ഇന്ന് #ഇന്ത്യ_വിലപിക്കട്ടെ

ജിതിരാജ്
ഇന്ന് ഇന്ത്യയുടെ എഴുപത്തൊന്നാം സ്വാതന്ത്ര്യ ദിനമാണ്. സ്വാതന്ത്ര്യ ദിനം. രാജ്യം ഈ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ്; ആഘോഷിക്കുകയാണ്. ഇഷ്ടമുള്ള ആഹാരം കഴിച്ചും, ഇഷ്ടമുള്ള മതത്തിൽ വിശ്വസിച്ചും, ഇഷ്ടമുള്ള വസ്ത്രം ധരിച്ചും, ഇഷ്ടമുള്ള ചിത്രം വരച്ചും, ഇഷ്ടമുള്ള കഥകൾ പറഞ്ഞും കേട്ടും കണ്ടും, സ്വകാര്യതയും ചികിത്സാ സ്വാതന്ത്ര്യവുമടക്കം ഭരണഘടന ഉറപ്പ് നൽകുന്ന എല്ലാ സ്വാതന്ത്ര്യവും നൂറ് ശതമാനം അരക്കിട്ടുറപ്പിച്ചും ആഘോഷിക്കുകയാണ് ഇന്ത്യ 70 വർഷങ്ങൾക്ക് മുമ്പ് ലഭിച്ച ഈ സ്വാതന്ത്ര്യം.
ശ്വസിക്കാൻ വായുവില്ലാതെ ആശുപത്രിയിൽ പിടഞ്ഞ് പിടഞ്ഞ് ഒരു കുഞ്ഞുപോലും ഇതുവരെ ഇന്ത്യയിൽ മരിച്ചിട്ടില്ല. ഗൊരഖ്പൂരിലെ 74 കുട്ടികളും അവരവരുടെ വീട്ടിൽ ഉണ്ണുകയും ഉറങ്ങുകയും കളിച്ചുല്ലസിക്കുകയുമാണ്.
രാജ്യത്തെ എല്ലാവർക്കും ജാതി മത ഭേദമന്യേ എപ്പോഴും ആമ്പുലൻസ് നൽകാൻ ആശുപത്രികളുണ്ട്. അവർ എപ്പോഴും കർമ്മ നിരതരാണ്. അസുഖ ബാധിതരായ കുട്ടികളെ ഒരിക്കലും ആംബുലൻസില്ലാതെ സ്ട്രക്ചറിൽ നടുറോഡിലൂടെ കൊണ്ടുപോകേണ്ടി വന്നിട്ടില്ല ഒരു അച്ഛനും അമ്മയ്ക്കും.
കൊച്ചുകുഞ്ഞുങ്ങൾ മരിച്ചുവീഴുമ്പോഴും പ്രസംഗിച്ച് പരിതപിക്കുന്ന പ്രധാനമന്ത്രിയല്ല ഇന്ത്യയുടേത്. മറ്റ് രാജ്യങ്ങൾക്ക് വേണ്ടി ട്വിറ്ററിലൂടെ അദ്ദേഹം കണ്ണീരുവാർക്കാറില്ല. ഉപരാഷ്ട്രപതി പദവി ഒഴിഞ്ഞ് രണ്ടാം ദിവസം അദ്ദേഹത്തൊട് മറ്റ് രാജ്യത്തേക്ക് സ്ഥലം വിട്ടോളാൻ പറയുന്ന സംഘടനകൾ എന്തെന്ന് പോലും ഇന്ത്യയ്ക്ക് അറിയില്ല….
ഇന്ത്യയിൽ മനുഷ്യർക്ക് ദൈവങ്ങളോളം വിലയുണ്ട്. ഈ രാജ്യത്ത് ആരേയും പശുവിന്റെയോ പട്ടിയുടെയോ പൂച്ചയുടെയോ പേര് പറഞ്ഞ് കൊല്ലാറില്ല. ഒരാളും ആൾക്കൂട്ടത്തിൽ ഒറ്റപ്പെടാറില്ല. ആരും ആൾക്കൂട്ട ഭീകരതയാൽ കൊല്ലപ്പെട്ടിട്ടില്ല. ഇവിടെ അഖ്ലാഖില്ല. ഗോവിന്ദ് പൻസാരയും എം എം കൽബുർഗിയുമില്ല. ഇവിടെ രാഷ്ട്രപിതാവിന്റെ ഘാതകൻ ആഘോഷിക്കപ്പെടുന്നില്ല.
ഇഷ്ട ഭക്ഷണം കഴിച്ചതിന്റെ പേരിൽ ഒരാളും ട്രെയിനിൽ കൊല്ലപ്പെട്ടിട്ടില്ല. മരിച്ചാൽ തന്നെ അവന്റെ പേര് ജുനൈദ് എന്നല്ല. കശാപ്പിന് നിരോധനം ഏർപ്പെടുത്തിയ രാജ്യമല്ല ഇന്ത്യ. ഇന്ത്യയിൽ ആർക്കും തന്റെ തൊഴിൽ ചെയ്യാൻ ഒരു തടസ്സവുമില്ല.
ഒരു സർവ്വകലാശാലയിലും വിദ്യാർത്ഥികൾക്കെതിരെ ഗൂഢാലോചനകൾ നടക്കുന്നില്ല. ജാതിയുടെ പേരിൽ ഒരു വിദ്യാർത്ഥിയ്ക്കും സ്വപ്നങ്ങൾ കടലാസിൽ പകർത്തി ഒരു കയറിനപ്പുറം ഓടിമറയേണ്ടി വന്നിട്ടില്ല. ഇന്ത്യയിൽ രോഹിത് വെമുല എന്ന ഒരാൾ ജനിച്ചിട്ടേയില്ല.
ഇല്ല, ഇന്ത്യയിൽ ഒരു പ്രശ്നവുമില്ല. ഞങ്ങൾക്ക് എന്നും ആഘോഷമാണ്. എന്നും സ്വാതന്ത്ര്യമാണ്. എന്നും സ്വതന്ത്രരായി കഴിയുന്ന ഞങ്ങൾ എന്തിന് ഇന്ന് സ്വാതന്ത്ര്യം ആഘോഷിക്കണം. ഇല്ല, ഈ സ്വാതന്ത്ര്യം ആഘോഷിക്കാൻ ഞങ്ങളില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here