മലക്കം മറിഞ്ഞ് ഗണേഷ്; അമ്മ പിരിച്ചുവിടണമെന്ന് ഇന്നസെന്റിന് കത്ത്

അമ്മ വാർഷിക യോഗത്തിൽനിന്ന് വ്യത്യസ്തമായി സംഘടനയ്ക്കെതിരെ കെ ബി ഗണേഷ് കുമാർ എംഎൽഎ. സംഘടനയെ വിമർശിച്ച് ഗണേഷ്കുമാർ ഇന്നസെന്റിന് കത്തയച്ചു. യോഗത്തിൽ നടിയെ ആക്രമിച്ച വിഷയത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകർക്കെതിരെ ക്ഷോഭിച്ച ഗണേഷ് അതേസമയം കത്തിൽ മലക്കം മറിഞ്ഞിരിക്കുകയാണ്.
നടിക്ക് ക്രൂരമായ അനുഭവം ഉണ്ടായപ്പോൾ താരസംഘടന മൗനം പാലിച്ചു. വിഷയത്തിൽ അമ്മ ഗൗരവമായി ഇടപെട്ടില്ല. അമ്മയുടെ നേതൃത്വം തിരശീലയ്ക്ക് പിന്നിലൊളിച്ചു. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവർത്തകയുടെ ആത്മാഭിമാനമാണെന്ന് ഓർക്കണമെന്നും ഗണേഷ് അമ്മയ്ക്കെഴുതിയ കത്തിൽ പറയുന്നു.
അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് താരങ്ങൾ എല്ലാവരും അവരവരുടെ കാര്യം നോക്കണം. ദിലീപിനെ വേട്ടയാടിയപ്പോൾ അമ്മ നിസംഗത പാലിച്ചു. പ്രസിഡന്റ് ഇന്നസെന്റിനോട് ഈ വിഷയത്തിൽ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നിലപാട് സ്വീകരിച്ചില്ല. മമ്മൂട്ടിയുടെ വീട്ടിൽ പേരിന് യോഗം ചേർന്ന് ഒരു തിരക്കഥാകൃത്തിനെ കൊണ്ട് പ്രസ്താവന പുറപ്പെടുവിക്കുകയാണ് ചെയ്തതെന്നും പ്രസിഡന്റ് ഇന്നസെന്റിന് എഴുതിയ 13 പേജുളള കത്തിൽ ഗണേഷ്കുമാർ വിശദമാക്കുന്നു.
അമ്മ പ്രസിഡന്റും എം പിയുമായ ഇന്നസെന്റിനെയും ഗണേഷ് കത്തിലൂടെ വിമർശിക്കുന്നു. അമ്മ വാർഷിക യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയായ കെ ബി ഗണേഷ് കുമാർ മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ചിരുന്നു. ജനറൽ സെക്രട്ടറി മമ്മൂട്ടിയും വൈസ് പ്രസിഡന്റ് മോഹൻലാലും വേദിയിലിരിക്കേയാണ് മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് മുകേഷും ഗണേഷും എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here