ചായ്‌വാലയിൽ നിന്നും മുഖ്യമന്ത്രി പദത്തിലേക്ക്….ആരായിരുന്നു പനീർ സെൽവം ??

ഡിസംബർ 5 ന് രാത്രി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഹൃദയ സ്തംഭനം മൂലം മരിച്ച ശേഷം പനീർ സെൽവം തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റു. അപ്പോളോ ആശുപത്രിയിൽ ഒത്തുകൂടിയ എഐഎഡിഎംകെ പ്രവർത്തകർ തങ്ങളുടെ ‘അമ്മ’ ജയലളിതയുടെ പിൻഗാമിയായി പനീർസെല്‍വത്തെ അംഗീകരിച്ചുകൊണ്ട് പ്രതിജ്ഞയും ചെയ്തു.
ആരായിരുന്നു പനീർസെൽവം. സാധാരണ ഒരു രാഷ്ട്രീയ പ്രവർത്തകനുമപ്പുറം ഒന്നുമില്ലായ്മയിൽ നിന്ന് തമിഴ്‌നാടിന്റെ അധിപനായി വളർന്ന അദ്ദേഹത്തിന്റേത് ആരെയും ഞെട്ടിക്കുന്ന വളർച്ചയായിരുന്നു. വെറും ചായക്കടക്കാരനായിരുന്ന പനീർ എങ്ങനെ മുഖ്യമന്ത്രി പദത്തിൽ എത്തി ??
യാത്ര തുടങ്ങുന്നു….
പനീർ സെൽവം….തമിഴ്‌നാട്ടിലെ തേവർ കുടുംബത്തിൽ ജനിച്ച അദ്ദേഹം, അത്തരം ചുറ്റുപാടിൽ നിന്നും രാഷ്ട്രീയത്തിന്റെ പരോമന്നത സ്ഥാനത്തെത്തിയ ആദ്യ വ്യക്തിയാണ്.
പെച്ചിമുത്ത് എന്നായിരുന്നു പനീറിന്റെ ആദ്യ നാമം. കുടുംബത്തിൽ ഈ പേരിൽ മുതിർന്ന മറ്റൊരാൾ ഉള്ളത് കാരണം പിന്നീട് പെച്ചിമുത്ത് എന്ന പേര് മാറ്റി പകരം പനീർസെൽവം എന്നാക്കി.
ഒട്ട്കര തേവരുടെ എട്ടു മക്കളിൽ ആദ്യപുത്രനാണ് പനീർ. തേനി പെരിയകുളം എന്ന ഗ്രാമത്തിലെ കർഷക കുടുംബമായിരുന്നു ഇവരുടേത്.
പ്രദേശത്തെ മുസ്ലിം നിവാസികൾക്ക് നിരവധി ധനസാഹയങ്ങൾ നൽകിയിട്ടുള്ളതിനാൽ അവർ ഇന്നും തേവർ കുടുംബത്തിന് കടപ്പെട്ടവരായിട്ടാണ് കാണുന്നത്.
ഈ കീർത്തിയാണ് പനീർസെൽവത്തിനും ലഭിച്ചത്. എഴുപതുകളിലും, എൺപതുകളിലും കുടുംബപരമായി നടത്തിവന്ന ബിസിനസ്സ് വ്യാപിപ്പിക്കുകയും, സ്വന്തമായി ഒരു ഡയറി ഫാം തുടങ്ങുകയും ചെയ്തു അദ്ദേഹം.
പനീർ സെൽവത്തിന്റെ പിതാവ് ഒട്ട്കാരയുടെ മരണശേഷം സഹോദരന് അച്ഛൻ നടത്തി വന്ന ചായക്കടയും, പനീർ സെൽവത്തിന് ഡയറി ഫാമും ലഭിച്ചു. എന്നാൽ തമിഴകത്തെ സൂപ്പർ സ്റ്റാർ എംജിആറിന്റെ ആരാധകനായിരുന്ന പിനീർ അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയായിരുന്ന എഐഎഡിഎംകെയിൽ അഗംമാവുകയും, മുഴുവൻ സമയവും രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് തിരിയുകയും ചെയ്തു.
രാഷ്ട്രീയത്തിലേക്ക്
1970 ൽ തേനിയിൽ പിവി ക്യാന്റീൻ എന്ന ചായക്കട തുടങ്ങിയിരുന്നു പനീർസെൽവം. എന്നാൽ രാഷ്ട്രീയ പ്രവർത്തനത്തിനിടെ ബിസിനസ്സ് നോക്കി നടത്താൻ സാധിക്കാത്തതിനാൽ തന്റെ സഹോദരന് 1980 ൽ പനീർ തന്റെ ചായക്കട കൈമാറി.
എഐഎഡിഎംകെ യിലെ സജീവ പ്രവർത്തകനായിരുന്ന പനീർ 2001 മുതൽ ജയലളിത മന്ത്രിസഭയിലെ, ധനകാര്യം, എക്‌സൈസ് പോലുള്ള പ്രധാന സ്ഥാനങ്ങൾ വഹിച്ചിരുന്നു.
