തമിഴരെ പരിഹസിക്കുന്നവർക്കെതിരെ അജു വർഗ്ഗീസ്

ജയലളിതയുടെ മരണത്തിൽ മനംനൊന്ത് നെഞ്ചത്തടിച്ച് വിലപിക്കുന്നവരെ പരിഹസിക്കുന്നതിനെതിരെ നടൻ അജു വർഗീസ്. ഈ നെഞ്ചത്തടിച്ച് വാവിട്ട് കരയുന്നവർ ചാനലിൽ മുഖം വരാനോ കേവലം ഷോ ഓഫിനോ വേണ്ടിയല്ല, ഉള്ളിന്റെ ഉള്ളിൽ നിന്ന് തന്നെ ആണ് ആ സ്‌നേഹം പ്രകടിപ്പിക്കുന്നതെന്നും അജു ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ഒരു മുഖ്യമന്ത്രി മരിച്ചതിൽ സംസ്ഥാനം മൊത്തം കണ്ണീരിൽ കുതിരുന്നതിൽ പുച്ഛിക്കുന്നതിനു പകരം സ്വയമൊന്ന് തിരിഞ്ഞു നോക്കണം. ഈ നാട്ടിലെ ഏതെങ്കിലും ഒരു നേതാവ് മരിച്ചാൽ എന്തുകൊണ്ട് അത് സംഭവിക്കുന്നില്ലാ എന്നു തിരിച്ചറിയണം. അതിൽ മലയാളി ബുദ്ധിമാനായതുകൊണ്ടോ തമിഴൻ മണ്ടനായതുകൊണ്ടോ അല്ല. നമ്മുടെ നാട്ടിൽ സാധാരണക്കാരന് മുഖ്യമന്ത്രി എന്നാൽ ചാനലിൽ മാത്രം കണ്ട് പരിചയമുള്ള, തലപ്പത്തുള്ള ഒരു വ്യക്തിയും ഇവിടെ തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സാധാരണക്കാരുടെ കൂടപ്പിറപ്പിൽ ഒരാളെപ്പോലെ എന്ന വ്യത്യാസമാണുള്ളതെന്നും അജു പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം
തമിഴ്‌നാട്ടിലുള്ളവരെല്ലാം മണ്ടന്മാരാണോ..? ഒരു ഭരണാധികാരി അസുഖം വന്ന് മരിച്ചതിനു നെഞ്ചത്തടിച്ച് കരയാനും ആത്മഹത്യ ചെയ്യാനും അവിടുള്ള ഊളകൾക്ക് പ്രാന്താണോ..?
കുറച്ച് നേരമായി പലരിൽ നിന്നും ഉയരുന്ന വാക്കുകളാണിത്.
ഇനി പണ്ട് കോളേജിൽ ചേർന്ന സമയത്ത് എന്റെ ഒരു തമിഴ് കൂട്ടുകാരൻ ചോദിച്ച ഒരു കാര്യം പറയാം.
മച്ചാ ഞങ്ങളുടെ അമ്മാ ഞങ്ങക്ക് വേണ്ടി എന്തെല്ലാം ചെയ്ത് തരുന്നുണ്ടെന്ന് അറിയാവോ..??
പത്താം ക്ലാസ്സ് കഴിഞ്ഞ കുട്ടിക്ക് ഫ്രീ ആയി സൈക്കിൾ.
പ്ലസ് 2 കഴിയുന്നവർക്ക് ലാപ്‌ടോപ്.
ഗവൺമന്റ് ആശുപത്രിയിൽ ജനിക്കുന്ന ഒരു കുട്ടിക്ക് സോപ്പ്, പൗഡർ, കുട്ടിയുടുപ്പ്, ടവൽ, നാപ്കിൻ, ഓയിൽ, ഷാമ്പു മുതൽ ഒരു നവജാത ശിശുവിനു വേണ്ട സകലതും അമ്മ ബോൺ ബേബി കിറ്റ് എന്ന പദ്ധതി വഴി സർക്കാർ ചിലവിൽ നൽകപ്പെടും
പ്രസവം സൗജന്യം
ഗവൺമന്റ് ജോലി ഉള്ള ഒരു സ്ത്രീ ആണ് പ്രസവിക്കുന്നതെങ്കിൽ അടുത്ത ഒരു വർഷത്തേക്ക് ജോലിയിൽ നിന്നും വിട്ട് കുട്ടിയോടൊപ്പം നിന്നു കുട്ടിയെ പരിചരിക്കാം. മാസ ശമ്പളം കൃത്യമായി അക്കൗണ്ടിൽ എത്തും.
