കൊലപാതകത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് പ്രതി മണിക്കുട്ടൻ പോലീസിന് മൊഴി നൽകി

ശ്രീകാര്യത്തെ ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കൊല്ലപ്പെട്ട കേസിൽ ആർഎസ്എസ് പ്രവർത്തകനും നിരവധി ക്രമിനൽ കേസുകളിലെ പ്രതിയുമുൾപടെ 8 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 10 പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിന് മുഖ്യപങ്കുവഹിച്ച മണികണ്ഠൻ എന്ന മണിക്കുട്ടൻ 18 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. 2008ൽ എൽഡിഎഫ് ഭരണകാലത്ത് മണികണ്ഠനെതിരെ കാപ്പ ചുമത്തിയിരുന്നു. സിപിഐ എം മുൻ ചെറുവയ്ക്കൽ ലോക്കൽ സെക്രട്ടറി എൽ എസ് സാജുവിന്റെ വീട് രണ്ട് തവണ ആക്രമിച്ച കേസിലെ പ്രതിയാണ് മണിക്കുട്ടൻ. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും വ്യക്തിപരമായ പകപോക്കലും കുടിപ്പകയുമാണ് സംഭവത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിന് കാരണം വ്യക്തി വൈരാഗ്യം ആണെന്നും രാഷ്ട്രീയം ഇല്ലെന്നും മണിക്കുട്ടൻ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. അതേ സമയം പ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കില്ല.
കൊലപാതകത്തിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പന്നിയോടിനടുത്ത് പുലിപ്പാറയിൽ നിന്ന് ഞായറാഴ്ച രാവിലെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മണിക്കുട്ടൻ, എബി, വിജിത്ത് എന്നിവരെയും ഇവരെ സഹായിച്ച മൂന്ന് പേരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതികളെ സഹായിച്ചവരിൽ കസ്റ്റഡിയിലായ കുറ്റിയാണിക്കാട് സ്വദേശി ഡിങ്കൻ വിഷ്ണു ആർഎസ്എസിന്റെ സജീവ പ്രവർത്തകനാണ്. സിപിഐ എം പ്രവർത്തകൻ അമ്പലത്തിൻകാല അശോകൻ വധകേസിലെ പ്രതികളായ ആർഎസ്എസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് വിഷ്ണു. കസ്റ്റഡിയിലായ മറ്റ് രണ്ട് പേർ മണിക്കുട്ടന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഇവരെ പോലീസ് ചോദ്യം ചെയ്തു. പ്രതികൾ സഞ്ചരിച്ച രണ്ട് ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here