Advertisement

ചായക്കടകൾ അടച്ചുപൂട്ടണം സർ

January 28, 2017
1 minute Read
THIRUTRH

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കടുത്ത വിമർശനമുയർത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, ചായക്കടകൾ തട്ടിക്കൂട്ടുംപോലെയാണ് പലരും വിദ്യാലയങ്ങൾ നടത്തുന്നതെന്ന് ആരോപിക്കുന്നു. അബ്കാരി ബിസിനസ്സിനെക്കാൾ മികച്ച വ്യാപാരമായി വിദ്യാഭ്യാസക്കച്ചവടത്തെ ചിലർ കാണുന്നുവെന്നും അദ്ദേഹം പറയുന്നു.

അങ്ങനെയെങ്കിൽ, താങ്കൾക്ക് കൃത്യമായി കാര്യങ്ങൾ ബോധ്യപ്പെട്ടു കഴിഞ്ഞ സ്ഥിതിയ്ക്ക് എന്തൊക്കെയാണ് നടപടികൾ സർ ? പ്ലേ സ്‌കൂളിൽ ചേരാൻ ലക്ഷങ്ങളുടെ കൈക്കൂലിയിൽ നിന്നാരംഭിക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിന്റെ ഏത് കടയ്ക്കലാണ് താങ്കൾ കത്തിവച്ച് തുടങ്ങുക ? അബ്കാരികളും, മതമേലാളന്മാരും നയിക്കുന്ന പ്രൊഫഷണൽ കലാലയങ്ങൾക്ക് മേൽ എന്ത് നിയന്ത്രണങ്ങളാണ് താങ്കളുടെ സർക്കാർ കൈക്കൊള്ളുക ?

നിയമ വിദ്യാഭ്യാസത്തെയും ചായക്കടയെയും ഒരേ പോലെ കാണുന്ന അടുക്കള ഭരണത്തിന് മേൽ എന്ത് രാഷ്ട്രീയാതീത പോരാട്ടമാണ് താങ്കൾക്ക് നടത്താനാവുക ? വിദ്യാഭ്യാസ ജന്മിമാരെയും അവരുടെ വ്യവസ്ഥകളെയും മറ്റൊരു ഭൂപരിഷ്‌കരണ നിയമത്തിലൂടെ താങ്കളുടെ ഇടതുപക്ഷ സർക്കാരിന് തച്ചുടയ്ക്കാനാകുമോ ?

പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തിയാൽ ‘എല്ലാ ശരിയാകു’മെന്ന ധാരണയോടെ താങ്കൾക്കും സർക്കാരിനും ഈ ഈജിയൻ തൊഴുത്തിനെ വെടിപ്പാക്കാൻ കഴിയില്ല ! വിദ്യാഭ്യാസ ചായക്കടകൾ മാത്രമല്ല, ഫൈവ് സ്റ്റാർ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടപ്പെടേണ്ടവയുടെ ലിസ്റ്റിൽ ഉൾപ്പെടണം. കൊലയാളികളുടെ വിഹാര കേന്ദ്രങ്ങളായി സ്വാശ്രയ കോളേജുകൾ മാറ്റിക്കഴിഞ്ഞതിന്റെ ദുരന്തകഥകൾ അറിഞ്ഞിട്ടും എന്തുകൊണ്ടാണ് താങ്കളുടെ നീതിവാളിന് അരിഞ്ഞുവീഴ്ത്താൻ മൂർച്ചയില്ലാതെ പോകുന്നത് ?

സ്വാശ്രയ വിദ്യാഭ്യാസ രംഗം നവീകരിക്കണമെന്ന് ആത്മാർത്ഥമായി താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ ചിലത് ചെയ്യുക – കേരളത്തിൽ കൂണുപോലെ മുളച്ചുപൊങ്ങുന്ന പ്ലേ സ്‌കൂളുകൾക്ക് മേൽ നിയന്ത്രണം കൊണ്ടുവരുക. അന്യായമായ ഫീസും, ഡൊണേഷനും കൈപ്പറ്റുന്ന എല്ലാ സ്വകാര്യ സ്‌കൂളുകളുടെയും പ്രവർത്തനം നിരോധിക്കുക . സ്വകാര്യ സ്‌കൂളുകൾക്ക് മേൽ സാമൂഹിക ഓഡിറ്റിംഗ് നടപ്പാക്കുക. കൂടുതൽ സ്വാശ്രയ പ്രൊഫഷണൽ സ്ഥാപനങ്ങൾ അനുവദിക്കാതിരിക്കുക. വരും വർഷമെങ്കിലും ഫീസ് വ്യവസ്ഥയിൽ കടുത്ത തീരുമാനമെടുത്ത് നടപ്പാക്കുക. കേരളത്തിൽ കച്ചവടം നടത്തുന്ന 118 എഞ്ചിനിയറിംഗ് കോളേജുകളും സ്വന്തം നിലയിൽ ഒരു വ്യവസായശാല തുറക്കാനാവശ്യപ്പെടുക. ഇത്തരത്തിൽ വ്യവസായം തുടങ്ങാൻ കഴിയാത്ത സ്ഥാപനങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കുക.

നമുക്ക് നല്ല ചായ കിട്ടുന്ന ചായക്കട മതി – മറ്റുള്ളവയെല്ലാം അടച്ചു പൂട്ടിക്കണം സർ !

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top