മലയാള ഭാഷ നിർബന്ധമാക്കുന്നത് ഭാഷാന്യൂനപക്ഷങ്ങളെ ഹനിക്കില്ലെന്ന് മുഖ്യമന്ത്രി

സ്‌കൂളുകളിൽ മലയാളഭാഷാ പഠനം നിർബന്ധമാക്കുന്നതുകൊണ്ട് ഭാഷാന്യൂനപക്ഷങ്ങളുടെ താല്പര്യം ഒരുവിധത്തിലും ഹനിക്കപ്പെടുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിൽ ബോധനമാധ്യമം തമിഴോ കന്നഡയോ ആയി തുടരും. മലയാളം ഉപഭാഷയായി പഠിക്കണമെന്നേ നിർദേശിക്കുന്നുളളൂ.
കേരളത്തിൽ ജനിച്ചുവളരുന്ന കുട്ടികൾ മലയാളം കൂടി പഠിക്കുന്നത് അവരുടെ ഭാവിക്ക് നല്ലതാണ്. ഭാഷാന്യൂനപക്ഷങ്ങളുടെ താല്പര്യം പൂർണമായി സംരക്ഷിച്ചുകൊണ്ടാണ് മലയാള ഭാഷാനിയമം നടപ്പാക്കാന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനത്തെ തമിഴ്, കന്നഡ ഭാഷാന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കും. കേരളത്തിലെ കന്നഡ, തമിഴ് വംശജർക്ക് ജാതി സർട്ടിഫിക്കറ്റ് കിട്ടാനുളള പ്രശ്‌നങ്ങൾ പരിഹരിക്കും. ഭാഷാന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് പ്ലസ്റ്റു തലത്തിൽ അവരവരുടെ ഭാഷയിൽ ചോദ്യങ്ങൾ ലഭ്യമാക്കുവാനും പരീക്ഷ എഴുതുവാനുമുളള അവസരം നൽകും.
മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന പി.എസ്.സി മാതൃകാ ചോദ്യങ്ങൾ ഇംഗ്ലീഷിൽ കൂടി പ്രസിദ്ധീകരിക്കും. ഭാഷാന്യൂനപക്ഷപ്രദേശങ്ങളിലെ താലൂക്കോഫീസിൽ അതാതിടത്തെ ന്യൂനപക്ഷഭാഷ അറിയുന്ന ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here