Advertisement

ഐഎഫ്എഫ്കെ നാളെ മുതല്‍

December 8, 2016
1 minute Read
iffk
ഐഎഫ്എഫ്കെ നാളെ ആരംഭിക്കും. നാളെ വൈകീട്ട് 6ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍ അദ്ധ്യക്ഷത വഹിക്കും. ധനമന്ത്രി ഡോ. തോമസ് ഐസക് ഫെസ്റ്റിവല്‍ ബുക്ക് മേയര്‍ വി.കെ. പ്രശാന്തിന് നല്‍കി പ്രകാശനം ചെയ്യും. എം.പിമാരായ ഡോ. ശശിതരൂര്‍, സുരേഷ് ഗോപി, കെ. മുരളീധരന്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും. അമോല്‍ പലേക്കര്‍ വിശിഷ്ടാതിഥിയാണ്.
 രജിസ്റ്റര്‍ ചെയ്ത് പാസെടുത്ത പ്രതിനിധികളടക്കം 13,000 പേരാണ് ഇക്കുറി സിനിമ കാണാനത്തെുക. 13 തിയറ്ററുകളിലാണ് പ്രദര്‍ശനം. നിശാഗന്ധി ഓപണ്‍ ഓഡിറ്റോറിയത്തില്‍ 2,500 പേര്‍ക്ക് സിനിമ കാണാന്‍ സൗകര്യമുള്ള തിയറ്റര്‍ സജ്ജമാക്കിയിട്ടുണ്ട്. വൈകീട്ട് 6, 8, 10 എന്നീ സമയങ്ങളിലാണ് പ്രദര്‍ശനങ്ങള്‍. ജൂറി അംഗങ്ങള്‍ക്കും അതിഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി ഇത്തവണ പ്രത്യേകം തീയറ്ററില്‍ പ്രദര്‍ശനം നടത്തും.
62 രാജ്യങ്ങളില്‍നിന്ന് 185 ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നത്. അന്താരാഷ്ര്ട മത്സരവിഭാഗത്തില്‍ 15 സിനിമകളും ലോക സിനിമാ വിഭാഗത്തില്‍ 81 സിനിമകളും പ്രദര്‍ശിപ്പിക്കും. ലോക സിനിമ, ഇന്ത്യന്‍ സിനിമ ഇപ്പോള്‍, മലയാള സിനിമ ഇന്ന്, തുടങ്ങിയ വിഭാഗങ്ങളില്‍ മികച്ച ചിത്രങ്ങളാണ് മേളയിലുള്ളത്. കുടിയേറ്റമാണ് മേളയുടെ കേന്ദ്രപ്രമേയം.
 
അഫ്ഗാന്‍ ചിത്രമായ പാര്‍ട്ടിങ് ആണ് ഉദ്ഘാടന ചിത്രം. പ്രശസ്ത സംവിധായകന്‍ കെന്‍ ലോച്ചിന്‍്റെ ചിത്രങ്ങള്‍ സ്മൃതിപരമ്പര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
  ഹോമേജ് വിഭാഗത്തില്‍ ഇറാനിയന്‍ സംവിധായകനായ അബ്ബാസ് കിയരോസ്തമി, പോളിഷ് സംവിധായകനായ ആന്ദ്രേവൈദ, മലയാള സിനിമാസംവിധായകരായ രാജേഷ്പിള്ള (ട്രാഫിക്), ശശിശങ്കര്‍ (നാരായം), തിരക്കഥാകൃത്തുക്കളായ ടി.എ. റസാഖ് (പെരുമഴക്കാലം), എ. ഷെരീഫ് (അവളുടെ രാവുകള്‍), നടി കല്‍പ്പന (തനിച്ചല്ല ഞാന്‍) നടന്‍ കലാഭവന്‍ മണി (ആയിരത്തിലൊരുവന്‍) എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത ഓപ്പോള്‍, പണി തീരാത്ത വീട് തുടങ്ങിയ 5 ചിത്രങ്ങള്‍ മലയാളം സ്മൃതിപരമ്പര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ലൈഫ് ഓഫ് ആര്‍ട്ടിസ്റ്റ് വിഭാഗത്തില്‍ പ്രശസ്ത ചിത്രകാരന്‍ വാന്‍ഗോഗ് ഉള്‍പ്പെടെയുള്ളവരെ കുറിച്ചുള്ള 6 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
 
ചലച്ചിത്ര ചരിത്രം അടയാളപ്പെടുത്തുന്ന പോസ്റ്ററുകള്‍, നോട്ടീസുകള്‍, പാട്ടുപുസ്തകങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച ഡിജിറ്റല്‍ ഇന്‍സ്റ്റലേഷന്‍ ടാഗോര്‍ തീയേറ്ററില്‍ താരങ്ങളായ ജഗതി ശ്രീകുമാറും ഷീലയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.
അന്താരാഷ്ര്ട മത്സരവിഭാഗം, നെറ്റ്പാക്, ഫിപ്രസ്സി എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍. ചലച്ചിത്രോത്സവം മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കും മികച്ച തീയേറ്ററിനും പുരസ്കാരങ്ങള്‍ നല്‍കും.

iffk, trivandrum, film festival of kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top