പുറം ‘മോഡി’യില്‍ മൂന്ന് വര്‍ഷം

ഒരു കോടി തൊഴിലവസരങ്ങള്‍ എന്ന മായിക കണക്ക് ഉറച്ച് പ്രഖ്യാപിച്ച് വോട്ട് പിടിച്ച് അധികാരത്തില്‍ കയറിയ ഒരു ഭരണം, രാജ്യത്തിന് തൊഴിലില്ലായ്മയുടെയും, അന്തമില്ലാത്ത അന്തരങ്ങളുടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടേയും കാലങ്ങള്‍ നിരന്തരം സമ്മാനിച്ചതിന്റെ മൂന്നാം വാര്‍ഷിക ദിനമാണിന്ന്. ‘മോടി’ കുറഞ്ഞ ആ മൂന്ന് വര്‍ഷത്തെ ഔദ്യോഗിക കണക്കെടുപ്പുകള്‍ സൂചിപ്പിക്കുന്നതിലും എത്രയോ പിന്നിലാണ് യാഥാര്‍ത്ഥ്യങ്ങളുടെ ദുരന്ത കണക്കുകള്‍
അറുപത്തിയഞ്ച് ശതമാനം പേര്‍ 35വയസിനു താഴെയുള്ള ഒരു രാജ്യത്ത് തൊഴില്‍ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യത്തെപ്പറ്റി എടുത്തു പറയേണ്ട കാര്യമില്ല. 2013ല്‍ ആഗ്രയില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ ഇപ്പോഴത്തെ പ്രധാനമന്ത്രി വെല്ലുവിളി പോലെ പറഞ്ഞ ഒരു കാര്യവും അതായിരുന്നു. യുപിഎ സര്‍ക്കാറിന് തൊഴില്‍ നല്‍കാന്‍ സാധിച്ചില്ലെന്നും എന്‍ഡിഎ അധികാരത്തില്‍ എത്തിയാല്‍ ഒരു കോടി തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അധികാരത്തിലെത്തി 3വര്‍ഷം തികയ്ക്കുമ്പോള്‍ അദ്ദേഹത്തിന് നല്‍കാനായത് 15ലക്ഷം തൊഴിലവസരങ്ങളാണ്. ഇത് സമാന കാലയളവില്‍ യുപിഎ സര്‍ക്കാര്‍ നല്‍കിയതിനേക്കാള്‍ 39ശതമാനം കുറവും! 24.7 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ മൂന്ന് വര്‍ഷം കൊണ്ട് യുപിഎ സര്‍ക്കാറിന് കഴിഞ്ഞിരുന്നു.
ഐക്യ രാഷ്ട്ര സംഘടന ജനുവരിയില്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് മുമ്പ് തന്നെ ചര്‍ച്ചയായിരുന്നു. ഐഎല്‍ഒ യുടെ വേള്‍ഡ് എംപ്ലോയ്മെന്റ് ആന്റ് സോഷ്യല്‍ ഔട്ട് ലുക്ക് റിപ്പോര്‍ട്ട് 2017ല്‍ രണ്ട് കാര്യങ്ങളാണ് ചൂണ്ടിക്കാട്ടിയത്. ഇന്ത്യയില്‍ വര്‍ദ്ധിച്ച് വരുന്ന തൊഴിലില്ലായ്മയും സാമൂഹിക അസമത്വവും. രാജ്യത്തെ തൊഴിലില്ലായ്മ 2016 ല്‍ 177ലക്ഷം ആയിരുന്നത് 2017ല്‍ 178 ലക്ഷവും, 2018ല്‍ 180ലക്ഷവും ആകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. മാത്രവുമല്ല അമ്പത്തിയാറ് ശതമാനം ഗ്രാമീണ ജനതയ്ക്ക് സ്വന്തമായി ഭൂമിയില്ല എന്ന് സോഷ്യോ ഇക്കണോമിക്ക് ആന്റ് കാസ്റ്റ് സര്‍വെ പറയുന്നു. ഇന്ത്യയുടെ ജനസംഖ്യ 100കോടിയെന്ന് കൂട്ടിയാല്‍ പോലും 56കോടി ഭൂരഹിതര്‍ രാജ്യത്തുണ്ടെന്നതില്‍ ഓരോ ഭാരതീയനും നാണിക്കേണ്ടി വരും.