എന്നാൽ പനീർ പെരിയകുളം മുനിസിപാലിറ്റി ചെയർമാനാവാൻ മാത്രമായിരുന്നു മോഹിച്ചിരുന്നത്. 1996 ൽ പനീറിന്റെ ഈ ആഗ്രഹം നിറവേറി. പിന്നീടങ്ങോട് പനീറിന് ലഭിച്ചതെല്ലാം ബോണസ്. ക്യാബിനറ്റ് സ്ഥാനങ്ങൾ മാത്രമല്ല മുഖ്യമന്ത്രി പദത്തിൽ വരെ എത്തി നിൽക്കുന്നതായിരുന്നു പനീറിന്റെ വിജയഗാഥ.
1987 ൽ എംജിആറിന്റെ മരണത്തോടെ എഐഎഡിഎംകെയിൽ ഭിന്നത വന്നപ്പോഴാണ് പനീർ സെൽവത്തിന്റെ രാഷ്ട്രീയ കളി ജനം കണ്ടത്. അധികാരമുള്ളവരുടെ കൂടെ നിൽക്കുന്ന രാഷ്ട്രീയ തന്ത്രമാണ് പനീർ ഇപയോഗിച്ചിരുന്നത്. എംജിആറിന്റെ മരണശേഷം എഐഎഡിഎംകെയിൽ ഭിന്നത വന്നപ്പോൾ ആദ്യം ജാനകിയുടെ കൂടെ നിന്ന പനീർ പിന്നീട് ജയയിലേക്ക് അധികാരം വരുന്നത് കണ്ടപ്പോൾ ജയയുടെ കൂടെ നിന്നു.
2001 വരെ പെരിയകുളം മുനിസിപാലിറ്റി ചെയർമാനായി സ്ഥാനം വഹിച്ച പനീറിനെ ജയ റവന്യൂ മന്ത്രിയായി നിയമിച്ചു.
ജയയോടൊപ്പം
ജയയോട് ഏറ്റവും അടുത്ത് നിൽക്കുന്ന 4 വിശ്വസ്ഥരിൽ ഒരാളായിരുന്നു പനീർ. ജയലളിത കേസുകളിൽ പെട്ട് ജയിലിൽ കഴിഞ്ഞ 2001, 2004 കാലഘട്ടങ്ങളിൽ പനീർ സെൽവം മുഖ്യമന്ത്രിയായി അധികാരമേറ്റിട്ടുണ്ട്. പക്ഷേ ജയലളിത ഇരുന്നിരുന്ന മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. മുഖ്യമന്ത്രി കസേരയ്ക്ക് സമീപമുള്ള ഒഴിഞ്ഞ കസേരയിലാണ് പനീർ ഇരുന്നിരുന്നത്.
2016 ഒക്ടോബർ 11 ന് ജയയുടെ ആരോഗ്യനില അവതാളത്തിലായതിനെ തുടർന്ന് അപ്പോളോ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തതിന് ശേഷം ജയലളിത മന്ത്രിസഭയിലെ പ്രധാനപ്പെട്ട വകുപ്പുകളെല്ലാം പനീർസെൽവമാണ് കൈകാര്യം ചെയ്തിരുന്നത്.
ജയയോടുള്ള അമിതവിധേയത്വം
ജയയോട് പനീർസെൽവത്തിനുണ്ടായിരുന്നത് ഒരുതരം ഭ്രാന്തമായ ആരാധനായിരുന്നു. 2014 ൽ ജയലളിത ജയിലിലായിരുന്ന സമയത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റ പനീർ പൊട്ടി കരഞ്ഞുകൊണ്ടാണ് പ്രതിജ്ഞ ചൊല്ലിയത്. മാത്രമല്ല ആ സമയത്ത് ജയയ്ക്ക് വേണ്ടി ശബരിമലയിൽ പ്രത്യേക പ്രാർത്ഥനയും പനീർ നടത്തിയിരുന്നു.
ജയയുടെ അഭാവത്തിൽ മുഖ്യമന്ത്രി കസേരയിൽ നടന്ന ക്യാബിനറ്റ് മീറ്റുങ്ങകളിലെല്ലാം ജയയുടെ ഫോട്ടോ വെച്ചിട്ടുണ്ടായിരുന്നു. പനീറിന്റെ കാർ ഡാഷ്‌ബോർഡിലും, ഷർട്ടിന്റെ പോക്കറ്റിലും ജയയുടെ ചിത്രം ഉണ്ടായിരുന്നുവെന്ന് പനീറിന് അടുത്ത് നിൽക്കുന്നവർ പറയുന്നു. ജയലളിതയുടെ ജയിൽവാസ കാലത്ത് പനീറല്ല മറിച്ച് ജയതന്നെയാണ് ഭരിച്ചിരുന്നത് എന്നും പറയപ്പെടുന്നുണ്ട്. ജയയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ചലിക്കുന്ന പാവ മാത്രമായിരുന്നു പനീറെന്ന് ഇതിലൂടെ വ്യക്തം.
അതുകൊണ്ടു തന്നെ അമ്മ ജയലളിതയുടെ നിർദ്ദേശം അനുസരിച്ചല്ലാതെ ലക്ഷക്കണക്കിന് വരുന്ന തമിഴ് മക്കളുടെ ഉന്നമനത്തിനും നാടിന് വേണ്ടയുള്ള നടപടികളും എടുക്കാനുമുള്ള കഴിവും കാര്യപ്രാപ്തിയും പനീറിനുണ്ടോ എന്ന് ചിലരെങ്കിലും ആശങ്കപ്പെടുന്നു.
from chaiwala to tn chief minister paneer selvam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here