Advertisement

കൊടുങ്ങല്ലൂർ മുതൽ മൂന്നാർ വഴി ആലപ്പുഴ വരെ സിനിമാ പണം ഒഴുകുന്ന റൂട്ട് !

February 23, 2017
4 minutes Read

അരവിന്ദ് വി / ക്രിമിനൽ വേഷങ്ങൾ സിനിമയിലെത്തുമ്പോൾ 3

സിനിമയിൽ നിന്നും ലഭിക്കുന്ന പണം തികയാത്തതു കൊണ്ടാണോ താരങ്ങളും മറ്റു സിനിമാപ്രവർത്തകരും അമിത സമ്പാദ്യത്തിനായി കുറുക്കു വഴികൾ തേടുന്നത് ? എങ്കിൽ പിന്നെ നിന്ന് തിരിയാൻ പോലും നേരമില്ലാത്ത മുൻ നിര താരങ്ങൾ എന്തിനു ഭൂമിക്കച്ചവടം നടത്തുന്നു എന്ന ചോദ്യം ഉയരും.

‘കൊച്ചിയെയും എറണാകുളത്തെ സിനിമാക്കാരെയും നിങ്ങൾ അടച്ചാക്ഷേപിക്കുന്നു’

ഈ പരമ്പരയുടെ ഒന്നും രണ്ടും ഭാഗങ്ങൾക്ക് ശേഷം സൗഹൃദമുള്ള ചില കൊച്ചി സിനിമാക്കാർ പ്രതികരിച്ചതിങ്ങനെയാണ് – ‘കൊച്ചിയെയും എറണാകുളത്തെ സിനിമാക്കാരെയും നിങ്ങൾ അടച്ചാക്ഷേപിക്കുന്നു’. അതേ സമയം ലേഖനത്തിലെ ഒരു പരാമർശം പോലും അവർ നിഷേധിക്കുന്നുമില്ല. സത്യത്തിൽ എറണാകുളം മലയാളം സിനിമയിലെ വഴിമാറിയ സഞ്ചാരികളുടെ കൂടി അച്ചുതണ്ടാവുകയാണ്. അടച്ചു പറയുകയല്ല. എറണാകുളം ഒരു കേന്ദ്രബിന്ദു മാത്രം. കടൽ തീരത്ത് കൂടി വടക്കോട്ടു കൊടുങ്ങല്ലൂർ വരെയും തൃശൂർ വരെ എൻ എച്ച് 47 ലൂടെയും, തെക്കോട്ടു ആലപ്പുഴ – കുട്ടനാടിലേക്കും , കിഴക്കോട്ട് മൂന്നാറുൾപ്പെടെ ഏതാണ്ട് ഇടുക്കി മുഴുവനായും സിനിമാ-റിയൽ എസ്റ്റേറ്റ് നിക്ഷേപകരുടെ വിഹാര ഭൂമിയാണ്.

ചരിത്രത്തിലെ സ്‌പൈസ് ഗാർഡൻ മുസരീസ്സ് ഇന്ന് റിസോർട്ട് ഹബ്ബ്

തെക്കുപടിഞ്ഞാറൻ തീരമായ മുസരീസ്സ് അന്ന് ചരിത്രത്തിൽ സുഗന്ധദ്രവ്യങ്ങളുടെ പറുദീസയും വിഖ്യാതമായ സ്‌പൈസ് റൂട്ടിന്റെ തലസ്ഥാന തുല്യമായ തുറമുഖവും ആയിരുന്നു. പഴയതൊക്കെ പൊടി തട്ടി ഹെറിറ്റേജ് പായ്ക്കുകളിൽ ആക്കി റിസോർട്ടുകൾ ഉണ്ടാക്കി ഈ തീരത്തെയാകെ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റിയതിൽ സിനിമയിൽ നിന്നുള്ള വരുമാനത്തിന് വലിയ പങ്കാണുള്ളത്. ചെറുതും വലുതുമായ 100 ലേറെ റിസോർട്ടുകളാണ് പഴയ മുസ്സിരിസ്സിൽ നിറഞ്ഞു വിലസുന്നത്. വൈപ്പിൻ മുതൽ പറവൂർ , കൊടുങ്ങല്ലൂർ, കൈപ്പമംഗലം എന്നിങ്ങനെ നാല് അസ്സംബ്ലി മണ്ഡലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഭാഗം അധികം ശ്രദ്ധയാകർഷിക്കാതെ തന്നെ ഒതുക്കത്തിൽ നിക്ഷേപം നടത്താൻ പറ്റിയ ഭൂമിയാണ്. ചാലക്കുടിയിലേക്കും തൃശൂരിലേക്കും ഇത് വ്യാപിപ്പിച്ചത് സിനിമാക്കാർ തന്നെ.

