പശുക്കളെ സംരക്ഷിക്കാനാറിയാം എന്നാൽ സ്ത്രീകളുടെ സംരക്ഷണത്തിന് ആരുണ്ട് : ജയ ബച്ചൻ

യുവമോർച്ചാ നേതാവ്, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്ക് വധഭീഷണി മുഴക്കിയ സംഭവത്തിൽ രാജ്യസഭയിൽ വാഗ്വാദം. സമാജ് വാദി പാർട്ടി എം പി ജയാബച്ചൻ സംഭവത്തിൽ രാജ്യസഭയിൽ ചോദ്യം ഉന്നയിച്ചു. നിങ്ങൾക്ക് പശുക്കളെ സംരക്ഷിക്കാനറിയാം. എന്നാൽ സ്ത്രീകളുടെ സംരക്ഷണത്തിനിവിടെ ആരാണ് ഉള്ളതെന്നാണ് ജയ ബച്ചൻ രാജ്യസഭയിൽ ഉന്നയിച്ചത്.
ഒരു സ്ത്രീയോട് ഇപ്രകാരം സംസാരിക്കാൻ ഒരാൾ എങ്ങനെയാണ് ധൈര്യപ്പെടുന്നത്. രാജ്യത്തെ സ്ത്രീകളെ നിങ്ങൾ സംരക്ഷിക്കുന്ന രീതി ഇതാണോ എന്നും ജയ ചോദിച്ചു. ഇവിടെ സ്ത്രീകൾ കടുത്ത അരക്ഷിതാവസ്ഥയാണ് അനുഭവിക്കുന്നതെന്നും ജയ.
യുവ മോർച്ച നേതാവിന്റെ വധഭീഷണി സംബന്ധിച്ച് സർക്കാർ പ്രതികരിക്കണമെന്നും പ്രതിപക്ഷ എം പിമാർ ആവശ്യപ്പെട്ടു. അതേ സമയം യുവമോർച്ച നേതാവിന്റെ പ്രതികരണത്തെ അപലപിക്കുന്നതായും സർക്കാർ ഇയാൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പാർലമെന്റിൽ പറഞ്ഞു.
മമതയുടെ തലയെടുത്താൽ 11 ലക്ഷം പാരിതോഷികം നൽകാമെന്നാണ് യുവമോർച്ച നേതാവ് യോഗേഷ് വർഷ്‌ണെ വാഗ്ദാനം ചെയ്തത്. ബംഗാളിലെ ബിർഭൂമിൽ ഹനുമാൻ ജയന്തിയോടനുബന്ധിച്ച് നടന്ന റാലിയ്ക്ക് നേരെ പോലീസ് ലാത്തി വീശിയതാണ് യോഗേഷിനെ ചൊടിപ്പിച്ചത്. ആരെങ്കിലും മമതാ ബാനർജിയുടെ തല കൊണ്ടുവന്നു തരികയാണെങ്കിൽ അവർക്ക് 11 ലക്ഷം രൂപ നൽകാം എന്നായിരുന്നു യോഗേഷിന്റെ പ്രതികരണം.
ഹനുമാൻ ജയന്തിയുമായി ബന്ധപ്പെട്ട റാലിക്ക് പോലീസ് അനുമതി നൽകിയിരുന്നില്ല. നേരത്തെ ബിർഭൂമിൽ നടത്തിയ മറ്റൊരു റാലി അക്രമാസക്തമായതിനെ തുടർന്നാണ് പോലീസ് ലാത്തി വീശിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here