Advertisement

തുടക്കം നന്നാക്കാൻ എത്ര എളുപ്പമാണെന്നോ!!

September 27, 2016
1 minute Read

‘തുടക്കം നന്നായാൽ പാതി നന്നായി’ എന്നാണല്ലോ ചൊല്ല്. ഒരു ദിവസം തുടങ്ങുമ്പോൾ നമ്മളിൽ എത്ര പേർ ഇത് ആലോചിക്കാറുണ്ട്. അലാറത്തിന്റെ ശബ്ദം കേട്ട് നേരം എന്തിനാ ഇത്ര നേരത്തെ വെളുത്തത് എന്നാലോചിച്ച് സങ്കടപ്പെട്ട്,അലാറം ഓഫ് ചെയ്ത് പുതപ്പെടുത്ത് തലവഴി മൂടി കുറച്ചു നേരം കൂടി കിടന്നുറങ്ങുന്നവരല്ലേ നമ്മളിൽ ഭൂരിഭാഗവും. ഒന്നാലോചിച്ച് നോക്കൂ അതിനു പകരം സന്തോഷത്തോടെ ഉണരുന്നത്. ചിരിച്ചുകൊണ്ട് കണ്ണുതുറക്കുന്നത്. എത്ര മനോഹരമായിരിക്കും അങ്ങനെയൊരു തുടക്കം. ആ ചിരിക്ക് ഒരു മാസ്മരിക ശക്തിയുണ്ടാവും,ഇത് വെറുതെ പറയുന്നതല്ല കേട്ടോ.സത്യം പറഞ്ഞാൽ ഉണർന്നെണീക്കുന്ന നേരത്തെ നമ്മുടെ ചിന്തകൾക്ക് അന്നത്തെ ദിവസത്തെ നമ്മുടെ ചെയ്തികളെ വല്ലാതെ സ്വാധീനിക്കാൻ കഴിവുണ്ട്. അതു മാത്രമല്ല പലപ്പോഴും ഒരു ദിവസം നല്ലതോ ചീത്തയോ എന്ന് തീരുമാനിക്കുന്നത് പോലും ചുരുങ്ങിയ സമയത്തേക്കുള്ള ഈ ചിന്തകളാവും.

തുടക്കം നന്നാക്കി ദിവസം നന്നാക്കാൻ ഇതാ 5 എളുപ്പ വഴികൾ

1. ഉണർന്നാലുടൻ ദീർഘമായി ശ്വസിക്കുക. നമുക്ക് സ്വന്തമായുള്ള നല്ലതിനൊക്കെയും ദൈവത്തോട് നന്ദി പറയുക.(കുടുംബം,കുട്ടികൾ,ആരോഗ്യം,ചുറ്റിലുമുള്ള പ്രകൃതി അങ്ങനെയെന്തെല്ലാം നന്മകൾ നമുക്ക് സ്വന്തമായുണ്ട്!!) നമുക്ക് ലഭിക്കാത്തതിനെക്കുറിച്ചോർത്ത് സങ്കടപ്പെടാൻ ആരംഭിച്ചാൽ ആ ദിവസം മുഴുവൻ തിരികെത്തരുന്നത് സങ്കടം മാത്രമാവും.

2. എഴുന്നേറ്റാലുടൻ കിടക്ക വിട്ട് എണ്ണീറ്റ് പോരുന്നതിനു മുമ്പ് അല്പസമയം ധ്യാനിക്കുക. മനസ്സും ശരീരവും ശാന്തമാവുന്നതിന് ഇത് സഹായിക്കും. ഒരു ദിവസം മുഴുവൻ ഉന്മേഷത്തോടെയും ഉത്സാഹത്തോടെയുമിരിക്കാൻ നിങ്ങളെ സഹായിക്കുന്നതാണ് ഈ അഞ്ചുമിനിറ്റ് ധ്യാനം.

3. കുളിയ്ക്കുമ്പോൾ ആ നിമിഷത്തെ ആസ്വദിക്കൂ. ബ്രേക്ഫാസ്റ്റ് കഴിക്കുമ്പോൾ രുചിയറിഞ്ഞ് ഭക്ഷിക്കൂ. നിങ്ങളുടെ ഏകാഗ്രതയെ ഉത്തേജിപ്പിക്കാൻ ഇത്തരം പ്രവൃത്തികൾക്ക് കഴിയും. അത് ദിവസം മുഴുവൻ ശരീരത്തെയും മനസ്സിനെയും നന്മയോടെ കാത്തുസൂക്ഷിക്കും.

4. ബ്രേക്ഫാസ്റ്റിനു മുമ്പ് ഒരു ഗഌസ് നാരങ്ങാ വെള്ളം ശീലമാക്കൂ. അതിലേക്ക് സ്വല്പം ഇഞ്ചി കൂടി ചേർക്കാൻ മറക്കേണ്ട. ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ഇത് സഹായിക്കും.എത്ര തിരക്കുണ്ടെങ്കിലും ബ്രേക്ഫാസ്്റ്റ് ഒഴിവാക്കുന്നത് നല്ല ശീലമല്ല. ഒരു ദിവസത്തേക്ക് മുഴുവൻ വേണ്ട ഊർജം ശരീരത്തിനു നല്കാനുള്ള മാന്ത്രികശക്തി ആ ഭക്ഷണത്തിനുണ്ട്.

5. ഓരോ ദിവസവും ചെയ്തുതീർക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ പ്ലാനിംഗ് ഉണ്ടായിരിക്കുക. കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കാനാവട്ടെ,സുഹൃത്തുക്കൾക്കൊപ്പം ട്രിപ് പോകാനാവട്ടെ,പുതിയതെന്തെങ്കിലും പഠിക്കാനാവട്ടെ,ബിസിനസ് മീറ്റിംഗിൽ പങ്കെടുകക്കാനാവാട്ടെ,അങ്ങനെ എന്തുമാവട്ടെ. വ്യക്തമായ ലക്ഷ്യം ആ ദിവസത്തെക്കുറിച്ചുണ്ടെങ്കിൽ ആ ദിവസം നിങ്ങളുടേതാവും,തീർച്ച.

നമ്മുടെ ചിന്തകൾക്ക് നമ്മുടെ മനസ്സിനെയും ജീവിതത്തെയും എത്രമേൽ സ്വാധീനിക്കാൻ കഴിയുമെന്ന് മിക്കപ്പോഴും നമ്മൾ മനസ്സിലാക്കുന്നില്ല. ഓരോ ദിവസവും യാന്ത്രികമായ തള്ളിനീക്കുന്നതിന്റെ ഫലം മാനസിക സമ്മർദ്ദവും ടെൻഷനും മാത്രമായിരിക്കും. നമ്മുടെ ചിന്തകൾ നല്ലതോ ചീത്തയോ ആകുന്നതിന്റെ കാരണക്കാർ നമ്മൾ മാത്രമാണ്.

നിരാശബോധത്തോടെ തുടങ്ങുന്ന ദിവസം നമുക്ക് നല്ലഫലങ്ങൾ ലഭിക്കണമെന്ന് ആശിക്കുന്നത് ശരിയാണോ? നിരാശയും സങ്കടവുമല്ല മറിച്ച് പ്രതീക്ഷയും സന്തോഷവുമാവണം ഒരു ദിവസത്തിന്റെ തുടക്കം. അങ്ങനെ തുടക്കം നന്നാക്കിയാൽ ആ ദിവസം നന്നാവുകയില്ലേ എന്ന് അനുഭവിച്ച് തന്നെ അറിയൂ…!!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top