ഇന്ന് രോഹിത് വെമുല ശഹാദത് ദിൻ

ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷക വിദ്യാർഥി രോഹിത് വെമുല ആത്മഹത്യ ചെയ്തിട്ട് ഇന്ന് ഒരു വർഷം തികയുന്നു. രോഹിത് മരണപ്പെട്ട ജനുവരി 17 നു രോഹിത് വെമുല ശഹാദത്ത് ദിൻ ആയി ആചരിക്കുകയാണ് ഹൈദരബാദിലെ സഹപാഠികൾ. സർവകലാശാലയിൽ വർഷങ്ങളായി തുടർന്നു പോന്നിരുന്ന ദളിത് വിവേചനത്തിനെതിരായ പ്രതിഷേധം കൂടിയായിരുന്നു ആ ആത്മഹത്യ. രാജ്യം ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പ്രതിഷേധവും മുദ്രാവാക്യങ്ങളുമാണ് രോഹിത് വെമുലയ്ക്ക് വേണ്ടി ഉയർന്നത്. ജെ.എൻ.യു ക്യാംപസിൽ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റടിച്ചതും അത് വ്യാപിക്കാതിരിക്കാൻ ഭരണകൂടം കാവൽ നിന്നതും രാജ്യത്തിൻറെ സമരചരിത്രത്തിലെ അപൂർവ്വ സംഭവമായി.
ഹൈദരാബാദ് സർവ്വകലാശാലയിലെ ഒരു ഗവേഷണ വിദ്യാർത്ഥിയായിരുന്നു രോഹിത് വെമുല. ഒരു ദരിദ്ര കുടുംബത്തിലെ ഏക അത്താണി്. രോഹിതിന്റെ 25000 രൂപയുടെ സ്‌കോളർഷിപ്പ് വി.സി അന്യായമായി തടഞ്ഞ് വെച്ചതിനെ തുടർന്ന് തനിക്കത് അനുവദിച്ച് തരുന്നിലെങ്കിൽ പകരം കുറച്ച് വിഷമോ കയറോ പകരം തരണമെന്ന് രോഹിത്ത് വി സി ക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. തന്നെ ജീവിക്കാൻ അനുവദിക്കണമെന്നും രോഹിത് അപേക്ഷിച്ചിരുന്നു.
എബിവിപി നേതാവ് സുശീൽ കുമാറിനെ മർദ്ധിച്ചു എന്നാരോപിച്ച് 2015 ആഗസ്റ്റ് 5ന് രോഹിത് അടക്കം അഞ്ചുപേർക്കെതിരെ സർവ്വകലാശാല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സ്ഥലം എം.പി ബന്ദാരു ദത്താത്രേയ മന്ത്രി സ്മൃതി ഇറാനിക്ക് നടപടി ആവശ്യപ്പെട്ട് 2015 ആഗസ്റ്റ് 17ന് കത്തയച്ചു. യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ രോഹിത് അടക്കമുള്ള എ.എസ്.എ പ്രവർത്തകർ പ്രതിഷേധിച്ചുവെന്ന് കത്തിൽ ആരോപിക്കുന്നുണ്ട്. തുടർന്ന് 2015 സെപ്റ്റംബറിൽ അഞ്ചുപേരും സസ്‌പെൻഡ് ചെയ്യപ്പെടുകയും 2016 ജനുവരി 3ന് ഹോസ്റ്റലിൽ നിന്ന് പുറത്താക്കപ്പെടുകയുമായിരുന്നു. തുടർന്ന് കാമ്പസ്സിൽ വിദ്യാർത്ഥികൾ നിരാഹാരസമരം ആരംഭിച്ചു. പിന്നീട് സർവകലാശാലയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
ഒടുവിൽ സമ്മർദ്ദം താങ്ങാനാവാതെ രോഹിത് ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സർവ്വകലാശാലയിൽ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ആത്മഹത്യ ചെയ്യുന്ന ഒമ്പതാമത്തെ ദളിത് വിദ്യാർത്ഥിയായിരുന്നു രോഹിത്. ‘എന്റെ പിറവിയാണ് എന്റെ മാരകമായ അപകടം’ എന്ന രോഹിത്തിന്റെ ആതമഹത്യ കുറിപ്പിലെ ഒരൊറ്റവാക്യത്തിലൂടെ രോഹിത് എല്ലാം പറയുന്നുണ്ട്.
death anniversary of rohith vemul
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here