മാങ്ങ പറിച്ചതിന് ബീഹാറിൽ പെൺകുട്ടിയെ തോട്ടമുടമ തല്ലിക്കൊന്നു

അനുവാദം ചോദിക്കാതെ തോട്ടത്തിൽനിന്ന് മാങ്ങ പറിച്ച പെൺകുട്ടിയെ ഉടമ മർദ്ദിച്ചുകൊന്നു. എട്ട വയസ്സുകാരി അമിറുൻ ഖാതുൻ ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. ബീഹാറിലെ അരാരിയ ജില്ലയിലെ ഇബ്രാഹിം സഹി എന്ന ആളുടെ മകളാണ് കൊല്ലപ്പെട്ട അമിറുൻ ഖാതുൻ.
പിതാവിനൊപ്പം പെരുന്നാൾ സാധനങ്ങൾ വാങ്ങി വരികയായിരുന്ന പെൺകുട്ടി തോട്ടത്തിൽ നിന്ന് മാങ്ങ പറിയ്ക്കണമെന്ന് ആവശ്യപ്പെട്ടു. മകളെ തോട്ടത്തിൽ പോയി മാങ്ങ പറിയ്ക്കാൻ അനുവാദം നൽകി പിതാവ് വീട്ടിലേയ്ക്ക് നടന്നു. മകള്ക്ക് വഴി അറിയാമെന്നും അവൾ വീട്ടിലേക്കെത്തിക്കൊള്ളുമെന്നുമാണ് ഇബ്രാഹിം കരുതിയത്. എന്നാൽ മകൾ മടങ്ങി വരാതെ ആയതോടെ അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് മകൾ തോട്ടത്തില് മരിച്ച് കിടക്കുന്നത് കാണുന്നത്.
രക്തത്തിൽ കുളിച്ച് കിടക്കുന്ന പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. ഷോക്കേറ്റിരുന്നതായാണ് പ്രാഥമിക വിവരം. തോട്ടമുടമ സഞ്ജയ് മേഹ്തയും സഹായിയുമാണ് തന്റെ മകളെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് ഇബ്രാഹിം സാഫി പോലീസിന് പരാതി നൽകി. സംഭവത്തിൽ പോലീസ് കേസെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാക്കാനാവൂ എന്ന് ബസ്മതിയ പോലീസ് സ്‌റ്റേഷൻ ഓഫീസർ സദാനന്ദ് ഷാ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here