തൊഴില്‍ സൃഷ്ടിക്കാതെ രാജ്യം വളരുന്നതിനെ ജോബ്ലെസ് ഗ്രോത്ത് എന്ന് പറയുന്നു. ജിഡിപി കണക്കുകള്‍ ഏഴ് ശതമാനത്തോടടുത്ത് കാണിക്കുമ്പോഴും, തൊഴില്‍ വര്‍ദ്ധന കുറയുന്നത് രാജ്യത്തെ സാമൂഹിക സാമ്പത്തിക അന്തരങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വ്യക്തമായി പറഞ്ഞാല്‍ ഉയരുന്ന ദേശീയ
വരുമാനത്തിന്റെ നല്ലൊരു പങ്ക് പോക്കറ്റിലാക്കുന്നത് ചെറിയൊരു ശതമാനം വരുന്ന അതിസമ്പന്നരാണ്. വികസനം വികസനമെന്ന് വാഴ്ത്തിക്കൊണ്ടുള്ള പരസ്യങ്ങളില്‍ കാണുമ്പോഴുള്ള സുന്ദര സുരഭില രാജ്യമല്ല യഥാര്‍ത്ഥ ഇന്ത്യയെന്ന് കണക്കുകള്‍ പറയുന്നു. വിവിധ രാജ്യങ്ങളിലെ പട്ടിണിയുടേയും, ദാരിദ്ര്യത്തിന്റേയും സൂചിക(ഗ്ലോബല്‍ ഹങ്കര്‍ ഇന്റക്സ് ) പരിശോധിച്ചാലും അറിയാതെ തല കുനിഞ്ഞ് പോകും. 97ാം റാങ്കും 28.5 എന്ന മാനകവും നേടി കൂടിയ പട്ടിണി നിരക്കുള്ള രാജ്യങ്ങളില്‍പ്പെടുന്നു ഇന്ത്യ.പട്ടിണി രാജ്യങ്ങളെന്ന് പുകള്‍പ്പെറ്റ കോംഗോ,ഉഗാണ്ട, കംബോഡിയ എന്നിവരുടെ സ്ഥിതി നമ്മുടേതിലും മെച്ചമാണെന്നറിയുമ്പോള്‍ പുരികം ചുളിച്ചിട്ട് കാര്യവുമില്ല.
എവിടെയാണ് കുഴപ്പം? ഏറ്റവും വേഗതയില്‍ വളരുന്ന രാജ്യമെന്ന പേര് ഒരിടത്ത്.. അതേസമയം തൊഴിലില്ലായ്മയും ദാരിദ്ര്യവും വളരുന്നെന്ന സത്യം മറുപുറത്ത്. എന്താണീ പ്രഹേളികയ്ക്ക് കാരണം? ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സമയം അതിക്രമിച്ചിരിക്കുന്നു. പ്രമുഖ ഐടി കമ്പനികളെല്ലാം തന്നെ കൂട്ടപ്പിരിച്ചുവിടലിന്റെ പാതയിലാണ്. ഇന്‍ഫോ പാര്‍ക്കിലെ പ്രമുഖ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതി കഴിഞ്ഞ ദിവസം പറയുകയുണ്ടായി പണി തെറിക്കുമോ എന്ന ആശങ്കയിലാണ് രാവിലെ ജോലിയ്ക്ക് പോകുന്നതെന്ന്. ഇത്തരം ഭയത്തോടെ ജോലി ചെയ്യുന്നവരില്‍ നിന്ന് എത്രമാത്രം ഉത്പാദന ക്ഷമത പ്രതീക്ഷിക്കാമെന്നത് മറ്റൊരു ചോദ്യം. പല കമ്പനികളും ജോലിക്കാര്‍ക്ക് പിരിച്ച് വിടലിന്റെ പ്രതീകമായ പിങ്ക് സ്ലിപ്പ് നല്‍കി കഴിഞ്ഞു. ഐടിയ്ക്ക് പുറമെ ടെലികോം കമ്പനികളും പിരിച്ച് വിടല്‍ ആരംഭിച്ചു. സൗജന്യം വാരിക്കോരി നല്‍കി റിലയന്‍സ് ജിയോ എത്തിയത് ഈ മേഖലയിലെ മറ്റ് കമ്പനികള്‍ക്ക് തിരിച്ചടിയായി. ഐഡിയ മാത്രം രേഖപ്പെടുത്തിയത് 300കോടിയിലധികം നഷ്ടമാണ്.
