Advertisement

ഞാന്‍ അമ്പത് ശതമാനം ‘കുപ്പി’യാണ്

November 1, 2016
2 minutes Read
vishak nair-anandam

വിശാഖ് നായർ / ബിന്ദിയ മുഹമ്മദ്‌

വിശാഖ് നായര്‍ പേരുകേട്ടാല്‍ തിരിച്ചറിയണമെന്നില്ല, കുപ്പി എന്ന് തിരുത്തിയാല്‍ ആനന്ദം കണ്ടവരെല്ലാം ഈ താരത്തെ തിരിച്ചറിയും. ജൂഡ് ആന്റണിയുടെ അടക്കം പ്രശംസ നേടിയ താരം ട്വന്റിഫോര്‍ ന്യൂസിന് നല്‍കിയ എക്സ്ക്യൂസീവ് ഇന്റര്‍വ്യൂ വായിക്കാം…

ആനന്ദം ഇത്ര ഹിറ്റാവും എന്ന് വിചാരിച്ചിരുന്നോ ??

ഇല്ല. വിജയിക്കുമെന്ന് പ്രതീക്ഷച്ചിരുന്നുവെങ്കിലും, ഇത്തരത്തിൽ ഒരു ഹിറ്റ് സൃഷ്ടിക്കുമെന്ന് വിചാരിച്ചിരുന്നില്ല. 18-30 വയസ്സ് വരെയുള്ളവരായിരുന്നു ടാർഗറ്റ് ഓഡിയൻഡസ്. പക്ഷേ ചിത്രം റിലീസായി കഴിഞ്ഞപ്പോഴാണ് യുവാക്കൾ മാത്രമല്ല ഫാമിലി ഓഡിയൻസിനും ചിത്രം ഇഷ്ടമായി എന്ന് അറിയുന്നത്.

എങ്ങനെയാണ് ആനന്ദത്തിൽ എത്തിയത്

എഞ്ചിനിയറിങ്ങ് പൂർത്തിയാക്കിയതിന് ശേഷം ചെന്നൈയിൽ ജോലിക്ക് പോയ ഞാൻ അവിടെയുള്ള തിയറ്റേർ കമ്പനിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. അവിടെ ഞാൻ നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. അപ്പോഴാണ് ഗണേഷേട്ടൻ (സംവിധായകൻ) ചെന്നൈയിലുള്ള കുറച്ച് തിയേറ്റർ കമ്പനികളെ കോൺടാക്ട് ചെയ്ത് ഓഡിഷൻ നടക്കുന്ന കാര്യം പറയുന്നത്.

ഗണേഷേട്ടന് ഞാൻ അഭിനയിച്ച ഷോർട്ട് ഫിലിമിന്റെ ലിങ്ക് അയച്ച് കൊടുത്തു…ഒപ്പം ഞാൻ ചെയ്ത ഡബ്‌സ്മാഷും. മറുപടിയായി ഗണേഷേട്ടൻ ഒരു ഡമ്മി സ്‌ക്രിപ്റ്റ് അയച്ച് തന്നിട്ട് എങ്ങനെയെങ്കിലും ആ രംഗം അഭിനയിച്ച് റെക്കോർഡ് ചെയ്ത് അയച്ച് കൊടുക്കാൻ ആവശ്യപ്പെട്ടു.

പിന്നീട് രണ്ട്-മൂന്ന് ആഴ്ച്ച കഴിഞ്ഞിട്ട് എന്നെ കൊച്ചിയിലേക്ക് വിളിപ്പിച്ചു. ഇവിടെ വെച്ചും ഓഡിഷൻ നടത്തി, ശേഷം ആനന്ദത്തിലെ മറ്റ് 6 പേരുടെയും കൂടെ ഒരു ഓഡിഷൻ കൂടി നടത്തിയ ശേഷമാണ് സെലക്ടാക്കിയത്.

‘കുപ്പി’ ഭയങ്കര ലൈവ്‌ലിയായിട്ടുള്ള ക്യാരക്ടറാണ്. യഥാർത്ഥ ജീവിത്തിൽ വിശാഖ് അങ്ങനെയാണോ ??