ആലപ്പുഴ – കുട്ടനാട്

റിസോർട്ട് ബിസ്സിനസ്സ് തന്നെയാണ് ആലപ്പുഴ കുട്ടനാട് മേഖലയിലും പ്രധാനമായും. കൈനകരി, രാമങ്കരി, നെടുമുടി ഭാഗങ്ങളിൽ വയലും കായലുമൊക്കെ സിനിമാക്കാർ കയ്യടക്കിയിരിക്കുകയാണ്. പ്രാദേശിക പ്രമാണിമാർക്കൊപ്പം പലതിലും പങ്കു കച്ചവടവും ഉണ്ട്. ചിലർ അതിനു നെൽകൃഷി പ്രേമം എന്നൊക്കെ അലങ്കാരങ്ങൾ ചേർത്തിട്ടുണ്ട് എന്ന് മാത്രം.

”ആരും അത്ര മോശമല്ല ”

മലയാളത്തിലെ വലിയ നടന്മാരൊക്കെ ഭൂമിയിലും കെട്ടിടനിർമാണത്തിലും മുതൽ മുടക്കിയിട്ടുണ്ട്. അതിൽ ഒരാളെക്കുറിച്ച് ഒരു ചൊല്ലുണ്ട്. പുള്ളി വാങ്ങുന്ന ഭൂമി ഒരു തവണയിൽ കൂടുതൽ കാണാൻ പറ്റില്ലത്രേ. ഇടയ്ക്കിടെ പ്രമാണം നോക്കും; അതാണ് പുള്ളിയുടെ ഭൂമി പരിപാലനം. കേരളത്തിലെ ഏതു പ്രദേശത്തെ വിലയും അദ്ദേഹം കണ്ണടച്ചു പറയും. പക്ഷെ സിനിമാ സെറ്റിൽ ഭൂമി ഇടപാടുകാരെ പുള്ളി അനുവദിക്കില്ല. പക്ഷെ, മറ്റൊരാൾ നടത്തുന്ന ഭൂമിയിടപാടുകൾ സെറ്റിലേക്ക് നീളും. വിലത്തർക്കവും ഇടപാടും ടെൻഷനും ഒക്കെയായി നടൻ സെറ്റിനെ കുളമാക്കുന്ന ദിവസങ്ങൾ ധാരാളം. വന്നു പോകുന്നവരുടെ നാളും പേരും ഒന്നും സെറ്റിലെ ആർക്കുമറിയില്ല. കച്ചവടത്തിന്റെ കണക്കുകൾ താളം തെറ്റിയ ദിവസങ്ങളിൽ ഷൂട്ടിങ് മുടങ്ങിയിട്ടുമുണ്ട്. പക്ഷെ ഇദ്ദേഹത്തെ നിർമാതാക്കളുടെ സംഘടനാവിലക്കൊന്നും ബാധിക്കുകയും ഇല്ല.

മറ്റൊരാളാകട്ടെ , പേരായിട്ട് നിന്ന് കൊടുത്താൽ മതി. ബാക്കിയൊക്കെ ചെയ്യാൻ ആളുണ്ട്. സിനിമയ്ക്കുള്ളിൽ തന്നെ നിരന്തരം ബിസ്സിനസ്സ് ചെയ്ത് പരാജയപ്പെട്ട സൂപ്പർ ഹീറോ പിന്നീട് തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ ബുദ്ധിപരമായ ചില നിക്ഷേപങ്ങൾ നടത്തി. അതൊക്കെ ലാഭത്തിലുമായി.

”തീയറ്റർ ഉണ്ടാക്കുന്നതും നെൽകൃഷി നടത്തുന്നതുമൊക്കെ ഓരോരോ രീതികൾ ”

