മെഡിക്കൽ കോളേജ് കോഴ; ലോകായുക്ത അന്വേഷിക്കും

കോഴ വാങ്ങിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിന്റെയും സഹകരണ സെൽ മുൻ കൺവീനർ ആർ എസ് വിനോദിന്റെയും പങ്ക് ലോകായുക്ത നേരിട്ട് അന്വേഷിക്കും. പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടാണിത്. ഇരുവർക്കും ലോകായുക്ത നോട്ടീസയച്ചു.
കോഴ സ്ഥിരീകരിച്ച ബിജെപി അന്വേഷണറിപ്പോർട്ടിന്റെ ഒറിജിനൽ ഹാജരാക്കാനും ഉത്തരവിട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ മൊഴിയെടുക്കാനും ലോകായുക്ത തീരുമാനിച്ചു. 30ന് ഹാജരാകാൻ കുമ്മനത്തിന് നോട്ടീസയക്കും. തൃശൂർ വരന്തരപ്പിള്ളിയിലെ ടി എൻ മുകുന്ദനാണ് ലോകായുക്തയിൽ പരാതി നൽകിയത്.
ബിജെപി നിയോഗിച്ച രണ്ടംഗ അന്വേഷണ കമീഷനാണ് എം ടി രമേശ്, ആർ എസ് വിനോദ് അടക്കമുള്ള നേതാക്കളുടെ അഴിമതി പുറത്തുകൊണ്ടുവന്നത്. വർക്കല ആർ എസ് മെഡിക്കൽകോളേജിന് അനുമതി ലഭിക്കാനായി 5.6 കോടി രൂപ ബിജെപി നേതാക്കൾക്ക് നൽകിയെന്നാണ് പരാതി. ഇതോടൊപ്പം ചെർപ്പുളശേരിയിൽ തുടങ്ങാനിരുന്ന കേരള മെഡിക്കൽകോളേജിന് അനുമതി ലഭിക്കാൻ അഞ്ചുകോടി രൂപ കോഴ വാങ്ങിയെന്നും പരാതിയുണ്ട്.
നേതാക്കളുടെ ബിനാമിയായ സതീഷ്‌നായർക്ക് പണം കൈമാറിയെന്ന് കോളേജ് ഉടമ ആർ ഷാജിയും പണം കൈപ്പറ്റിയെന്ന് വിനോദും വിജിലൻസിന് മൊഴി നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here