ജലക്ഷാമം; അതിജീവന നടപടികൾ കൈകൊളളും: റവന്യൂ മന്ത്രി

സംസ്ഥാനത്ത് കുടിവെളളമെത്തിക്കുന്നതിൽ പ്രയാസകരമായ സാഹചര്യങ്ങളുണ്ടാ യാൽ അതിജീവിക്കാനുളള നടപടികൾ കൈകൊളളാൻ സർക്കാർ പ്രതിജ്ഞാബദ്ധ മാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ. കാപ്പുകാട് റിസർവോയറിൽ നിന്ന് അരുവിക്കരയിലേയ്ക്ക് ജലം പമ്പു ചെയ്ത് കുടിവെളളളക്ഷാമം പരിഹരിക്കാൻ സംസ്ഥാന സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പ്രവൃത്തികൾ പരിശോധിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെ പ്രയാസകരമായ ഈ ദൗത്യം ചുരുങ്ങിയ സമയം കൊണ്ട് പൂർത്തിയാക്കുവാൻ എല്ലാ വകുപ്പുകളുടെയും ഏകോപനം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. പേപ്പാറ, അരുവിക്കര എന്നിവയ്ക്കു പുറമേ, ആവശ്യമെങ്കിൽ നെയ്യാറിൽ നിന്നും ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യാനുളള പദ്ധതിയെക്കുറിച്ച് കിഫ്ബിയിൽ ചർച്ചചെയ്തു കൊണ്ടിരിക്കുകയാണെന്ന് ജലവിഭവ മന്ത്രി മാത്യൂ ടി. തോമസ് അറിയിച്ചു.
റിസർവോയറുകളിൽ ജലവിതാനം ഉയർന്നാൽ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും ആവശ്യത്തിന് ജലമെത്തിക്കാനാവും. കൊടും വരൾച്ചമൂലം ഉണ്ടാകുമായിരുന്ന ജലക്ഷാമം സർക്കാരിന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് പരിഹരിക്കാനായി. ജലവിഭവ വകുപ്പിനു പുറമേ മറ്റ് വകുപ്പുകളുടെയും കൂട്ടായ പ്രവർത്തനം ഈ വിജയത്തിനു പിന്നിലുണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ചുരുങ്ങിയ സമയത്തിനുളളിൽ പദ്ധതി പൂർത്തിയാക്കാൻ നേതൃത്വം നൽകിയ ജലവിഭവ മന്ത്രിയെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണിയും, കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാറും അഭിനന്ദിച്ചു.
പദ്ധതിയുടെ വിജയകരമായ പൂർത്തീകരണത്തോടനുബന്ധിച്ച് മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, എം.എം.മണി, വി.എസ്. സുനിൽ കുമാർ, കെ. രാജു, മേയർ വി.കെ. പ്രശാന്ത് എന്നിവർ കാപ്പുകാട് വനമേഖലയിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാൾ, ജല അതോറിറ്റി എം.ഡി എ. ഷൈനാമോൾ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here