ചോദ്യം ചെയ്യലിന് ഹാജരാകാതെ വൈകിപ്പിക്കാൻ ശ്രമം; ലക്ഷ്യം മുൻകൂർ ജാമ്യം

ദിലീപും കൂട്ടരും ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാതെ രണ്ടു ദിവസം കൂടി നീട്ടാൻ ശ്രമം. ഇതിനായി എറണാകുളത്തെ അഭിഭാഷകൻ ശ്രമം തുടങ്ങി. മുൻകൂർ ജാമ്യം തേടാൻ രണ്ടു ദിവസം കൂടി സാവകാശം വേണ്ടി വന്നേക്കും. ആ തീയതിയുമായി ഒത്തു വരുന്നതിനായാണ് പുതിയ നീക്കം.
ഇന്ന് മൂന്ന് മണിയോടെ ചോദ്യം ചെയ്യലിന് ഹാജരായാൽ കഴിഞ്ഞ ദിവസത്തെ പോലെ രാത്രി വരെ നീണ്ടു പോകും. രാത്രിയോടെ കാര്യങ്ങളിൽ വ്യക്തത വരുന്നില്ല എങ്കിൽ പോലീസ് സമ്മർദ്ദത്തിലാകും. കൂട്ടത്തിൽ സ്ത്രീകൾ കൂടി ഉള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്താതെ അന്വേഷണം തുടരാനോ അവരെ കസ്റ്റഡിയിൽ വയ്ക്ക്കാനോ പോലീസ് തയ്യാറാകില്ല. അങ്ങനെ ആയാൽ മുൻകൂർ ജാമ്യത്തിനുള്ള സാധ്യത അടയും. ഇനി അറസ്റ്റിലായാൽ തന്നെ കേസിൽ ജാമ്യം നേടുകയും എളുപ്പമാകില്ല. പൊതുസമൂഹം ഉറ്റുനോക്കുന്ന കേസിൽ തലനാരിഴ കീറിയാകും ജാമ്യവാദം. അതുകൊണ്ടു തന്നെ മുൻകൂർ ജാമ്യത്തിനാകും മുൻഗണന നൽകുന്നത്.
ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന നടൻ ദിലീപും , സംവിധായകൻ നാദിർഷായും മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി. എറണാകുളത്തെ മുതിർന്ന അഭിഭാഷകരെ ഇതിനായി ഇരുവരും സമീപിച്ചു. രണ്ടു പേരും രണ്ടായി തന്നെയാണ് നിയമ പരിരക്ഷയ്ക്കായി ശ്രമിക്കുന്നത്. എറണാകുളം സെഷൻസ് കോടതിയിൽ ആദ്യം ജാമ്യത്തിന് ശ്രമിക്കും. അവിടെ നിന്നും അപേക്ഷ തള്ളിയാൽ ഹൈക്കോടതിയിലേക്ക് നീങ്ങും. അത് മുൻകൂട്ടിക്കണ്ട് രണ്ട് ഹൈക്കോടതി അഭിഭാഷകരെയാണ് ഇതിനായി ഹാജരാകാൻ ഇരുവരും തിരഞ്ഞെടുത്തത്.
പോലീസ് ഈ സമയം കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ തിരക്കിലാണ്. ഇന്ന് ജയിലിലും പരിശോധനകൾ നടത്തുകയാണ്. മെമ്മറി കാർഡിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിലെ ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കി. ഫോൺ കാളുകൾ സംബന്ധിച്ച ഫോറൻസിക്ക് പരിശോധനകൾ പുരോഗമിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here