സ്വാശ്രയ കേസിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ പരാജയം

സ്വാശ്രയ കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പരാജയം. ഉയർന്ന ഫീസിൽ പ്രവേശനം നടത്താൻ കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകൾക്ക് അനുമതി നൽകിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.
ഇന്ന് വൈകുന്നേരത്തോടെ അഡ്മിഷൻ അവസാനിക്കുമെന്നതിനാൽ ഈ വൈകിയ വേളയിൽ ഒന്നും ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഫീസ് തർക്കത്തിൽ ഹൈക്കോടതി തീരുമാനമെടുക്കട്ടെയെന്നും കോടതി പറഞ്ഞു.
രണ്ട് കോളേജുകൾക്കും ജെയിംസ് കമ്മിറ്റി അനുവദിച്ച് നൽകിയ ഫീസ് 44000 രൂപയാണ്. എന്നാൽ 10 ലക്ഷം രൂപ കണ്ണൂർ മെഡിക്കൽ കോളേജിനും 745000 രൂപ കരുണ മെഡിക്കൽ കോളേജിനും വാർഷിക ഫീസായി ഈടാക്കാമെന്നായിരുന്നു ഹൈക്കോടതി വിധി.
ഇതിനെതിരെയാണ് സംസ്ഥാനം സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ജയിംസ് കമ്മിറ്റി അനുവദിച്ച ഫീസിൽ മാത്രമേ പ്രവേശനം അനുവദിക്കാവൂ എന്നായിരുന്നു ഹർജിയിൽ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത്.
medical admission, Supreme Court, Kerala State
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here