യു.ഡി.എഫ്. കളക്ടറേറ്റ് പിക്കറ്റിങ്; ജനുവരി 24 ന്

കേന്ദ്രസംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ ജനുവരി 24 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റു ജില്ലകളിൽ ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലും യു.ഡി.എഫ്. നേതൃത്വത്തിൽ പിക്കറ്റിംഗ് നടത്തും. കേന്ദ്രസർക്കാർ നോട്ടു പിൻവലിച്ചതുമൂലം ജനങ്ങൾക്ക് ഉണ്ടായ ദുരിതം പരിഹരിക്കാത്തതും സഹകരണ ബാങ്കുകളെ തകർക്കുന്നതും സംസ്ഥാന സർക്കാർ റേഷൻ വിതരണം താറുമാറാക്കിയതിലും രണ്ടുലക്ഷത്തോളം ക്ഷേമപെൻഷനുകൾ വെട്ടിക്കുറച്ചതും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിക്കറ്റിംഗ് സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പങ്കെടുക്കും. കൊല്ലത്ത് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ്, ആലപ്പുഴയിൽ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരൻ, പത്തനംതിട്ടയിൽ ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് എക്‌സ് എം.എൽ.എ., കോട്ടയത്ത് എ.ഐ.സി.സി. വക്താവ് പി.സി.ചാക്കോ, ഇടുക്കിയിൽ കേരള കോൺഗ്രസ് (ജെ) ചെയർമാൻ ജോണി നെല്ലൂർ, എറണാകുളത്ത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ്. കൺവീനർ പി.പി.തങ്കച്ചൻ പങ്കെടുക്കും.
തൃശ്ശൂരിൽ കെ.സി.വേണുഗോപാൽ എം.പി.., പാലക്കാട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., മലപ്പുറത്ത് ഡോ. എം.കെ.മുനീർ എം.എൽ.എ., കോഴിക്കോട്ട് ജനതാദൾ (യു.) സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാർ എം.പി., കണ്ണൂരിൽ കെ. മുരളീധരൻ എം.എൽ.എ., വയനാട്ടിൽ സി.എം.പി. സംസ്ഥാന സെക്രട്ടറി സി.പി.ജോൺ, കാസർഗോഡ് ബെന്നി ബഹന്നാൽ എക്‌സ് എം.എൽ.എ. എന്നിവർ പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്യുമെന്ന് യു.ഡി.എഫ്. കൺവീനർ പി.പി.തങ്കച്ചൻ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here