മുകളിൽ ഒരാളുണ്ട്

ഓണക്കാലത്ത് സർക്കാർ ഓഫീസുകളിൽ പൂക്കളമിടീലാകാം, എന്നാൽ അത് പ്രവൃത്തിസമയത്ത് വേണ്ടാ എന്ന് മുഖ്യ മന്ത്രി നിർദ്ദേശിച്ചിരിക്കുന്നു. ഇതൊരു നിയമമല്ല, നിർദ്ദേശമാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് തള്ളുകയോ, കൊള്ളുകയോ ചെയ്യാവുന്ന നിർദ്ദേശം. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ വളച്ചൊടിച്ച് അതിൽ ഹൈന്ദവ വിരുദ്ധത കണ്ടെത്തുവാൻ ശ്രമിക്കുന്നവരെ പുച്ഛിച്ചുതള്ളുക – കാരണം ഓണത്തിനും അതുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കും മേൽ കാവി പുതപ്പിച്ചവരല്ല കേരള ജനത, ഒരു നാടിന്റെ സ്വന്തം ഉത്സവമായി ഓണത്തെ കൊണ്ടാടുന്ന തെളിഞ്ഞ സൗഹൃദാന്തരീക്ഷം നഷ്ടപ്പെടുത്താത്തവരാണ് നമ്മൾ.
നമുക്ക് സർക്കാർ ഓഫീസുകളിലെ ഓണാഘോഷത്തെക്കുറിച്ച് ചിന്തിക്കാം. മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ഉൾപ്പെടുന്ന തലസ്ഥാനത്തെ സെക്രട്ടേറിയേറ്റ് മന്ദിരത്തിൽ ഏതാണ്ട് ആറായിരത്തോളം ജീവനക്കാരുണ്ട്. മുപ്പതിലധികം വകുപ്പ് ഓഫീസുകളും. പൂക്കളമിടാൻ ഇവിടുത്തെ പകുതി ഉദ്യോഗസ്ഥരെങ്കിലും ആഘോഷ ദിവസത്തിലെ രണ്ടു മണിക്കൂർ ഉപയോഗിക്കുന്നെന്ന് കരുതുക – എത്ര പ്രവൃത്തി ദിവസങ്ങളാണ് സർക്കാർ കണക്കിൽ നഷ്ടപ്പെടുക ?
സെക്രട്ടറിയേറ്റിലെ ഓണാഘോഷമെന്നത് ആഴ്ചകൾ നീളുന്ന പ്ലാനിംഗ്, ഒരുക്കങ്ങൾ, പൂക്കളമൊരുക്കാൻ തോവാളപ്പൂതേടിയാത്ര, വസ്ത്ര വ്യാപാരം – എന്നിങ്ങനെ നിരവധി കലാപരിപാടികൾ ഉൾക്കൊള്ളുന്നതാണെന്ന് ‘പപ്പനാവന്റെ ചക്രം’ വാങ്ങിയിട്ടുള്ളവർക്കെല്ലാം അറിവുള്ളതാണല്ലോ.
സ്വന്തം പാർട്ടി പൊതു പണിമുടക്ക് നടത്തുമ്പോൾ നഷ്ടപ്പെടുന്ന പ്രവൃത്തിദിനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയ്ക്ക് ആകുലതയില്ലേ എന്ന മറുചോദ്യമവിടെ നിൽക്കുമ്പോൾതന്നെ സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രി നൽകിയ നിർദ്ദേശത്തെ പിന്തുണക്കേണ്ടി വരുന്നു ‘ മുകളിൽ ഓരാളുണ്ട് എന്ന ചിന്ത ഉണർത്തുവാനെങ്കിലും ഈ ഓണക്കാലം ഹേതുവാകട്ടെ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here