യഥാർത്ഥ ജീവിത്തിൽ ഞാൻ കുപ്പിയുടെ അത്ര ബഹളം വച്ച് നടക്കുന്ന വ്യക്തിയല്ല. ഒരു 50% ‘കുപ്പി’യുമായി സാമ്യതകളുണ്ടാവും. അടുത്ത സുഹൃത്തുക്കളുടെ അടുത്ത് ഞാൻ കുപ്പിയാണ്.

ചിത്രീകരണ വേളകൾ….

സിനിമയിൽ  ട്രിപ്പ് പോകുന്ന ഭാഗങ്ങൾ 45-50 ദിവസം എടുത്താണ് ഷൂട്ട് ചെയ്തത്. ഒരിക്കലും ഒരു സിനിമ ചിത്രീകരണമാണെന്ന് തോന്നിയിരുന്നില്ല. ശരിക്കും പിക്‌നിക് പോയ പോലെയാണ് തോന്നിയത്. ചിത്രീകരണത്തിന്റെ പ്രഷർ ഞങ്ങളെ അറിയിക്കാതെയാണ് ഗണേഷേട്ടൻ ഷൂട്ട് ചെയ്തത്.

നിങ്ങൾ ഏഴ് പേരും തമ്മിൽ നല്ല കെമിസ്ട്രി ഉണ്ടായിരുന്നു. ആദ്യമായി തമ്മിൽ കാണുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ആണെന്ന് പറയുകയേ ഇല്ലായിരുന്നു….

ഷൂട്ടിങ്ങിന് മുമ്പ് ഞങ്ങൾക്ക് റിഹേഴ്‌സൽ ക്യാമ്പ് ഉണ്ടായിരുന്നു. ആ സമയത്ത് ഓരോ സീനും ആഴത്തിൽ അനലൈസ് ചെയ്ത് ഇംപ്രൂവ് ചെയ്യാനുള്ള സ്‌കോപ്പ് നോക്കി…അത്തരത്തിലുള്ള ഒരു ക്യാമ്പായിരുന്നു. ഡയലോഗുകൾ മനപാഠം പഠിക്കണമായിരുന്നു. ആ രണ്ടാഴ്ച്ച കൊണ്ടാണ് ഞങ്ങൾ ക്ലോസ് ആയത്. ഏഴ് പേരും തമ്മിൽ നല്ല സൗഹൃദം വന്നതും ഈ റിഹേഴ്‌സൽ ക്യാമ്പിൽ വച്ച് തന്നെയാണ്.

ചിത്രം കണ്ടതിന് ശേഷം നിരവധി പേർ അനുമോദിച്ചിട്ടുുണ്ടാകം. ആര് കോംപ്ലിമെന്റ് തന്നപ്പോഴാണ് ഏറ്റവും സന്തോഷം തോന്നിയത് ??

എന്റെ അച്ഛൻ അത്ര എക്‌സ്പ്രസ്സീവ് അല്ലാത്ത ആളാണ്. ചിത്രം കണ്ടു കഴിഞ്ഞപ്പോൾ അച്ഛൻ എനിക്ക് ഷെയ്ക്ക് ഹാൻഡ് തന്ന് എന്നെ കെട്ടിപിടിച്ചു. നന്നായിരുന്നു എന്ന് പറഞ്ഞു. അമ്മ പൊട്ടി കരഞ്ഞു….അപ്പോഴാണ് ശരിക്കും എന്റെ മനസ്സ് നിറഞ്ഞത്.

വേറെ സന്തോഷം തോന്നിയ ഒരു കാര്യം, ജ്യൂഡ് ആന്റണി സർ ചിത്രത്തിനെ പ്രകീർത്തിച്ച് കൊണ്ട് ഫെയ്‌സ് ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിൽ എനിക്ക് ഒരു സ്‌പെഷ്യൽ മെൻഷൻ കിട്ടിയിരുന്നു. ഇത്ര വലിയ ഒരു സംവിധായകൻ കോംപ്ലിമന്റ് ചെയ്തപ്പോൾ ശരിക്കും സന്തോഷം തോന്നി.

anandam, visakh nair, interview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top