ഇതിനെല്ലാം പുറമെ നോട്ടസാധുവാക്കലിന്റെ ഭാഗമായി ഉണ്ടായ തകര്‍ച്ചയും തൊഴിലില്ലായ്മയ്ക്ക് ആക്കം കൂട്ടി. ചില്ലറ വില്‍പ്പന രംഗത്തും, നിര്‍മ്മാണ രംഗത്തും മാത്രം തൊഴില്‍ നഷ്ടമായവര്‍ അനവധി. പല വ്യാപാരികളും കച്ചവടത്തിലുണ്ടായ ഇടിവു നികത്താന്‍ തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നു. പണ്ടൊക്കെ ഒരാള്‍ ലീവെടുത്താല്‍ ബുദ്ധിമുട്ടായിരുന്നു. ഇപ്പോഴാണെങ്കില്‍ ലീവെടുത്താലും കുഴപ്പമില്ല. ആ ദിവസത്തെ ശമ്പളം ലാഭിക്കാമല്ലോ എന്ന് നെടുവീര്‍പ്പിടുന്ന തൊഴിലുടമകളാണ് ഇന്നുള്ളത്. കാര്യങ്ങള്‍ എത്രത്തോളം വഷളാണെന്ന് നാം ദിവസവും പോകുന്ന കടകളില്‍ ചോദിച്ചാലറിയാം.
ഒരു വശത്ത് തൊഴില്‍ രഹിതരുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ മറുവശത്ത് സമ്പന്നര്‍ അതി സമ്പന്നരാകുന്നു. ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്കണോമിക് കോ ഓപ്പറേഷന്‍ ആന്റ് ഡെവലപ്‌മെന്റിന്റെ കണക്ക് പ്രകാരം 29വയസു വരെയുള്ളവരുടെ ഇടയിലെ തൊഴിലില്ലായ്മ 30.85ശതമാനമാണ്. ചൈനയിലാകട്ടെ ഇത് 11.22ശതമാനവും. ഈ ഓര്‍ഗനൈസേഷന്റെ ശരാശരിയിലും ഇരട്ടിയാണ് ഇന്ത്യയിലെ തൊഴില്‍ രഹിതരുടെ ശതമാനം എന്നത് ശരിയായ നയരൂപീകരണത്തിന്റെ ആവശ്യകതയ്ക്ക് ഊന്നല്‍ നല്‍കുന്നു. 15 മുതല്‍ 29വരെ വയസ്സുകാരില്‍ 30.83ശതമാനം തൊഴിലിലോ വിദ്യാഭ്യാസത്തിലോ നൈപുണ്യ പരിശീലനത്തിലോ ഇല്ല.(ഒഇസിഡിയുടെ പുതിയ ആശയമാണ് നീറ്റ്(NEET)-Not in Employment Education or Training)
സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ് പുറത്തുവിട്ട ഇന്ത്യാ എക്സക്ലൂഷന്‍ റിപ്പോര്‍ട്ട് 2016ഉം സമാനമായ ചിത്രം തന്നെയാണ് നല്‍കുന്നത്. ഏറ്റവും കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചിരുന്ന മേഖലകളില്‍ പോലും തൊഴിലാളികളെ ഒഴിവാക്കല്‍ നയം ആരംഭിച്ചിരിക്കുന്നു. വര്‍ഷാവര്‍ഷം പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്നവര്‍ക്കാവശ്യമായ തൊഴിലവസരങ്ങള്‍ പൊതു- സ്വകാര്യ മേഖലകളില്‍ സൃഷ്ടിക്കപ്പെടുന്നില്ല. സാമ്പത്തിക മാന്ദ്യത്തിന്റേതായ പല ലക്ഷണങ്ങളും ഇതോടൊപ്പം കാണുന്നതെന്നതും ശ്രദ്ധേയമാണ്. