സെൻകുമാറിനെ നീരീക്ഷിക്കാനാണോ തച്ചങ്കരിയെന്ന് ഹൈകോടതി

ടോമിൻ തച്ചങ്കരിക്കെതിരായ ആരോപണങ്ങളിൽ സർക്കാർ പ്രതികരിക്കണമെന്ന് ഹൈക്കോടതി. തച്ചങ്കിരിയ്‌ക്കെതിരായ ആരോപണങ്ങളിൽ സർക്കാർ വിശദീകരണം നൽകണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റീസ്. സെൻകുമാറിനെ നീരീക്ഷിക്കാനാണോ തച്ചങ്കരിയെ സർക്കാർ നിയമിച്ചിരിക്കുന്നതെന്നും വിശദീകരിക്കണമെന്നുമാണ് കോടതി ആവശ്യപ്പെട്ടത്.
സെൻകുമാറിനെ ഡിജിപിയായി തിരികെ നിയമിക്കുന്നതിന് മുൻപ് പോലീസിൽ നടത്തിയ കൂട്ട സ്ഥലം മാറ്റം റദ്ദാക്കണമെന്ന പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. വിജിലൻസ് ഡയറക്ടറെ സസ്‌പെന്റ് ചെയ്യണം എന്ന് നിർദ്ദേശിച്ച ഉദ്യോഗസ്ഥനാണ് ഹെഡ്ക്വാർട്ടേഴ്‌സ് ഐ ജി സ്ഥാനത്തിരിക്കുന്ന തെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നതെന്ന് ചീഫ് ജസ്റ്റീസ് വാദത്തിനിടെ ചൂണ്ടിക്കാട്ടി. കേസുകളിൽ തച്ചങ്കരി പ്രഥമ ദൃഷ്ട്യാ ആരോപണം നേരിടുന്ന വ്യക്തിയാണെന്ന ഹർജി ഭാഗത്തിന്റെ ആരോപണങ്ങളും പരിഗണിച്ചു കൊണ്ടാണ് വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകിയത്.
ടോമിൻ തച്ചങ്കരിയെ സംബന്ധിക്കുന്നതായ ആവശ്യങ്ങൾ ഒന്നും പരാതിക്കാരൻ ഹർജിയിൽ ഉന്നയിക്കുന്നില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞെങ്കിലും അത് കണക്കിലെടുക്കാതെയാണ് തച്ചങ്കരിയെക്കുറിച്ച് വിശദീകരിക്കാൻ ചീഫ് ജസ്റ്റീസ് നിർദ്ദേശിച്ചത് അതേ സമയം കൂട്ടസ്ഥലം മാറ്റം റദ്ദാക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ കോടതി തയ്യാറായതുമില്ല. സ്ഥലം മാറ്റത്തിൽ പൊതുതാൽപ്പര്യം ഇല്ലെന്നും ഹർജിക്കാരന് ഇടപെടാൻ അവകാശമില്ലെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here