാട്ടിൽപോയാലും കോൺസുലേറ്റും എംബസിയും വക്കാലത്ത് ഏറ്റെടുത്ത് കോടതിയിൽ കേസ് നടത്തും. ഇതിനായി സൗദി അധികൃതർ അഭിഭാഷകരെ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതിസന്ധിയിലുള്ള കമ്പനിയിൽനിന്നും പുതിയ ഏതെങ്കിലും കമ്പനിയിലേക്ക് ജോലിയും വിസയും മാറാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള ചെലവുകൾ സൗദി അധികൃതർ സൗജന്യമായി നൽകും. ഇതിനായി മുന്ന് മാസത്തെ താൽക്കാലിക വിസ ഗവൺമെന്റ് അനുവദിക്കും. ഈ കാലയളവിനുള്ളിൽ തൊഴിലാളികൾക്ക് പുതിയ തൊഴിൽ കണ്ടെത്താം. നാട്ടിലേക്ക് തിരികെ പോകാനാഗ്രഹിക്കുന്നവർക്ക് സൗജന്യമായി എക്‌സിറ്റ് വിസ നൽകും.
സൗദി അധികൃതരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമായിരുന്നെന്നും ഇതിനായി ഇന്ത്യയുടെ നന്ദി അറിയിക്കുന്നതായും വി.കെ സിംഗ് പറഞ്ഞു. ഇന്ത്യൻ അംബാസിഡർ അഹമ്മദ് ജാവേദ്, കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷേഖ് എന്നിവരും വി കെ സിങിനൊപ്പം ഉണ്ടായിരുന്നു. ഏകദേശം രണ്ടരമണിക്കൂർ നേരം വി.കെ സിംഗ് ക്യാമ്പിൽ തൊഴിലാളികൾകൊപ്പം ചെലവഴിച്ചു.
സൗദി തൊഴിൽകാര്യ മന്ത്രാലയത്തിലെ മക്കാ റീജിയൻ ഓഫിസിലെ ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം തൊഴിലാളികളുടെ ക്യാമ്പിലെത്തി. പ്രതിസന്ധിയിലായ ഇന്ത്യക്കാരിൽ നാട്ടിൽ പോകാനാഗ്രഹിക്കുന്നവർക്ക് സൗജന്യ വിമാനം ഒരുക്കാൻ സൗദി അറേബ്യ തയ്യാറാണെന്ന് തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.
https://www.youtube.com/watch?v=kn_3AYdmqy0&feature=youtu.be
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here