കക്കാട് വൈൻസിൽ മദ്യമിറക്കുന്നത് തടഞ്ഞു; മാഹിയിൽ ഇന്ന് ഹർത്താൽ

കക്കാട് വൈൻസിൽ മദ്യമിറക്കാൻ ശ്രമിച്ച ചുമട്ടുകാരെ ജനകീയ കൂട്ടായ്മ തടഞ്ഞതിൽ പ്രതിഷേധിച്ച് ഇന്ന് മാഹിയിൽ ഹർത്താൽ. അനധികൃതമായി ബാർ തുറക്കാൻ ശ്രമിക്കുന്ന കക്കാട് വൈൻസിന് മുന്നിൽ ദിവസങ്ങളായി ജനകീയ കൂട്ടായ്മ സത്യഗ്രഹ സമരമിരിക്കുകയാണ്. ഇത് വകവയ്ക്കാതെ മദ്യമിറക്കാൻ ശ്രമിച്ചതാതോടെയാണ് തൊഴിലാളികളെ സമരക്കാർ തടഞ്ഞത്. ഇതിന്റെ പേരിലാണ് ഇന്ന് മാഹിയിൽ ചുമട്ടുതൊഴിലാളികൾ ഹർത്താൽ നടത്തുന്നത്.
മാഹി റെയിൽവേസ്റ്റേഷനും സെമിത്തേരി റോഡിനുമിടയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് കക്കാട് വൈൻസ് പ്രവർത്തിക്കാൻ തയ്യാറെടുക്കുന്നത്. ഇതിനെതിരെ കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശ വാസികൾ സത്യാഗ്രഹ സമരത്തിലാണ്.
അറുപതോളം മദ്യഷാപ്പുകളുണ്ടായിരുന്ന മാഹിയിൽ നിലവിൽ ആകെ ഉള്ളത് പഴയ റിഗൻസി ബാറും ഒരു റീട്ടെയിൽ ഔട്ട്‌ലറ്റും മാത്രമാണ്. ഹൈവേയിൽനിന്ന് 500 മീറ്ററിനുള്ളിൽ മദ്യഷാപ്പുകൾ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മറ്റ് ബാറുകളെല്ലാം പൂട്ടുകയായിരുന്നു. എന്നാൽ തുടർന്ന് മാറ്റി സ്ഥാപിക്കാൻ ശ്രമിച്ച കക്കാട് വൈൻ, മാവേലി വൈൻസ് എന്നിവയ്ക്ക് മുന്നിൽ പ്രതിഷേധവുമായി ജനകീയ കൂട്ടായ്മ രംഗത്തെത്തി.
മാഹിയിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ ഉൾപ്പെട്ട കൂട്ടായ്മയുടെ സത്യാഗ്രഹ സമരത്തെ തുടർന്ന് മാവേലി വൈൻ അടച്ച് പൂട്ടിയെങ്കിലും കക്കാട് വൈൻസിന് മുന്നിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. കക്കാട് വൈൻസിന് മുന്നിൽ മദ്യം ഇറക്കി വയ്ക്കാൻ ശ്രമിച്ച ചുമട്ടുതൊഴിലാളികളെ ജനകീയ കൂട്ടായ്മ തടഞ്ഞതിന്റെ പേരിലാണ് ഹർത്താൽ സംഘടിപ്പിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here