”എല്ലാത്തിനെയും കുറ്റം പറയാൻ പറ്റില്ല. സൂപ്പർ താരങ്ങൾ പലപ്പോഴും ബ്രാൻഡുകൾ ആകും. ബിസിനസ്സിൽ നേരിട്ട് ബന്ധം കാണില്ല. പക്ഷെ അതെല്ലാം റിയൽ എസ്റ്റേറ്റ് എന്ന് പറയാൻ പറ്റില്ല. അച്ചാറും , പപ്പടവും ഒക്കെ തമാശയായി പറയുമെങ്കിലും താരങ്ങളെ പലതും പറഞ്ഞു വീഴ്‌ത്തുന്ന നിക്ഷേപകർ ഉണ്ട്. മോഹൻ ലാൽ തീയറ്റർ ബിസ്സിനസ്സ് ചെയ്യുന്നത് ആന്റണി പെരുമ്പാവൂരുമായി ചേർന്നാണ്. ആശീർവാദ് തീയറ്ററുകൾ പലതും ചെയ്ത ശേഷം വലിയ ഗ്രൂപ്പുകൾക്ക് വിൽക്കും. ലാഭവും കിട്ടും. ഇതിലെന്താ തെറ്റ് ? പല തീയേറ്ററും പൊളിഞ്ഞു നിന്നവ ആയിരിക്കും. ഇവർ എടുത്തു നന്നാക്കി മറിക്കും. ചിലതു നടത്തും. കിട്ടുന്ന പണം ഇൻവെസ്റ്റ് ചെയ്യുന്നത് തെറ്റാണോ?”  മലയാള സിനിമയിലെ ഒരു നടൻ ഞങ്ങളോട് പറഞ്ഞു.

”മമ്മൂട്ടി നെൽകൃഷി നടത്താൻ വയൽ വാങ്ങി കൃഷി ചെയ്യുന്നു. വിളവെടുക്കുന്നു. ഇതൊക്കെ റിയൽ എസ്റ്റേറ്റ് ആണെങ്കിൽ ആണ്.” നടൻ തുടരുന്നു.

”ദിലീപിന്റെ കൊച്ചി രാജാവ് എന്ന പേരിലുള്ള ഹൗസ് ബോട്ടുകൾ ആലപ്പുഴയിലും എറണാകുളത്തുമൊക്കെ ഒഴുകി നടക്കുന്നു. ഡി സിനിമാസ് എന്ന പേരിൽ തീയറ്റർ നടത്തുന്നു. പുട്ടു കച്ചവടം നടത്തുന്നു. ഒന്നും പുള്ളി ഒറ്റയ്ക്കല്ല. ഓരോന്നിനും നിക്ഷേപകർ പിന്നിലുണ്ട്. ദിലീപ് ബ്രാൻഡ് ചെയ്യപ്പെടുകയാണ്. അതിന്റെ ലാഭം കിട്ടും. എന്താ തെറ്റെന്ന് ചോദ്യം വരില്ലേ?” കച്ചവടങ്ങൾക്കെല്ലാം ന്യായങ്ങൾ ഉണ്ടെന്ന് വരുത്തുകയല്ല നടന്റെ ഉദ്ദേശം എന്ന് വ്യക്തം.

 

”ജയറാമും ആലപ്പുഴയിൽ പങ്കാളിത്തത്തോടെ ഹൗസ് ബോട്ടുകൾ നടത്തുന്നുണ്ട്. ചെറുതും വലുതുമായ നടന്മാരൊക്കെ പല പല കച്ചവടങ്ങളിലും ഉണ്ട്. അതിനു തക്ക ആളുകൾ കൂടെയുണ്ട്. സ്ത്രീകൾ- നടിമാരും ഗായകരുമൊക്കെ- തുണിക്കടയും റെസ്റ്റോറന്റുകളും , ബ്യൂട്ടി പാർലറുകളും നടത്തുന്നു. ദുഃഖം എന്തെന്നാൽ സിനിമ പലർക്കും രണ്ടാം കുടുംബം ആകുന്നു എന്നതാണ്.”

ആകെ 5000 കോടി രൂപ കെട്ടിക്കിടക്കുന്നതായി കണക്കുകൾ

തെന്നിന്ത്യയിലെ മുന്തിയ നായിക നടിയും മലയാളത്തിലെ ഒരു നായക നടനും ചേർന്ന് മൂന്നാറിൽ തുടങ്ങാനിരുന്നത് കോടികൾ മുതൽ മുടക്കുള്ള റിസോർട്ട് പ്രോജക്ട് ആണ്. എറണാകുളത്ത് പണി പൂർത്തിയാകാത്ത രണ്ട് ഫ്‌ളാറ്റ് സമുച്ചയത്തിന്റെ അറുപത് ശതമാനം ഷെയറും ഒരു സിനിമാ താരത്തിന്റേതാണ്. റിസോർട്ട് , തീയറ്റർ , റെസ്റ്റോറന്റ് , ഹോട്ടൽ , ഫ്ലാറ്റ് , ഹൗസ് ബോട്ടുകൾ, ആശുപത്രി , ഭൂമി , സിനിമ നിർമാണം തുടങ്ങി സിനിമാരംഗത്തുള്ളവർ കേരളത്തിലും പുറത്തുമായി നിക്ഷേപിച്ചിരിക്കുന്ന തുകയുടെ വലുപ്പം ആരെയും ഞെട്ടിക്കും. അതാകെ 5000 കോടി രൂപ വരുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

