Advertisement

ആയിരം കുളങ്ങൾ; സ്വപ്‌ന പദ്ധതിയുമായി വയനാട്

February 8, 2017
1 minute Read
wayanadu dry land

കൊടും ചൂടും മഴ ലഭ്യത കുറവും വലയ്ക്കുന്ന കേരളത്തിന്റെ ദാഹമകറ്റാൻ ആയിരം കുളങ്ങൾ നിർമ്മിക്കുന്ന സ്വപ്‌ന പദ്ധതിയുമായി ലീഗൽ സർവ്വീസ് അതോറിറ്റിയും കാർഷിക ഗവേഷണ കേന്ദ്രവും കൈകോർക്കുന്നു. വയനാട് ജില്ലയിലെ കർഷകരുടെ ദുരിതമവസാനിപ്പിക്കുന്നതോടൊപ്പം കേരള ജനതയ്ക്കും പ്രതീക്ഷയാവുകയാണ് പദ്ധതി. കുറഞ്ഞ ചെലവിൽ നിർമ്മിക്കുന്ന കുളങ്ങളിൽ ഭക്ഷ്യ-അലങ്കാര മത്സ്യങ്ങളെ വളർത്തുകയും ഒപ്പം അവയെ ജലസംഭരണിയായി ഉപയോഗപ്പെടുത്തുകയും ചെയ്യുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പുതുമയാർന്ന ഈ ആശയം പ്രായോഗികമാക്കാൻ പൂക്കോട് വെറ്ററിനറി സർവ്വകലാശാല, കൃഷിഫിഷറീസ്‌വനംപട്ടികവർഗ്ഗ വകുപ്പുകൾ, കുടുംബശ്രീ, നബാർഡ്, ലോക മലയാളി കൗൺസിൽ എന്നിവരുടെ സഹകരണഹസ്തവും ഇവർക്ക് ലഭിക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായി അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ചൊവ്വാഴ്ച നടന്ന ശിൽപശാലയിൽ കർഷകർക്കും വിദ്യാർത്ഥികൾക്കും സന്നദ്ധ പ്രവർത്തകർക്കും കുറഞ്ഞ ചെലവിൽ കുളം നിർമ്മിക്കുന്നതിലും ആദായകരമായ മത്സ്യകൃഷി നടത്തുന്നതിലും പരിശീലനം നൽകി. വയനാടിന്റെ പരിസ്ഥിതിയെ വീണ്ടെടുക്കുകയാണ് ഈ ശ്രമംകൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് പരിശീലന ക്ലാസിൽ ആമുഖപ്രഭാഷണം നടത്തിയ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ചെയർമാനും ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജിയുമായ ഡോ.വി.വിജയകുമാർ പറഞ്ഞു. പതിനായിരം കുളങ്ങൾ എന്ന ലക്ഷ്യപൂർത്തീകരണത്തിനായി മുന്നൂറ് പേരടങ്ങുന്ന ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

നാട്ടിൽ മാത്രമല്ല കാട്ടിലും വെള്ളവും ഭക്ഷ്യ വസ്തുക്കളും വേണം. കാട്ടിൽ ഇവ രണ്ടുമില്ലാത്തത്തതുകൊണ്ടാണ് വന്യമൃഗങ്ങൾ നാട്ടിലേക്കെത്തുന്നത്. പദ്ധതി പൂർത്തിയാവുന്നതോടെ ഒഴികിപ്പോകുന്ന വെള്ളം മണ്ണിനും മനുഷ്യനും സസ്യലതാദികൾക്കുമായി പിടിച്ചു നിർത്താനും കുളങ്ങളിൽ മത്സ്യം വളർത്തുക വഴി ദാരിദ്ര്യവും തൊഴിലില്ലായ്മയും അകറ്റാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഴ കുറഞ്ഞിട്ടു പോലും കേരളത്തിൽ രണ്ടായിരം മില്ലീമീറ്റർ പ്രതിവർഷം മഴ ലഭിക്കുന്നുണ്ടെന്നും ഇതിന്റെ നാലിലൊന്ന് മതി കേരളത്തെ ഹരിതാഭമാക്കാനെന്നും കാർഷിക ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഡോ.പി.രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top