ഒരു സാധാരണക്കാരന്റെ മരണ വാർത്ത; നെല്ലറ വെള്ളൻ അന്തരിച്ചു

സതീഷ് കുമാർ
വയനാട്ടിലെ നെല്ലറച്ചാൽ ഗ്രാമത്തിൽ നിന്ന് വയനാടൻ ഗോത്ര ഭക്ഷണത്തിന്റെ പെരുമ വയനാടിന് പുറത്തേക്കും വ്യാപിപ്പിച്ച ഒരാളായിരുന്നു നെല്ലറ വെള്ളൻ.
തിന്നുവാൻ ധാരാളമുള്ളവന്റെ ചില അഭ്യാസങ്ങളാണ് പാചകത്തിലെ പരീക്ഷണങ്ങൾ എന്ന് പൊതുവേ അവമതിക്കാറുണ്ട് എങ്കിലും നാട്യങ്ങളില്ലാത്ത ഒരു സാധാരണക്കാരൻ അയാളുടെ ഭക്ഷണങ്ങളിലൂടെ പ്രശസ്തനാവുന്നത് ഒരു സന്തോഷത്തോടെ കണ്ടു നിന്നിട്ടുണ്ട് ഞാൻ. പലവിധ ബ്രാൻഡഡ് ഭക്ഷണങ്ങൾ കഴിച്ച് ശീലിച്ച ധനികരായ ടൂറിസ്റ്റുകൾ വെള്ളേട്ടന്റെ കല്ലുപിട്ടും , കാരക്കുണ്ടപ്പവും , ഇടിച്ചും പൊതിഞ്ഞും ചുട്ട കോഴിയുമൊക്കെ അത്ഭുതത്തോടെ തിന്നുന്നതും , കുറച്ച് അലങ്കരിച്ചുകൊണ്ട് തന്നെ അവയെക്കുറിച്ച് വിശദീകരിക്കുന്ന വെള്ളേട്ടനെ ശ്രദ്ധയോടെ കേൾക്കുന്നതും ഞാൻ സന്തോഷത്തോടെ തന്നെ കണ്ട് നിൽക്കാറുണ്ട്.
കാട്ട് കുരുമുളകും കാന്താരിയും ഗന്ധകശാലയും സർവ്വസുഗന്ധിയും നാടൻ കോഴിയുമൊക്കെ ചേരുവകളായി വരുന്ന കുറുംബരുടെ ഭക്ഷണം വയനാടൻ ചുരമിറക്കിയത് പ്രധാനമായും നെല്ലറ വെള്ളനാണ്.
ട്രൈബൽ എന്നൊരു ലേബലുണ്ടെങ്കിൽ സകലതും വിറ്റുപോകുന്ന വർത്തമാന കാലത്ത് വലിയ ഒരു ബ്രാൻഡായി വേണമെങ്കിൽ ഉയർത്തിയെടുക്കാമായിരുന്ന ഒരു പേരായിരുന്നു നെല്ലറ വെള്ളന്റേത്.
(നെല്ലറ വെള്ളന്റെ ഭക്ഷണത്തിന് ‘വംശീയ ഭക്ഷണം’ എന്ന വികൃതമായ പേരിട്ടത് വയനാട്ടിലെ ഏതോ ടൂറിസം പ്രമോട്ടറാവണം. അർത്ഥം എന്തൊക്കെയായാലും ആ പേര് ഇഷ്ടമായിരുന്നില്ല എനിക്ക്)
കൃഷിയിടങ്ങളും കന്നുകാലിസമ്പത്തുമൊക്കെയായി പൊതുവേ സമ്പന്നരായിരുന്ന കുറുമ്പരുടെ ഭക്ഷണത്തെ വയനാടൻ ആദിവാസി ഭക്ഷണം എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല എന്ന് പലയിടങ്ങളിലും എന്റെ വിരുദ്ധാഭിപ്രായം ഞാൻ രേഖപ്പെടുത്തിയിട്ടുണ്ട് എങ്കിലും, നാട്യങ്ങളില്ലാത്ത ആ ഗോത്രമനുഷ്യന്റെ ലളിത ജീവിതത്തിന് മുന്നിൽ ഞാൻ വിനീതനാകുന്നു.
ഭൂമിയെ വേദനിപ്പിക്കാത്ത മനുഷ്യരുടെ തലമുറയിലെ ഒരംഗമാണ് രംഗം ഒഴിഞ്ഞ് പോയിരിക്കുന്നത്.
ചെറിയ മനുഷ്യരുടെ മരണത്തെക്കുറിച്ച് അധികം ആളുകൾ സംസാരിക്കാൻ ഉണ്ടാകില്ല എന്നതിനാൽ മാത്രം ഈ കുറിപ്പ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here