ഇനി ജനിക്കുന്നത് പെൺ കുഞ്ഞാണെങ്കിൽ വിവാഹ ചിലവിനായി 50000 രൂപ ധനസഹായം മുതൽ കെട്ടു താലി വരെ ഗവൺമന്റ്.
പാവപ്പെട്ടവർക്ക് ടി വി, ഗ്രൈന്റർ, മിക്സി അടക്കം ഒരു വീട്ടിലേക്കുള്ള സകല സാധനങ്ങളും ഗവൺമന്റ് നൽകും.
ഇങ്ങനെ ഒരു സാധാരണ തമിഴനെയും തമിഴത്തിയേയും സംബന്ധിച്ചിടത്തോളം നഷ്ടപ്പെടുന്നത് വെറുമൊരു മുഖ്യമന്ത്രി അല്ല., അവരുടെ സകല കാര്യങ്ങളും നോക്കി നടത്തുന്ന ഒരു കൂടപ്പിറപ്പാണ്.
ഈ നെഞ്ചത്തടിച്ച് വാവിട്ട് കരയുന്നവർ ചാനലിൽ മുഖം വരാനോ കേവലം ഷോ ഓഫിനോ വേണ്ടിയല്ല., ഉള്ളിന്റെ ഉള്ളിൽ നിന്നും തന്നെ ആണ്.
നമുക്ക് വേണ്ടി നല്ലത് മാത്രം ചെയ്യുന്ന കൂടപ്പിറപ്പല്ലാത്ത ഒരാള് നഷ്ടപ്പെടുമ്പോൾ നമ്മളങ്ങനെ ചെയ്യില്ലാരിക്കും. 2 മിനിട്ട് ദു:ഖിച്ചിട്ട് അടുത്ത വിഷയത്തിലോട്ട് പോകും. എന്നാൽ ഉപകാരം ചെയ്യുന്നവരെ ജീവനു തുല്യം സ്നേഹിച്ചതിനാണോ അവരെ മണ്ടന്മാരായി മുദ്ര കുത്തുന്നത്..?
ഒരാൾ മരിച്ചതിൽ മനം നൊന്ത് ആത്മഹത്യ ചെയ്യുന്നതിനെ ഒന്നും ഈ പോസ്റ്റ് ഒരു തരത്തിലും പിന്തുണക്കുന്നില്ല. പക്ഷേ ജനറലൈസ് ചെയ്ത് മണ്ടന്മാരെന്ന് മുദ്ര കുത്തരുതെന്നു മാത്രം.
ഒരു മുഖ്യമന്ത്രി മരിച്ചതിൽ ഒരു സംസ്ഥാനം മൊത്തം കണ്ണീരിൽ കുതിരുന്നതിൽ പുച്ഛിക്കുന്നതിനു പകരം സ്വയമൊന്ന് തിരിഞ്ഞു നോക്കണം. ഈ നാട്ടിലെ ഏതെങ്കിലും ഒരു നേതാവ് മരിച്ചാൽ എന്തുകൊണ്ട് അത് സംഭവിക്കുന്നില്ലാ എന്നു തിരിച്ചറിയണം. അതിൽ മലയാളി ബുദ്ധിമാനായതുകൊണ്ടോ തമിഴൻ മണ്ടനായതുകൊണ്ടോ അല്ല. നമ്മുടെ നാട്ടിൽ സാധാരണക്കാരന് മുഖ്യമന്ത്രി എന്നാൽ ചാനലിൽ മാത്രം കണ്ട് പരിചയമുള്ള, തലപ്പത്തുള്ള ഒരു വ്യക്തിയും ഇവിടെ തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സാധാരണക്കാരുടെ കൂടപ്പിറപ്പിൽ ഒരാളെപ്പോലെ എന്ന വ്യത്യാസമാണുള്ളത്.
അതുകൊണ്ട് നെഞ്ചത്തടിച്ച് കരയുന്നവരെ കാണുമ്പൊ പുച്ഛിക്കരുത്.
aju vargese jayalalitha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here