നോട്ട് നിരോധനം വന്നതോടെ ബിസ്സിനസ്സിലും ഭൂമിയിലും മുടക്കിയ പണം ചലനമറ്റു. വിനോദ സഞ്ചാര മേഖലയിൽ മാന്ദ്യം ബാധിച്ചതോടെ റിസോർട്ട് – റെസ്റ്റോറന്റ് ബിസ്സിനസ്സുകളൊക്കെ മെല്ലെപ്പോക്ക് തുടങ്ങി. ഭൂമിയുടെ ക്രയ- വിക്രയം പാടെ നിലച്ചു. കാരണം സിനിമാക്കാരുടെ ഭൂമി ഇടപാടുകളൊക്കെ കോടികളുടേതായിരുന്നു. ആകെക്കൂടി നടക്കുന്ന ഇടപാടുകൾ ചെറിയ 20 – 30 ലക്ഷത്തിന്റെതു മാത്രം. കേരളത്തിലും പുറത്തുമായി ചലനമറ്റു കിടക്കുന്ന ഭൂമിയിൽ നോക്കി ഹാലിളകിയവർ നാട്ടിലേക്കിറങ്ങിയതിന്റെ സൂചനകളാണ് കണ്ടു തുടങ്ങുന്നത്. അതിന്റെ കൂടെയാണ് ഡിസംബറിൽ വന്ന തീയറ്റർ സമരം. അത് പൊളിച്ചടുക്കാൻ വേണ്ടി വന്ന തുകയടക്കം ലക്ഷങ്ങൾ തന്നെ ക്രിസ്മസ്സിൽ നഷ്ടമായി.

ഇനി ‘മരുന്ന്’ വാങ്ങാൻ പണമില്ലാതാകും

സിനിമയിൽ പണത്തിന്റെ ഞെരുക്കം മറ്റൊരു കടുത്ത പ്രശ്നത്തെ ഇളക്കി വിടും. അത് ‘മരുന്നടിക്കാരുടെ’ മാനസിക വിഭ്രാന്തിയാണ്. കൊച്ചിയും തൃശൂരും ആലപ്പുഴയുമൊക്കെ ഇപ്പോൾ മയക്കുമരുന്ന് പാർട്ടികളുടെ രാത്രികൾക്കു ആതിഥ്യമരുളുകയാണ്. അവിടെ വന്നുപോകുന്നവരിലേറെയും സിനിമാക്കാരാണ്. അമിതമായ പണമൊഴുക്കാണ്‌ ഇത്തരം രാത്രികളുടെ മൂലധനം. പണമില്ലാതെ മരുന്ന് തേടി രാത്രിയിൽ കാറുമായി പരക്കം പാഞ്ഞ യുവനടന്റെ കഥകൾ കൊച്ചിയിൽ പരസ്യമായ രഹസ്യമാണ്. എറണാകുളത്ത് നടക്കുന്ന സിനിമാ ചരസ്സ് പാർട്ടികളിൽ കുപ്രസിദ്ധ കുറ്റവാളി നിസ്സാം അടക്കമുള്ളവരുടെ പങ്കും തെളിയിക്കപ്പെട്ടതാണ്. പക്ഷെ പണമില്ലാതാകുന്നതോടെ ‘മരുന്ന്’ കച്ചവടക്കാർ സിനിമാ രംഗത്തെ ഉപഭോക്താക്കളെ കൈവിടും. അതോടെ ലഹരിയ്ക്കായി പണം തേടി റോഡിലേക്കിറങ്ങി പിടിച്ചു പറിക്കുന്ന അവസ്ഥയിലേക്ക് വെള്ളിത്തിരയിലെ മിന്നും താരങ്ങൾ അധപ്പതിക്കും.

( നാലാം ഭാഗത്തിൽ – മയക്കുമരുന്നും തോക്കും കയ്യിലുള്ള സിനിമാക്കാരെ പേടിക്കേണ്ടി വരും ! – ഫെബ്രുവരി 24 വെള്ളി)

criminals in cinema 3

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top