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ജിഎം മോട്ടോഴ്സ് ഇന്ത്യ വിടുന്നെന്ന വാര്‍ത്ത വന്നത് ഈയിടെയാണ്. കൊട്ടിഘോഷിച്ച വരുന്ന പല സ്റ്റാര്‍ട്ടപ്പുകളുടേയും സ്ഥിതി വ്യത്യസ്തമല്ല. സ്റ്റാര്‍ട്ടപ്പുകള്‍ വരുന്നത് മാത്രം വാര്‍ത്തയാകുന്നു. അവ യഥാര്‍ത്ഥത്തില്‍ എന്റ് അപ്പുകളാകുകയാണ്. പല കമ്പനികളും നഷ്ടത്തിനിടയിലും അല്‍പം ചില്ലറ ഗിമ്മിക്കുകള്‍ കാട്ടി വിപണിയില്‍ പിടിച്ച് നില്‍ക്കുന്ന അവസ്ഥയിലാണ്.
കേരളത്തിലെ വാണിജ്യ സിരാ കേന്ദ്രമായ കൊച്ചിയിലെ വ്യാപാര സ്ഥാപനങ്ങള്‍ നോക്കിയാല്‍ തന്നെ നിലവിലെ സാമ്പത്തിക വ്യവസ്ഥയുടെ ചിത്രം മനസിലാകും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ അടച്ചു പൂട്ടപ്പെട്ട ബിസിനസുകള്‍ നിരവധിയാണ്. പലതും ലാഭമില്ലാതെ പ്രവര്‍ത്തിക്കുന്നു. ചിലത് അടച്ചു പൂട്ടലിന്റെ വക്കിലും.
നിര്‍മ്മാണ മേഖലയില്‍ സംസ്ഥാനത്തെ പ്രമുഖ കമ്പനികളില്‍ ചിലത് കടക്കെണിയില്‍പ്പെട്ട് പ്രവര്‍ത്തനം നിര്‍ത്തി. മികവോടെ പ്രവര്‍ത്തിച്ചിരുന്ന ചില കമ്പനികളുടെ ഉടമകള്‍ പാപ്പരായി കേസ് നടത്തുന്നു. പ്രവര്‍ത്തിക്കുന്നവര്‍ പൂര്‍ത്തിയായ പ്രൊജക്റ്റുകള്‍ക്ക് നഷ്ടം സഹിച്ച് വില്‍പ്പനയ്ക്കായി വിട്ടു വീഴ്ചകള്‍ ചെയ്യുന്നു. നേരത്തെ ഉണ്ടായിരുന്ന ജീവനക്കാരുടെ എണ്ണം ഇന്നവര്‍ക്ക് ആവശ്യമില്ലാത്ത അവസ്ഥയാണ്.
സ്ഥിരം ജോലി എന്നത് ഒരു നല്ല ആശയമല്ല എന്ന് പല തൊഴിലുടമകള്‍ക്കും തോന്നിത്തുടങ്ങിയിരിക്കുന്നു. ലാഭം ഇല്ലാത്ത അവസ്ഥയില്‍ ബിസിനസ് ഉള്ള സമയത്തേക്ക് മാത്രം ജീവനക്കാരെ എടുക്കാന്‍ തൊഴിലുടമകള്‍ നിര്‍ബന്ധിതരാകുന്നു. അങ്ങനെ വരുമ്പോള്‍ പെര്‍മനെന്റ് ജോലിക്കാരുടെ എണ്ണം കുറയുന്നു. വര്‍ഷത്തില്‍ കുറച്ച് ദിവസം മാത്രം ജോലി ചെയ്യുന്നവരായി കൂടുതല്‍ പേര്‍ സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിക്കപ്പെടുന്നു.
