സംഗീത സംവിധായകനെന്ന പേരിൽ പണം തട്ടി; മക്കളെ അഭിനയിപ്പിക്കാൻ പെരുമ്പാവൂരുകാരൻ നൽകിയത് 14 ലക്ഷം രൂപ

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി 14 ലക്ഷം തട്ടിയെടുത്ത കേസിൽ അന്വേഷിക്കാൻ ഉത്തരവ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് ഉത്തരവ് ഇറക്കിയത്. ഡിവൈഎസ്പിയിൽ കുറയാത്ത സീനിയർ ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷിക്കണമെന്നാണ് ഉത്തരവ്.
പെരുമ്പാവൂരിലെ പമ്പിൽ ജീവനക്കാരനായ അങ്കമാലി നായത്തോട്ടുകരയിൽ കെ കെ ഗോപകുമാർ നൽകിയ പരാതിയിലാണ് കേസ്. എറണാകുളം ചീരക്കാട്ടുപാറ മുരിങ്ങോലിപ്പറമ്പിൽ എം കെ വേണുഗോപാലിനെതിരെയാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്.
ഗോപകുമാറിന്റെ കലാകാരികളായ പെൺമക്കളെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയാണ് വേണുഗോപാൽ പണം തട്ടിയെടുത്തത്. സംഗീത സംവിധായകനെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ ഇടയ്ക്കിടയ്ക്കായി പലവിധ കാരണങ്ങൾ പറഞ്ഞ് 14,24000 രൂപ തട്ടിയെടുക്കുകയായിരുന്നു.
വഞ്ചിക്കപ്പെട്ടുവെന്നറിഞ്ഞ് അന്വേഷിക്കാൻ ചീരക്കാട്ടുപാറയിലെ വീട്ടിലെത്തിയ തന്നെയും സുഹൃത്തിനെയും വേണുഗോപാലിന്റെ മകൻ ശാരീരികമായി ഉപദ്രവിച്ചുവെന്ന് പരാതിയിൽ ഗോപകുമാർ പറഞ്ഞു. പിറവം പോലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും സാമ്പത്തികമായി തകർന്ന തന്റെ കുടുംബം ഇപ്പോൾ വാടക വീട്ടിലാണെന്നും ഗോപകുമാർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here