കോട്ടയം വഴി ഇനി വേഗത്തിലെത്താം; ട്രെയിനുകൾക്ക് വേഗത കൂടും

ക്രോസിങ്ങിനായി പിടിച്ചിടുന്ന 12 ട്രെയിനുകളുടെ യാത്രാ സമയത്തില്‍ കുറവുണ്ടാകും
പിറവം റോഡ് – കുറുപ്പന്തറ, തിരുവല്ല – ചെങ്ങന്നൂര്‍ രണ്ടാം പാത ഗതാഗതത്തിനു തുറക്കുന്നതോടെ ഈ സെക്ഷനുകളില്‍ ക്രോസിങ്ങിനായി പിടിച്ചിടുന്ന 12 ട്രെയിനുകളുടെ യാത്രാ സമയത്തില്‍ ആദ്യ ഘട്ടത്തില്‍ കുറവുണ്ടാകും. പുതിയ ഇരട്ടപ്പാതയുടെ ആനുകൂല്യം ഒക്ടോബര്‍ ഒന്നിനു പുറത്തിറങ്ങുന്ന സമയക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ റെയില്‍വേ തയാറായാല്‍ കൂടുതല്‍ ട്രെയിനുകളുടെ വേഗം കൂടും.
അനുവദനീയ വേഗപരിധി 100 കിലോമീറ്ററായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തം
മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ്, ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ്, ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍, എറണാകുളം-കായംകുളം പാസഞ്ചര്‍, ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ് രഥ്, തിരുവനന്തപുരം-ചെന്നൈ മെയില്‍, തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം മെയില്‍, തിരുവനന്തപുരം-കോര്‍ബ, നാഗര്‍കോവില്‍-മംഗലാപുരം പരശുറാം, കൊല്ലം-എറണാകുളം മെമു, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എന്നിവയുടെ യാത്രാ സമയമാണു കുറയുക.
ഇതോടൊപ്പം കോട്ടയം റൂട്ടില്‍ ഇരട്ടപ്പാതയുള്ള ഭാഗങ്ങളില്‍ ട്രെയിനുകളുടെ അനുവദനീയ വേഗപരിധി 100 കിലോമീറ്ററായി ഉയര്‍ത്തണമെന്ന ആവശ്യവും ശക്തമാണ്. പാത നിര്‍മാണത്തില്‍ മുഖ്യ സുരക്ഷാ കമ്മിഷണര്‍ തൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഇതിന്റെ സാധ്യത റെയില്‍വേ പരിഗണിക്കുമെന്നാണ് സൂചന.
സമീപഭാവിയില്‍ തന്നെ കോട്ടയം റൂട്ടില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത സാധ്യമാണെന്നു കഴിഞ്ഞ ദിവസം 120 കിലോമീറ്റര്‍ വേഗതയില്‍ നടന്ന പരീക്ഷണ ഓട്ടം തെളിയിക്കുന്നു. 70, 80, 90 എന്നിങ്ങനെയാണ് ഇപ്പോള്‍ പല റീച്ചുകളിലെയും വേഗപരിധി. ഇവ പരിഷ്കരിച്ചാല്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയും. എന്നാല്‍, ഓപ്പറേറ്റിങ് ബ്രാഞ്ച് ആത്മാര്‍ഥമായി ശ്രമിക്കണമെന്നു മാത്രം.
മണിക്കൂറില്‍ 63 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന കണ്ണൂര്‍ ജനശതാബ്ദിയാണു കോട്ടയം റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍. വേണാട്, വഞ്ചിനാട്, മലബാര്‍, ഐലന്‍ഡ് എന്നിവയുടെ വേഗം മണിക്കൂറില്‍ 42, 43 എന്നിങ്ങനെയാണ്. വേഗപരിധി കൂട്ടുന്നതോടൊപ്പം സ്ലാക്ക് ടൈം കുറച്ചാല്‍ ട്രെയിനുകളുടെ യാത്രാസമയത്തില്‍ ഗണ്യമായി കുറവുണ്ടാകും. എന്നാല്‍, മാത്രമേ ഇരട്ടപ്പാതയുടെ പ്രയോജനം യാത്രക്കാര്‍ക്കു ലഭിക്കൂ.
മുംബൈ-കന്യാകുമാരി ജയന്തി ജനത 30 കൊല്ലം മുന്‍പുള്ള സമയക്രമത്തിലാണ് ഇപ്പോഴും ഓടുന്നത്
ട്രെയിനുകള്‍ക്ക് അപ്രതീക്ഷിത സാഹചര്യങ്ങളില്‍ നഷ്ടമാകുന്ന സമയം ക്രമീകരിക്കാനായി അവസാന സ്റ്റേഷനും തൊട്ടു മുന്‍പുള്ള സ്റ്റേഷനുമിടയില്‍ നല്‍കുന്ന അധിക സമയമാണു സ്ലാക്ക് ടൈം. എത്ര വൈകി ഓടിയാലും അവസാന സ്റ്റേഷനിലെത്തുമ്ബോള്‍ കൃത്യ സമയം പാലിച്ചെന്നു കാണിക്കാനാണ് ഈ അധിക സമയം ഇപ്പോള്‍ റെയില്‍വേ ഉപയോഗിക്കുന്നത്. പല പാതകളും ഇരട്ടപ്പാതയായതോടെ ട്രെയിനുകള്‍ നേരത്തെ ഓടിയെത്തുന്ന സ്ഥിതിയുണ്ട്.
എന്നാല്‍, ഇതിന് ആനുപാതികമായി സ്ലാക്ക് ടൈം കുറയ്ക്കാന്‍ റെയില്‍വേ തയാറായിട്ടില്ല. നേരത്തെയെത്തുന്ന ട്രെയിനുകളെ വഴി നീളെ പിടിച്ചിട്ടാണ് ഇപ്പോള്‍ ടൈംടേബിളിലെ സമയം ഒപ്പിക്കുന്നത്. ധന്‍ബാദ്-ആലപ്പുഴ എക്സ്പ്രസിന് ആലുവയ്ക്കും എറണാകുളത്തിനുമിടയില്‍ 20 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ രണ്ടര മണിക്കൂറാണ് നല്‍കിയിട്ടുള്ളത്. മുംബൈ-കന്യാകുമാരി ജയന്തി ജനത 30 കൊല്ലം മുന്‍പുള്ള സമയക്രമത്തിലാണ് ഇപ്പോഴും ഓടുന്നതെന്നതും റെയില്‍വേയുടെ അനാസ്ഥ തുറന്നു കാട്ടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here