വര്‍ഷം തോറും 12.24മില്യണ്‍ ആള്‍ക്കാര്‍ തൊഴിലന്വേഷകരായി വരുന്നു. ഗ്രാമീണ ജനങ്ങള്‍ക്കിടയില്‍ ഈ സ്ഥിതി അതിരൂക്ഷമാവുകയാണ്. ഗ്രാമങ്ങളില്‍ നിന്ന് മൂന്നിലൊരാള്‍ ജോലി നേടി കുടിയേറ്റക്കാരനാകുന്നു. 35മുതല്‍ 40 മില്യണ്‍ ആള്‍ക്കാര്‍ സീസണൽ വര്‍ക്കേഴ്സ് ( ചിലപ്പോള്‍ മാത്രം ജോലി ചെയ്യുന്നവര്‍) ആയി മാറിക്കൊണ്ടിരിക്കുന്നു. ലേബര്‍ ബ്യൂറോയുടെ കണക്കുപ്രകാരം 2016 ഒക്ടോബര്‍ നെ അപേക്ഷിച്ച് 1.52ലക്ഷം തൊഴിലവസരങ്ങള്‍ 2017ജനുവരിയോടെ കുറഞ്ഞിരുന്നു.
രാജ്യത്തിനകത്ത് തന്നെ തൊഴില്‍ രഹിതരുടേയും, തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയില്‍ ജീവിക്കുന്നവരുടേയും എണ്ണം പെരുകുന്നു. വിവിധ മധ്യേഷ്യന്‍ രാജ്യങ്ങളും, അമേരിക്കയും, ചില യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ വികസനം ലക്ഷ്യമാക്കി വിദേശികളെ ജോലിയില്‍ നിന്ന് ഒഴിവാക്കി തുടങ്ങിയിരിക്കുന്നു. വരും വര്‍ഷങ്ങളില്‍ വിദേശത്ത് നിന്നും തൊഴില്‍ നഷ്ടപ്പെട്ട് വരുന്നവരുടെ ഒരു കുത്തൊഴുക്ക് ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇവരെ പുനര്‍വിന്യസിക്കാനുള്ള ഉത്തരവാദിത്തവും കൂടി സര്‍ക്കാറിലേക്കെത്തുന്നു.
നിലവിലെ പരിതസ്ഥിതിയില്‍ പ്രായോഗികമായ സാമ്പത്തിക നയങ്ങളാണ് രാജ്യത്തിനാവശ്യം. ഉയര്‍ന്ന വരുമാനക്കാര്‍ സബ്സിഡി ഉപേക്ഷിക്കണമെന്ന ആശയം അഭിനന്ദനാര്‍ഹമാണ്. അതേസമയം വായ്പകള്‍ എഴുതിതള്ളുന്ന തീരുമാനമോ? നിലവില്‍ തന്നെ കിട്ടാക്കടത്തില്‍ മൂക്കോളം മുങ്ങി നില്‍ക്കുന്ന ബാങ്കിംഗ് മേഖല ഒരു കുമിള പോലെയാണ്. ചെറിയൊരു സമ്മര്‍ദ്ദം പോലും അതിനെ തകര്‍ത്ത് കളയും. വരവറിഞ്ഞ് വേണം ചെലവെന്ന് പഴമക്കാര്‍ പറയുന്നത് ശരിയായ സാമ്പത്തിക നയമാണ്.
നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ തെറ്റായ ഒരു നയം വരുത്തി വയ്ക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും. ഒരു ശതമാനം കുറവെന്ന് പറയുന്നത് പോലും ഇന്ത്യയെ പോലുള്ള ബ്രഹ്മാണ്ഡ സമ്പദ് വ്യവസ്ഥയില്‍ ലക്ഷം കോടി വരും. ശരിയായ തൊഴില്‍ നയം കൊണ്ടുവരേണ്ടത് ആവശ്യമാണ്. അതുപോലെ തന്നെ തൊഴില്‍ സൃഷ്ടിക്കുന്ന ഘടനയിലേക്ക് വ്യവസായങ്ങള്‍ വരികയും, ശരിയായ സ്വാതന്ത്ര്യത്തോടെ ഭാവനാത്മകമായി അവര്‍ക്ക് പ്രവര്‍ത്തിക്കാനുമുള്ള ഇടം സര്‍ക്കാര്‍ ഒരുക്കി നൽകുകയും വേണം. കുത്തക സൃഷ്ടിക്കുന്നത് അരാജകത്വവും,സാമാന്യ ജനത്തിന് കനത്ത നഷ്ടവുമാണ്. അതിനാല്‍ തന്നെ ഒരേ രംഗത്ത് മത്സരാധിഷ്ഠിതമായി വിവിധ കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനും നയങ്ങള്‍ വേണം. പത്ത് ശതമാനം വരുന്ന അതിസമ്പന്നര്‍ ദേശീയ വരുമാനത്തിന്റെ വലിയൊരു ശതമാനം കയ്യാളുന്നത് ഒഴിവാക്കാന്‍ ശ്രമം വേണം. യന്ത്രങ്ങളുടെ ഉപയോഗം കുറച്ച് തൊഴിലാളികളുടെ എണ്ണം കൂടുതലാക്കുന്ന കമ്പനികള്‍ക്ക് പ്രോത്സാഹനം നല്‍കണം. ഗ്രാമീണ മേഖലയിലെ കുടിയേറ്റങ്ങള്‍ ഒഴിവാക്കാന്‍ അവയെ സെമി റൂറല്‍ ആക്കി മാറ്റി വൈവിധ്യവല്‍ക്കരണം കൊണ്ടു വരണം. നികുതികള്‍ നികുതിദായകന് ബാധ്യതയാകുന്ന രീതി ഒഴിവാക്കിയാല്‍ തന്നെ കൂടുതല്‍ പേരെ നികുതി പരിധിയില്‍ എത്തിക്കാനും വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനുമാവൂ.
ഭൂരിപക്ഷത്തിനുപകാരപ്രദമായ നയങ്ങളാകണം സര്‍ക്കാറിന്റേത്. ശരിയായ സാമ്പത്തിക നയങ്ങള്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ കൃത്യമായ ധാരണയും, മികച്ച രാഷ്ട്രീയ ബോധവുമുള്ള ഭരണാധികാരികള്‍ വരണം. അല്ലാത്തപക്ഷം പ്രായോഗികതയ്ക്ക് പ്രാധാന്യം നല്‍കുന്ന സാമ്പത്തിക ശാസ്ത്രജ്ഞരുടെ സംഘം ഉണ്ടാക്കി നയങ്ങള്‍ക്ക് രൂപം നല്‍കണം. നോട്ട് നിരോധനം വിജയകരമായ രാഷ്ട്രീയ അട്ടിമറി ആയിരുന്നെന്ന ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഗൈ സോര്‍മന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്. കയ്യടി നേടാന്‍ എന്തെങ്കിലും ചെയ്തിട്ട് കാര്യമില്ല. സ്വീഡന്‍, ഡെന്‍മാര്‍ക്ക് പോലെ സാക്ഷരതയിലും, വികസനത്തിലും ഉത്തുംഗശൃംഗത്തില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ നടപ്പാകുന്ന നയങ്ങളല്ല ഇന്ത്യയ്ക്കാവശ്യം. ഇരിക്കുന്നതിന് മുന്നേ കാലു നീട്ടിയാല്‍ ശരിയാവില്ലല്ലോ? ഘട്ടം ഘട്ടമായി ചെയ്യേണ്ട കാര്യങ്ങള്‍ അങ്ങനെ തന്നെയാവണം. അല്ലെങ്കില്‍ തകര്‍ന്നടിയുന്നത് കോടിക്കണക്കിന് വരുന്ന സാമാന്യ ജനങ്ങളാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here