കമാന്ന് ഒരക്ഷരം മിണ്ടരുത്!!!

നമ്മളിൽ ഭൂരിഭാഗം പേരും പലപ്പോഴായി ഉപയോഗിക്കാറുള്ള ഒരു ശൈലിയാണ് ‘കമാന്ന് ഒരക്ഷരം മിണ്ടരുത്’ എന്നത്. അത് രണ്ടക്ഷരമല്ലേ എന്ന സംശയം തോന്നാറുണ്ടെങ്കിലും പറഞ്ഞു പതം വന്ന ശൈലി ആയതുകൊണ്ട് ഗഹനമായ ആലോചനയ്‌ക്കൊന്നും ആരും തുനിയാറില്ല. എന്നാൽ,ശരിക്കും കമാ എന്നത് ഒന്നും രണ്ടും അല്ല മലയാളത്തിലെ അമ്പത്തിയൊന്ന് അക്ഷരങ്ങളെയാണ് സൂചിപ്പിക്കുന്നത്.
ഇതെന്ത് കഥ എന്ന് ആശ്ചര്യപ്പെടേണ്ട. പ്രാചീന കേരളത്തിൽ നിലവിലുണ്ടായിരുന്ന അക്ഷരസംഖ്യാ കോഡായ കടപയാദി അഥവാ പരൽപേര് എന്ന സങ്കേതമാണ് കമാ എന്ന് ഒരക്ഷരം എന്ന ശൈലിക്ക് അടിസ്ഥാനം. സംഖ്യകൾക്ക് പകരം വാക്കുകൾ ഉപയോഗിക്കുന്ന ഭാഷാ ശൈലിയാണ് കടപയാദി.ഇതിൻപ്രകാരം മലയാളത്തിലെ അമ്പത്തിയൊന്ന് അക്ഷരങ്ങൾക്ക് പകരം പൂജ്യം മുതൽ ഒമ്പതു വരെയുള്ള അക്കങ്ങൾ നല്കി സംഖ്യകൾക്ക് പകരം അക്ഷരങ്ങൾ ഉപയോഗിച്ചും തിരിച്ചും എഴുതുന്നു.
കടപയാദി അഥവാ പരൽപേര് രീതിയിലേക്ക് വാക്കുകളെയും സംഖ്യകളെയും മാറ്റുന്നതെങ്ങിനെയെന്നല്ലേ. 1നു പകരം ക ട പ യ എന്നീ അക്ഷരങ്ങൾ ഉപയോഗിക്കുന്നു.അതുപോലെ
2-> ഖ ഠ ഫ ര
3-> ഗ ഡ ബ ല
4-> ഘ ഢ ഭ വ
5-> ങ ണ മ ശ
6-> ച ത ഷ
7-> ഛ ഥ സ
8-> ജ ദ ഹ
9-> ഝ ധ ള
0-> ഞ ന ഴ
റ, സ്വരം അ, ആ, ഇ, ഈ, ഉ, ഊ, ഋ, -, എ, ഏ, ഐ, ഒ,
ഓ, ഔ, അം,അഃ,
ഇനി നോക്കൂ കമാ എന്നാൽ 15,തിരിച്ചിട്ടാൽ 51. അതായത് മലയാളത്തിലെ 51 അക്ഷരങ്ങളിൽ ഒന്നു പോലും പറയരുത് എന്നർഥം.വേറെയും ചില ഉദാഹരണങ്ങൾ നോക്കാം.
കവി = 14 -> ശരിക്കുള്ള സംഖ്യ 41,
ഗണിതം =356 -> ശരിക്കുള്ള സംഖ്യ 653,
വർഗം =403 -> ശരിക്കുള്ള സംഖ്യ 304,
ഭാരതം = 426 ->ശരിക്കുള്ള സംഖ്യ 624,
മാതൃഭൂമി =5645 -> =ശരിക്കുള്ള സംഖ്യ 5465
ദാനധർമ്മം = 80905 ->ശരിക്കുള്ള സംഖ്യ 50908
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എഴുതിയ ഈ ശ്ലോകം നോക്കൂ.
“പലഹാരേ പാലു നല്ലൂ, പുലർന്നാലോ കലക്കിലാം
ഇല്ലാ പാലെന്നു ഗോപാലൻ – ആംഗ്ലമാസദിനം ക്രമാൽ ”
ഇവിടെ പല = 31, ഹാരേ = 28, പാലു = 31, നല്ലൂ = 30, പുലർ = 31, ന്നാലോ = 30, കല = 31, ക്കിലാം = 31, ഇല്ലാ = 30, പാലെ = 31, ന്നു ഗോ = 30, പാലൻ = 31 . എന്നിങ്ങനെ ജനുവരി മുതൽ ഡിസംബർ വരെയുള്ള മാസങ്ങളുടെ ദിവസങ്ങൾ കിട്ടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here