പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജനുവരി 29 നും ഏപ്രിൽ 2നും

- എറണാകുളം ജില്ലയിൽ 2,25,782 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
2017 ലെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ തയ്യാറെടുപ്പുകൾ പൂർത്തിയായി. എറണാകുളം ജില്ലയിൽ അഞ്ചു വയസ്സിന് താഴെയുള്ള 2,25,782 കുട്ടികൾക്ക് പരിപാടിയുടെ ഭാഗമായി ഒരു ഡോസ് പോളിയോ തുള്ളിമരുന്ന് നൽകും. പൾസ് പോളിയോ ദിനങ്ങളായ ജനുവരി 29, ഏപ്രിൽ 2 എന്നീ തീയതികളിൽ പ്രത്യേകം തയ്യാറാക്കുന്ന പൾസ് പോളിയോ ബൂത്തുകളിലൂടെയാണ് തുള്ളിമരുന്ന് നൽകുന്നത്.
ജില്ലയിൽ പ്രത്യേകം സജ്ജീകരിക്കുന്ന 1806 പൾസ് പോളിയോ ബൂത്തുകൾ വഴിയാണ് ജനുവരി 29 നും ഏപ്രിൽ 2 നും തുള്ളിമരുന്ന് നൽകുന്നത്. എല്ലാ സർക്കാർ ആശുപത്രികളിലും, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും, സബ് സെൻറ്ററുകളിലും അന്നേ ദിവസങ്ങളിൽ പൾസ് പോളിയോ ബൂത്തുകൾ പ്രവർത്തിക്കും. ഇത് കൂടാതെ, അങ്കണവാടികൾ, ആയുർവേദ, ഹോമിയോ ആശുപത്രികൾ, മറ്റു പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ബൂത്തുകൾ പ്രവർത്തിക്കുന്നതാണ്. കൂടാതെ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബോട്ട് ജെട്ടികൾ, വിമാനത്താവളം തുടങ്ങിയ പൊതു സ്ഥലങ്ങളിലായി 54 ട്രാൻസിറ്റ് ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്. പൾസ് പോളിയോ ദിനങ്ങളിൽ 5 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളെയും മാതാപിതാക്കൾ അടുത്തുള്ള പൾസ് പോളിയോ ബൂത്തിലെത്തിച്ച് ഓരോ ഡോസ് തുള്ളിമരുന്ന് നൽകണം. ട്രൈബൽ മേഖലകളിലും, ഇതര സംസ്ഥാന ക്യാമ്പുകളിലും, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലും തുള്ളിമരുന്ന് വിതരണത്തിനായി 73 മൊബൈൽ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.
ഏതെങ്കിലും കാരണവശാൽ ബൂത്തിലെത്തി തുള്ളിമരുന്ന് നൽകാൻ സാധിക്കാതെ പോകുന്ന കുട്ടികളെ കണ്ടെത്തി തുള്ളി മരുന്ന് നൽകുന്നതിനായി ജനുവരി 30, 31 എന്നീ തീയതികളിലും, ഏപ്രിൽ 3, 4 എന്നീ തിയതികളിലും പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും വീടുകളിലെത്തും. ബൂത്തുകളിൽ സേവനം അനുഷ്ഠിക്കുന്നതിനും, ഭവനസന്ദർശനത്തിലൂടെ വാക്സിൻ ലഭിക്കാത്ത കുട്ടികളെ കണ്ടെത്തി തുള്ളിമരുന്ന് നൽകുന്നതിനുമായി 7212 വോളന്റിയർമാർക്ക് പ്രത്യേക പരിശീലനം നൽകി വിവിധ ബൂത്തുകളിലേക്ക് നിയോഗിച്ചു കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here