‘ഹാ അനങ്ങാതിരിക്കൂ…’ എ കെ ബാലനെ ശാസിച്ച് മുഖ്യമന്ത്രി

നിയമസഭയിൽ പ്രസംഗിക്കവെ തൊട്ടടുത്ത സീറ്റിലിരുന്ന് പോയിന്റുകൾ പറഞ്ഞ് കൊടുത്തുകൊണ്ടിരുന്ന മന്ത്രി എ കെ ബാലനെ ശാസിച്ച് മുഖ്യമന്ത്രി. ഹാ അനങ്ങാതിരിക്കൂ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വജയൻ, ബാലനെ ശാസിച്ചത്. മുഖ്യമന്ത്രി പ്രസംഗിക്കുകയായിരുന്നതിനാൽ ശകാരം മൈക്കിലൂടെ സഭ മുഴുവൻ കേൾക്കുകയും ഒന്നടങ്കം സഭയിൽ ചിരിപടരുകയും ചെയ്തു.
മരിച്ച എൻജിനിയറിങ് കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മാതാവ് ആവശ്യപ്പെട്ട കാര്യങ്ങൾ സർക്കാർ നടപ്പിലാക്കി എന്ന് വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിനിടയിലാണ് ബാലൻ ഓരോ പോയിന്റുകളായി പറഞ്ഞുകൊടുത്തുകൊണ്ടിരുന്നത്. ഇതിൽ അൽപ്പം അമർഷം കലർന്‌ന സ്വരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ശാസന. എന്നാൽ സംഭവം ലഘൂകരിക്കാൻ ചിരിയോടെ അദ്ദേഹം പ്രസംഗം തുടർന്നു.
അതേ സമയം ബാലൻ പറഞ്ഞുകൊടുത്തുകൊണ്ടിരുന്നതും മൈക്കിലൂടെ കേൾക്കാമായിരുന്നു. ഇതിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ബാലൻ പറയുന്നതെല്ലാം എല്ലാ സർക്കാരും ചെയ്യുന്ന കാര്യമാണ്. ഇത് കേട്ട് തെറ്റിദ്ധരിച്ച് മുഖ്യമന്ത്രി ഇതൊന്നും സഭയിൽ പറയരുതെന്നും ചെന്നിത്തല പരിഹസിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here