സൗദി ഓജറിലെ തൊഴിലാളികൾക്ക് ജോലി വാഗ്ദാനവുമായി വിവിധ കമ്പനികൾ

ജോലി നഷ്ടപ്പെട്ട സൗദി ഓജറിലെ തൊഴിലാളികൾക്ക് ജോലി വാഗ്ദാനവുമായി വിവിധ കമ്പനികൾ രംഗത്തെത്തി. ഇന്ത്യൻ കോൺസുലേറ്റും സൗദി തൊഴിൽ മന്ത്രാലയവും ചേർന്നാണ് ഇതിനുള്ള നടപടികൾ ആരംഭിച്ചത്.
തിങ്കളാഴ്ച രാവിലെ കോൺസുലേറ്റിൽ നടന്ന യോഗത്തിൽ മക്ക മേഖല തൊഴിൽ വകുപ്പ് മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് ഒലയ്യാൻ, കോൺസുലേറ്റ് ഉദ്യോഗസ്ഥരായ അനന്തകുമാർ, കോൺസൽ ഫഹ്മി എന്നിവർ പങ്കെടുത്തു. മുപ്പതോളം സ്വകാര്യകമ്പനി അധികൃതരും യോഗത്തിനത്തെിയിരുന്നു.
തനാസുൽ മാറാൻ തയാറുള്ള ഇന്ത്യൻ തൊഴിലാളികളുടെ ലിസ്റ്റ് കോൺസുലേറ്റ് അധികൃതർ കമ്പനികൾക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ലേബർ ക്യാമ്പുകളിലത്തെി കമ്പനി അധികൃതർ ജോലി നഷ്ടപ്പെട്ട തൊഴിലാളികളുമായി അഭിമുഖം നടത്തി.
എന്നാൽ മലയാളികളായ തൊഴിലാളികൾ ജോലി മാറാൻ തയാറായിട്ടില്ല. സൗദി ഓജറിൽ മികച്ച ശമ്പളവും ആനുകൂല്യങ്ങളുമായി ജോലി ചെയ്തവർക്ക് പുതിയ കമ്പനികളുടെ വാഗ്ദാനം പരിമിതമാണെന്നാണ് ഇവർ പറയുന്നത്. പുതിയ സാഹചര്യത്തിൽ കമ്പനി പൂർവസ്ഥിതിയിലാവുകയാണെങ്കിൽ ഇവിടെ തുടരുകയാണ് മെച്ചമെന്ന ആലോചനയിലാണ് ഇവർ.
തൊഴിലാളികളുടെ രേഖകൾ ശരിയാക്കുന്നതിനായി മക്ക മേഖല തൊഴിൽ മന്ത്രാലയം രാത്രി പത്ത് മണി വരെ പ്രവർത്തിക്കുന്നതായും മേഖല മേധാവി പറഞ്ഞു.
പാസ്‌പോർട്ട് കൈയിലില്ലാത്ത തൊഴിലാളികൾക്ക് തൊഴിൽ മന്ത്രാലയം ഇടപെട്ട് സൗദി ഓജറിൽ നിന്ന് പാസ്‌പോർട്ട് ലഭ്യമാക്കുകയും ഇഖാമ പുതുക്കൽ, തനാസുൽ മാറൽ എന്നിവ സൗജന്യമായി ചെയ്തുകൊടുക്കുകയും ചെയ്യും. നിലവിൽ 22 പേർക്ക് നാട്ടിലേക്ക് പോകാനുള്ള രേഖകൾ ശരിയായിട്ടുണ്ടെന്ന് കോൺസൽ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here